image

24 Jun 2023 11:03 AM GMT

Technology

മസ്‌ക്-സക്കര്‍ബെര്‍ഗ് ഏറ്റുമുട്ടല്‍: പ്രതീക്ഷിക്കുന്ന വരുമാനം 1 ബില്യന്‍ ഡോളര്‍

MyFin Desk

മസ്‌ക്-സക്കര്‍ബെര്‍ഗ് ഏറ്റുമുട്ടല്‍: പ്രതീക്ഷിക്കുന്ന വരുമാനം 1 ബില്യന്‍ ഡോളര്‍
X

Summary

  • ഇരുവരും തമ്മിലുള്ള ഫൈറ്റ് എങ്ങനെ സംഘടിപ്പിക്കാമെന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്യുകയാണെന്നു ഡാനാ വൈറ്റ് പറഞ്ഞു
  • ഇതുവരെയുള്ള എല്ലാ പേ-പെര്‍-വ്യു റെക്കോഡുകളും തകര്‍ക്കാന്‍ ശേഷിയുള്ളതായിരിക്കും മസ്‌കിന്റെയും സക്കര്‍ബെര്‍ഗിന്റെയും കേജ്ഡ് ഫൈറ്റിങ്
  • മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്, ജു-ജിറ്റ്‌സു തുടങ്ങിയ ആയോധനകലകളില്‍ പ്രാവീണ്യമുള്ളയാളാണ് സക്കര്‍ബെര്‍ഗ്


ലോകത്തിലെ രണ്ട് ശതകോടീശ്വരന്മാരാണ് ഇലോണ്‍ മസ്‌കും മാര്‍ക് സക്കര്‍ബെര്‍ഗും. ഇരുവരും രണ്ട് പ്രമുഖ ടെക് കമ്പനികളുടെ സിഇഒമാരുമാണ്. മാര്‍ക് സക്കര്‍ബെര്‍ഗ് 39 കാരനും, മസ്‌ക് 52 കാരനുമാണ്.

ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് ഇരുവരും തമ്മിലുള്ള ' കേജ്ഡ് ഫൈറ്റിങ് ' ആണ്.

കഴിഞ്ഞ ദിവസം മസ്‌ക് ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടത് താന്‍ സക്കര്‍ബെര്‍ഗുമായി ഇടിമത്സരത്തിന് തയാറെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത സക്കര്‍ബെര്‍ഗ് സ്ഥലം നിശ്ചയിക്കാന്‍ നിര്‍ദേശിച്ചു.

വേഗസ് ഒക്ടഗണ്‍ എന്ന മത്സരവേദിയുടെ പേരാണ് ഇതിന് മറുപടിയായി മസ്‌ക് നല്‍കിയത്.

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്, ജു-ജിറ്റ്‌സു തുടങ്ങിയ ആയോധനകലകളില്‍ പ്രാവീണ്യമുള്ളയാളാണ് സക്കര്‍ബെര്‍ഗ്.

കഴിഞ്ഞ ദിവസം ലാസ് വേഗാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രൊമോഷന്‍ കമ്പനിയായ അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാംപ്യന്‍ഷിപ്പ് (യുഎഫ്‌സി) പ്രസിഡന്റ് ഡാനാ വൈറ്റ് പ്രമുഖരായ ടിഎംഇസഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞത് ' കേജ്ഡ് ഫൈറ്റിങിനോട് ' ഇരുവര്‍ക്കും താല്‍പര്യമുണ്ടെന്നായിരുന്നു. മസ്‌കിനോടും സക്കര്‍ബെര്‍ഗിനോടും താന്‍ ഇക്കാര്യം സംസാരിച്ചിരുന്നെന്നും ഡാനാ വൈറ്റ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള ഫൈറ്റ് എങ്ങനെ സംഘടിപ്പിക്കാമെന്നതിനെ കുറിച്ച് താന്‍ പ്ലാന്‍ ചെയ്യുകയാണെന്നും ഡാനാ വൈറ്റ് പറഞ്ഞു.

യുഎഫ്‌സിയുടെ സ്റ്റാന്‍ഡേര്‍ഡ് പേ-പെര്‍-വ്യു (pay-per-view) 80 ഡോളറാണ്. മസ്‌കും-സക്കര്‍ബെര്‍ഗും ഏറ്റുമുട്ടുകയാണെങ്കില്‍ താന്‍ 100 ഡോളറെങ്കിലും പേ-പെര്‍-വ്യു ആയി ഈടാക്കുമെന്ന് ഡാനാ വൈറ്റ് പറഞ്ഞു.

ഇതുവരെയുള്ള എല്ലാ പേ-പെര്‍-വ്യു റെക്കോഡുകളും തകര്‍ക്കാന്‍ ശേഷിയുള്ളതായിരിക്കും മസ്‌കിന്റെയും സക്കര്‍ബെര്‍ഗിന്റെയും പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

2017-ല്‍ നടന്ന മക്ഗ്രിഗര്‍-മേ വെതര്‍ ഇടിമത്സരത്തിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 600 മില്യന്‍ ഡോളറാണ് ആ മത്സരത്തിന് ലഭിച്ചത്. ഇടിമത്സരത്തില്‍ അന്ന് മേ വെതര്‍ ജയിച്ചു. 275 മില്യന്‍ ഡോളറാണ് സമ്മാനത്തുകയായി അന്ന് മേ വെതറിന് ലഭിച്ചത്. മക്ഗ്രിഗറിന് ലഭിച്ചത് 85 മില്യന്‍ ഡോളറും. ഇപ്പോള്‍ ഇരുവരും ഏറ്റുമുട്ടുകയാണെങ്കില്‍ ഒരു ബില്യന്‍ ഡോളറെങ്കിലും പിരിഞ്ഞുകിട്ടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഇവിടെ മസ്‌ക് ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ സമ്പന്നനാണ്. സക്കര്‍ബെര്‍ഗാകട്ടെ, സമ്പന്ന പട്ടികയില്‍ പത്താം സ്ഥാനവുമാണ് അലങ്കരിക്കുന്നത്. രണ്ടു പേരുടെയും സമ്പാദ്യം ചേര്‍ത്തുവച്ചാല്‍ അത് 340 ബില്യന്‍ ഡോളറിന്റെ മൂല്യം വരും.

ഇരുവര്‍ക്കും ഈ മത്സരത്തിലൂടെ പണം സമ്പാദിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് മത്സരത്തിലൂടെ ലഭിക്കുന്ന പണം ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണെന്ന് ഡാനാ വൈറ്റ് അഭിപ്രായപ്പെട്ടു.

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് ബദല്‍ പ്ലാറ്റ്‌ഫോമുമായി രംഗത്തുവരാന്‍ പോവുകയാണ് സക്കര്‍ബെര്‍ഗ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.