image

24 Aug 2024 9:26 AM GMT

Technology

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

MyFin Desk

states first robotics park in thrissur
X

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ്‌ പാർക്ക് തൃശൂരിൽ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. തൃശൂരിൽ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുക. കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട് ടേബിളിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശൂരിലെ റോബോട്ടിക്‌സ് പാർക്ക് പ്രവർത്തിക്കുക. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാർക്കിലെ റോബോ ലാൻഡ് എന്ന ആദ്യ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവവഴിയുള്ള ആസ്വാദ്യ-വിജ്ഞാനപരിപാടികൾ അവിടെയുണ്ടാകും. വ്യവസായവകുപ്പിന്റെ പിന്തുണയും കൂടുതൽ ഇൻസെന്റീവുകളും റോബോട്ടിക്‌സ് പാർക്കിന് നൽകുമെന്നും മന്ത്രി പറഞ്ഞു.

ആഗോള നിക്ഷേപക ഉച്ചകോടി അടുത്ത ഫെബ്രുവരി 21നും 22നും കൊച്ചി ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്തിൽ സംഘടിപ്പിക്കും. ഇതിനുമുന്നോടിയായി വ്യത്യസ്ത മേഖലകളിൽ സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂർത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്‌സ് സമ്മേളനം.

റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ് ലോൺ ഒരുകോടിയിൽനിന്ന് രണ്ടുകോടിയായി വർധിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തനമൂലധനം വർധിപ്പിക്കുക, റോബോട്ടിക്‌സ് സ്റ്റാർട്ടപ്പുകൾക്ക് സ്ഥലസൗകര്യം ഒരുക്കൽ, മാർക്കറ്റിങ് പിന്തുണ എന്നിവയും പരിഗണിക്കും. വ്യവസായവകുപ്പിന്റെ 22 മുൻഗണനാമേഖലകളിൽ റോബോട്ടിക്‌സിനെ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സർക്കാരിന്റെ പ്രത്യേക ആനുകൂല്യങ്ങൾ ഈ മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.