image

30 May 2023 6:10 AM GMT

Technology

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചാറ്റ്ജിപിടി ദുരുപയോഗം; ബ്ലൂടൂത്ത് ഇയര്‍ബഡിലൂടെ ഉത്തരം കണ്ടെത്തി

MyFin Desk

abuse of chat gpt in civil services exam
X

Summary

  • എഞ്ചിനീയറും 35-കാരനുമായ രമേശിനെ പെഡപ്പള്ളിയില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം തട്ടിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്.
  • ഏഴ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചാറ്റ്ജിപിടിയിലൂടെ ഉത്തരങ്ങള്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയത് രമേശായിരുന്നു
  • പരീക്ഷയെഴുതിയ ഓരോ ഉദ്യോഗാര്‍ഥിയും രമേശിന് 40 ലക്ഷം രൂപ വീതമായിരുന്നു വാഗ്ദാനം ചെയ്തത്


ചാറ്റ്ജിപിടി എന്ന നവീന സാങ്കേതികവിദ്യ വാര്‍ത്തയിലിടം നേടിയത് ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു. അനുദിന ജീവിതത്തില്‍ നിരവധി പ്രയോജനങ്ങള്‍ ചാറ്റ്ജിപിടി കൊണ്ട് നേടാനാകുമെന്നാണു പൊതുവേ വിലയിരുത്തുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയെ പക്ഷേ, ദുരുപയോഗം ചെയ്യാനും തുടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ടിഎസ്പിഎസ്സി) ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണു പരീക്ഷയെഴുതിയ ചിലര്‍ ഉത്തരം ലഭിക്കാന്‍ ജനറേറ്റീവ് എഐ ടൂളായ ചാറ്റ്ജിപിടി ദുരുപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഏഴ് പ്രതികളാണ് ഈ കേസില്‍ ഉള്ളത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും (എഇഇ), ഡിവിഷണല്‍ അക്കൗണ്ട് ഓഫീസറെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷ ടിഎസ്പിഎസ്സി ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയിരുന്നു. ഈ പരീക്ഷകളുടെ പേപ്പര്‍ ചോരുകയും, തുടര്‍ന്ന് ഉത്തരമെഴുതാന്‍ പരീക്ഷയെഴുതിയ ഏതാനും ഉദ്യോഗാര്‍ഥികള്‍ എഐ ടൂള്‍ ഉപയോഗിച്ചതായും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഇയര്‍ബഡുകള്‍ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ കണ്ടെത്തിയത്. പരീക്ഷയില്‍ ചാറ്റ്ജിപിടി ദുരുപയോഗം ചെയ്തതിന് പിടിക്കപ്പെട്ട കേസ് ഒരുപക്ഷേ, രാജ്യത്ത് തന്നെ ആദ്യമായിരിക്കും.

തെലങ്കാന സ്റ്റേറ്റ് നോര്‍ത്തേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിലെ ഡിവിഷണല്‍ എഞ്ചിനീയറും 35-കാരനുമായ രമേശിനെ പെഡപ്പള്ളിയില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തട്ടിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്.

ഈ വര്‍ഷം ജനുവരി 22-നും, ഫെബ്രുവരി 26-നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും (എഇഇ), ഡിവിഷണല്‍ അക്കൗണ്ട് ഓഫീസറെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷയെഴുതിയ ഏഴ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചാറ്റ്ജിപിടിയിലൂടെ ഉത്തരങ്ങള്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയത് രമേശായിരുന്നു. ഇയാള്‍ക്ക് പരീക്ഷ നടന്ന സെന്ററിലെ പ്രിന്‍സിപ്പല്‍ പരീക്ഷ ആരംഭിച്ച് പത്ത് മിനിറ്റുകള്‍ക്കു ശേഷം ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് സ്മാര്‍ട്ട്‌ഫോണിലേക്ക് അയച്ചുകൊടുത്തു.

രമേശ് പരീക്ഷകേന്ദ്രത്തിന് പുറത്തിരുന്ന് നാല് പേരുടെ സഹായത്തോടെ പരീക്ഷയെഴുതിയ ഏഴ് പേര്‍ക്ക് ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു. ഈ ഏഴ് പേര്‍ പരീക്ഷയെഴുതിയപ്പോള്‍ ബ്ലൂടൂത്ത് ഇയര്‍ബഡ് ചെവിയില്‍ ഘടിപ്പിച്ചിരുന്നു. പരീക്ഷയെഴുതിയ ഓരോ ഉദ്യോഗാര്‍ഥിയും രമേശിന് 40 ലക്ഷം രൂപ വീതമായിരുന്നു വാഗ്ദാനം ചെയ്തത്.

പരീക്ഷയെഴുതിയ ഏഴ് പേര്‍ക്ക് ചാറ്റ്ജിപിടിയിലൂടെ സഹായം ചെയ്തതിനു പുറമെ രമേശ് ഇതേ പരീക്ഷയെഴുതിയ മറ്റ് 30 പേര്‍ക്ക് ചോദ്യപേപ്പര്‍ 30 ലക്ഷം രൂപ വച്ച് വില്‍പ്പന നടത്തിയതായും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.