image

22 Jun 2023 8:45 AM GMT

Technology

യുഎസ് പര്യടനം: ടിം കുക്ക്, സുന്ദര്‍ പിച്ചൈ, നദെല്ല എന്നിവരുമായി മോദി ചര്‍ച്ച നടത്തും

MyFin Desk

modi to hold talks with tim cook sundar pichai nadella
X

Summary

  • വൈറ്റ്ഹൗസില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാനെത്തിയ മോദി പ്രഥമ വനിത ജില്‍ ബൈഡന് 7.5 കാരറ്റ് ഗ്രീന്‍ ഡയമണ്ട് സമ്മാനിച്ചു
  • മോദിയുടെ ടെക് കമ്പനികളുടെ സിഇഒമാരുമായിട്ടുള്ള ചര്‍ച്ച ലക്ഷ്യമിടുന്നത് ടെക്‌നോളജിയുടെ കൈമാറ്റമാണ്
  • ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു


മൂന്ന് ദിവസത്തെ പര്യടനത്തിന് യുഎസ്സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍നിര ടെക്‌നോളജി കമ്പനികളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.

ആപ്പിള്‍ സിഇഒ ടിം കുക്ക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഫെഡ്എക്‌സ് സിഇഒ രാജ് സുബ്രഹ്‌മണ്യം ഉള്‍പ്പെടെയുള്ളവരുമായിട്ടാണ് മോദി ചര്‍ച്ച നടത്തുക. ജൂണ്‍ 22 വ്യാഴാഴ്ച വൈകിട്ട് വൈറ്റ് ഹൗസില്‍ വിരുന്ന് സല്‍കാരത്തിനിടയില്‍ വച്ചായിരിക്കും ഇവരുമായി കൂടിക്കാഴ്ച നടത്തുക. മൈക്രോണ്‍ സിഇഒ സഞ്ജയ് മെഹ്‌റോത്രയുടെ സാന്നിധ്യവും അത്താഴത്തിന് ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സെമി കണ്ടക്ടര്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി തന്നെ മെഹ്‌റോത്രയെ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. മാരിയറ്റ് സിഇഒ ടോണി കപുവാനോ, കമ്മിന്‍സ് സിഇഒ ജെന്നിഫര്‍ റംസി എന്നിവരും അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഇന്ത്യയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സും ഇന്ത്യയില്‍ സൈനിക ജെറ്റ് എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനായി ജനറല്‍ ഇലക്ട്രിക്കുമായി ചര്‍ച്ച നടത്തുന്നുണ്ട്.

മോദിയുടെ ടെക് കമ്പനികളുടെ സിഇഒമാരുമായിട്ടുള്ള ചര്‍ച്ച ലക്ഷ്യമിടുന്നത് ടെക്‌നോളജിയുടെ കൈമാറ്റമാണ്. അതോടൊപ്പം ചൈനയെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യവുമുണ്ട്.

ചൈനയ്ക്കും യുഎസ്സിനുമിടയില്‍ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ ശ്രമിക്കുകയാണ്. മറ്റ് ബദലുകള്‍ അവര്‍ തേടുന്നുമുണ്ട്. ഇന്ത്യയാണ് അവര്‍ ലക്ഷ്യമിടുന്നത്. സമീപകാലത്ത് ആപ്പിള്‍ രണ്ട് സ്റ്റോറുകളാണ് ഇന്ത്യയില്‍ തുറന്നത്. ടെ്‌സലയും ഇന്ത്യയിലേക്ക് വരികയാണ്.

ഇന്നലെ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ഊര്‍ജ്ജം മുതല്‍ ആത്മീയത വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം ടെസ്‌ല ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും മസ്‌ക് പറയുകയുണ്ടായി. മോദിക്ക് യുഎസ്സില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈറ്റ്ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുക്കാനെത്തിയ മോദി പ്രഥമ വനിത ജില്‍ ബൈഡന് 7.5 കാരറ്റ് ഗ്രീന്‍ ഡയമണ്ട് സമ്മാനിച്ചു. ഇതിനു പുറമെ മോദി, ജോ ബൈഡനും ഭാര്യയ്ക്കും

ചന്ദനപ്പെട്ടിയും ഒരു വെള്ളി ഗണപതി വിഗ്രഹവും, ഒരു എണ്ണവിളക്കും, 10 ചെറിയ വെള്ളി പെട്ടികളും സമ്മാനിച്ചു.