2 Jun 2023 9:17 AM GMT
Summary
- ഇന്ത്യയില്‍ വാട്‌സ് ആപ്പിന് 487 ദശലക്ഷം യൂസര്‍മാരുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. 118.5 ദശലക്ഷം യൂസര്‍മാരുള്ള ബ്രസീലാണ് രണ്ടാം സ്ഥാനത്ത്
- 2023 ഏപ്രില്‍ ഒന്നിനും 30നുമിടയില്‍ 7,452,500 വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു
- യൂസര്‍മാരില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് 2023 ഏപ്രിലില്‍ ഇന്ത്യയില്‍ 74 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു. ദുരുപയോഗിച്ചതിനാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.
ഐടി ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് റൂള്‍സ് 2021 പ്രകാരം എല്ലാ മാസത്തിന്റെ ആദ്യ ദിനം പ്രതിമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടിലാണ് വാട്‌സ് ആപ്പ് ഇന്ത്യ ഇക്കാര്യം സൂചിപ്പിച്ചത്.
യൂസര്‍മാരില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.നിയമങ്ങളും നിബന്ധനകളും തെറ്റിച്ച അക്കൗണ്ടുകള്‍, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ലഭിച്ച ഉത്തരവുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ വാട്‌സ് ആപ്പ് പുറത്തുവിട്ട പ്രതിമാസ റിപ്പോര്‍ട്ടിലുണ്ട്.
2023 ഏപ്രില്‍ ഒന്ന് മുതല് 30 വരെയുള്ള കാലയളവില്‍ കമ്പനിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് 74 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിയതായി വാട്‌സ് ആപ്പ് അറിയിച്ചത്.
2023 ഏപ്രില്‍ ഒന്നിനും 30നുമിടയില്‍ 7,452,500 വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു. ഇതിനുപുറമെ യൂസര്‍മാരില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള പരാതികള്‍ ലഭിക്കുന്നതിനു മുന്‍പ് തന്നെ മുന്‍കരുതലെന്ന നിലയില്‍
24,69,700 അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നെന്നും കമ്പനി അറിയിച്ചു.
ദോഷകരമായ പെരുമാറ്റം തടയാന്‍ ഉപകരണങ്ങളും ആധുനിക സംവിധാനങ്ങളും വിന്യസിക്കുന്നതായി വാട്‌സ് ആപ്പ് പറഞ്ഞു. ഏതെങ്കിലും ഒരു പ്രവര്‍ത്തി അപകടകരമായി തീര്‍ന്നതിന് ശേഷം അതിന്റെ കാരണം കണ്ടെത്തുന്നതിനേക്കാള്‍ നല്ലത് അവ സംഭവിക്കുന്നത് തടയുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നതിനാല്‍ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും കമ്പനി അറിയിച്ചു. മികച്ച സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സ്പാം കോളുകളെ നേരിടാന്‍ ജൂണ്‍ ഒന്നിന് ഗ്ലോബല്‍ സെക്യൂരിറ്റി സെന്റര്‍ ആരംഭിക്കുകയും ചെയ്തു വാട്‌സ് ആപ്പ്. സുരക്ഷാ ഫീച്ചറുകളെ കുറിച്ച് യൂസര്‍മാരില്‍ അവബോധം വളര്‍ത്താനാണ് ഈ സെന്റര്‍ തുടങ്ങിയത്. സ്പാം കോളുകളും അനാവശ്യ കോളുകളും ശല്യമായി തീരുകയാണെങ്കില്‍ അവയെ എങ്ങനെ നേരിടണമെന്നും, എങ്ങനെ സുരക്ഷ ഉറപ്പാക്കാനാകുമെന്നുമുള്ള വിവരങ്ങള്‍ ഈ സെന്ററില്‍നിന്ന് ലഭിക്കും. പത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സേവനം സെന്ററില്‍ ലഭിക്കും.
ഇന്ത്യയില്‍ വാട്‌സ് ആപ്പിന് 487 ദശലക്ഷം യൂസര്‍മാരുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. 118.5 ദശലക്ഷം യൂസര്‍മാരുള്ള ബ്രസീലാണ് രണ്ടാം സ്ഥാനത്ത്.