image

25 March 2025 10:32 AM

Technology

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 331 അപകടകരമായ ആപ്പുകള്‍

MyFin Desk

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 331 അപകടകരമായ ആപ്പുകള്‍
X

Summary

  • പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഇവ സ്വകാര്യ വിവരങ്ങള്‍ കവരുന്നു
  • ഈ ആപ്പുകള്‍ 6 കോടിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായി ഗവേഷകര്‍


ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 331 അപകടകരമായ ആപ്പുകള്‍ കണ്ടെത്തി സൈബര്‍ സുരക്ഷാ കമ്പനിയായ ബിറ്റ്ഡിഫെന്‍ഡറിലെ ഗവേഷകര്‍. പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കവരുകയാണ് ഈ ആപ്പുകളുടെ ലക്ഷ്യം.

വേപ്പര്‍ ഓപ്പറേഷന്‍ എന്ന വലിയ തട്ടിപ്പ് കാംപയിന്റെ ഭാഗമായിരുന്നു ഈ ആപ്പുകള്‍ എന്നാണ് വിവരം. ആന്‍ഡ്രോയ്ഡ് 13-ന്റെ സുരക്ഷയും മറികടന്ന ഈ ആപ്പുകള്‍ 6 കോടിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായും ഗവേഷകര്‍ പറയുന്നു.

2024ന്റെ തുടക്കത്തില്‍ ഐഎഎസ് ത്രെട്ട് ലാബ് ആണ് ഈ ക്യാംപയിന്‍ ആദ്യമായി കണ്ടെത്തിയത്. ഈ ആപ്പുകള്‍ പരസ്യങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ , ക്രെഡന്‍ഷ്യലുകള്‍ മോഷ്ടിക്കുകയും, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പോലും ചോര്‍ത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ അപകടകരമായ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ആരോഗ്യ ട്രാക്കറുകള്‍, ക്യുആര്‍ സ്‌കാനറുകള്‍, നോട്ട്-ടേക്കിംഗ് ടൂളുകള്‍, ബാറ്ററി ഒപ്റ്റിമൈസറുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 331 ആപ്പുകള്‍ ഇപ്പോള്‍ ഈ തട്ടിപ്പ് ഓപ്പറേഷനില്‍ ഉണ്ടെന്ന് ബിറ്റ്ഡിഫെന്‍ഡര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആപ്പുകളില്‍ അക്വാട്രാക്കര്‍, ക്ലിക്ക് സേവ് ഡൗണ്‍ലോഡര്‍, സ്‌കാന്‍ ഹോക്ക് എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം 10ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ഡൗണ്‍ലോഡുകള്‍ ലഭിച്ച ട്രാന്‍സലേറ്റ് സ്‌കാന്‍, ബീറ്റ് വാച്ച് ആപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.

2024 ഒക്ടോബറിനും 2025 മാര്‍ച്ചിനും ഇടയിലാണ് ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തത്. ബ്രസീല്‍, അമേരിക്ക, മെക്സിക്കോ, തുര്‍ക്കി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ഈ ആപ്പുകള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഇന്ത്യയിലും ഇത് വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.