image

24 Jun 2023 5:45 AM GMT

Technology

കാനഡയിൽ മെറ്റ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യും

MyFin Desk

news will be removed from meta platforms in canada
X

Summary

  • വാർത്ത പ്രസാധകർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പണം നൽകണമെന്ന നിയമത്തിന്റെ മുന്നോടി
  • നിയമം പരിഷ്‌ക്കരിക്കണമെന്നു ടെക് കമ്പനികൾ
  • ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നില്ലെന്ന വാദം


സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പലപ്പോഴും വാർത്തകൾ നമ്മൾ അറിയുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ആവാറുണ്ട്. എന്നാൽ കാനഡയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്ന് വാർത്ത ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന് മെറ്റ പ്രഖ്യാപിച്ചു. വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പണം നൽകണമെന്ന പാര്ലമെന്റ് നിയമം ഓൺലൈൻ ന്യൂസ്‌ ആക്ട് പ്രാബല്യത്തിൽ വരുന്നതിന്റെ മുന്നോടിയായാണ് കമ്പനിയുടെ ഈ നീക്കം.

പാർലമെന്റ് നിർദ്ദേശത്തിന് സെനറ്റ് അപ്പർ ചേമ്പറിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഗവർണർ ജനറലിൽ നിന്നുള്ള അംഗീകാരം കൂടി ലഭിച്ചാൽ ഇത് നിയമമായി പ്രാബല്യത്തിൽ വരും. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തന്നെ ഉപയോക്താക്കൾക്ക് ഫേസ് ബുക്ക്,ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിൽ വാർത്തകളുടെ ലഭ്യത ഉണ്ടാവില്ലെന്ന് കമ്പനി പറഞ്ഞു.

കാനഡയിൽ ഇത്തരത്തിൽ ഒരു നിയമം എന്തുകൊണ്ട്?

വാർത്തകളുടെ പ്രചാരത്തിനു ഓൺലൈൻ പരസ്യ വിപണി ഉപയോഗിക്കുന്നത് തടയാൻ ടെക് കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങൾക്കു കാനഡയിലെ മാധ്യമ വ്യവസായ മേഖലയിൽ നിന്നും ശക്തമായ ആവശ്യം ഉയർന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു നിയമ നിർമാണം കാനഡയിൽ നടത്തുന്നത്.

മെറ്റ ഉൾപ്പെടെയുള്ള ടെക് കമ്പനികളുടെ പ്രതികരണം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാർത്തകൾക്ക് സാമ്പത്തിക മൂല്യം ഇല്ല എന്ന് കമ്പനി വിശ്വസിക്കുന്നു. ആഴ്ചകളായി മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യുന്നതിനെ ക്കുറിച്ച് ആലോചിച്ച് വരുന്നു. വാർത്തകൾ ലഭിക്കുന്നതിനായി മാത്രം ഉപയോക്താക്കൾ ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. സർക്കാരിന്റെ സോഷ്യൽ മീഡിയ കമ്പനികൾക്ക് മേലെയുള്ള ഈ പുതിയ നിയമം നില നിൽക്കുന്നതല്ലെന്നു മറ്റു കമ്പനികളും പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ വരുന്ന ലിങ്കുകൾക്ക് പണം നൽകേണ്ടതെന്ന നിയമം അന്യായമാണെന്നും നിയമം പരിഷ്‌ക്കരിക്കേണ്ടതാണെന്നും ഗൂഗിൾ പ്രതികരിച്ചു.വർത്തകൾക്കുള്ള ലിങ്ക് മാത്രാമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. പകരം വാർത്ത ഉള്ളടക്കങ്ങൾ ആണ് നൽകുന്നതെങ്കിൽ പണം നൽകണമെന്ന വ്യവസ്ഥയിലേക്ക് നിയമം മാറ്റണമെന്നും കമ്പനി പറഞ്ഞു.

2021ഇൽ ഓസ്ട്രേലിയയിലും സമാനമായ നിയമം പാസാക്കിയിരുന്നു. ഗൂഗിളും ഫേസ്ബുക്കും സേവനങ്ങൾ എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചപ്പോൾ നിയമങ്ങൾ ഭേദഗതി ചെയ്ത് ടെക് കമ്പനികൾ ഓസ്ട്രേലിയൻ മാധ്യമങ്ങളുമായി കരാറിൽ ഏർപ്പെട്ടു.