1 April 2023 1:58 PM IST
Summary
- എഐ ചാറ്റ്‌ബോട്ടുകളെ പല മേഖകളിലും ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
ഓപ്പണ്‍ എഐ എന്ന കമ്പനിയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിറ്റി വന്നതിന് പിന്നാലെ ടെക്ക് ഭീമന്മാരെല്ലാം സ്വന്തം ചാറ്റ് ബോട്ട് വികസിപ്പിക്കുകയാണ്. പല കമ്പനികളിലും ചാറ്റ് ജിപിറ്റി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാലിപ്പോള്‍ എഐ ഉപയോഗിച്ചുള്ള സംവിധാനം മനുഷ്യരാശിയ്ക്ക് ഭീഷണിയായേക്കാമെന്ന ടെക്ക് വിദഗ്ധരുടെ കത്ത് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക് ഉള്‍പ്പടെ 1000ല്‍ അധികം ആളുകളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ എഐ ലാബുകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ആറ് മാസത്തേക്ക് നിറുത്തണമെന്നുള്ളതാണ് പ്രധാന ആവശ്യം.
ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ സ്വന്തം എഐ ചാറ്റ്‌ബോട്ട് സൃഷ്ടക്കാന്‍ ചുവടുവെപ്പുകള്‍ എടുത്തിരിക്കുന്ന സമയത്താണ് കത്ത് പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ബാര്‍ഡ് എന്നാണ് ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടിന്റെ പേര്. അടുത്തിടെയാണ് ബാര്‍ഡ് പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധം ക്രമീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു.
ചാറ്റ് ജിപിറ്റി പകര്‍ത്തിയാണ് ബാര്‍ഡ് ചാറ്റ് ബോട്ടിനെ പരിശീലിപ്പിച്ചത് എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. കമ്പനിയുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലെ രണ്ട് എഐ ഗവേഷണ സംഘങ്ങളാണ്് ബാര്‍ഡിന് പരിശീലനം നല്‍കാന്‍ സഹായിച്ചതെന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളിലുണ്ട്.
ഇതില്‍ ഗൂഗിളിന്റെ ബ്രെയിന്‍ എഐ ഗ്രൂപ്പിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍മാരും ഡീപ്മൈന്‍ഡിലെ വിദഗ്ധരുമുണ്ട്. ചാറ്റ് ജിപിറ്റിയില്‍ നിന്നുള്ള ഒരു വിവരങ്ങളും ബാര്‍ഡിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.