28 Feb 2025 3:53 PM IST
Summary
- മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ലെനോവയുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കും
- രണ്ട് സ്‌ക്രീനുകളും ലാപ്‌ടോപ്പിനൊപ്പം ഉണ്ടായിരിക്കുമെന്നാണ് സൂചന
- ലാപ്ടോപ് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്നതിനെപ്പറ്റി വിവരമില്ല
സോളാര്‍ ലാപ്‌ടോപ്പുമായി ലെനോവോയുടെ രംഗപ്രവേശം. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പ് ഈ മേഖലയില്‍ പുതിയ നാഴികക്കല്ലാകും. ലാപ്‌ടോപ്പ് സാങ്കേതിക വിദ്യയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് ലെനോവൊ.
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) വച്ചാണ് ലെനോവയുടെ പുതിയ പരീക്ഷണമായ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 'ലെനോവ യോഗ' ലാപ്ടോപ് അവതരിപ്പിക്കുന്നത്. സാങ്കേതിക ലോകത്ത് പുതിയ ട്രെന്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കുന്ന രണ്ട് സ്‌ക്രീനുകളും ലാപ്‌ടോപ്പിനൊപ്പം ഉണ്ടായിരിക്കുമെന്നാണ് സൂചന.
എല്‍ജിയും സാംസംഗും ട്രാന്‍സ്പരെന്റ് ടിവി സ്‌ക്രീന്‍ വിപണിയിലെത്തിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു ലാപ്‌ടോപ് അവതരിപ്പിക്കാന്‍ ലെനോവോ തയ്യാറാകുന്നതെന്നും ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോളാര്‍ സെല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പ്രത്യേക ലിഡ് ആയിരിക്കും സോളാര്‍ പവര്‍ ലെനോവോ യോഗയില്‍ ഉണ്ടാവുക. ഉപയോഗത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. എന്നാല്‍, ലാപ്ടോപ് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സോളാര്‍ പാനലുകള്‍ എത്ര സമയമെടുക്കുമെന്നതിനെക്കുറിച്ചടക്കം ലാപ്ടോപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ലെനോവ നടത്തിയിട്ടില്ല.
കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലോകത്ത് ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചേക്കാവുന്ന വന്‍ മുന്നേറ്റമായിരിക്കും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്ടോപ്പെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ടെക് ഷോയില്‍ ട്രാന്‍സ്പരെന്റ് ലാപ്‌ടോപ്പും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ സ്‌ക്രീനിന്റെ അടിയില്‍ കാമറയുള്ള അണ്ടര്‍-ഡിസ്പ്ലേ ലാപ്‌ടോപ്പും ലെനോവോ അവതരിപ്പിച്ചിരുന്നു.