image

10 April 2025 10:00 AM IST

Technology

കെ-സ്മാര്‍ട്ട് ഇന്നുമുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും

MyFin Desk

k-smart to reach panchayats from today
X

Summary

  • രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഓണ്‍ലൈനില്‍ ഒരുക്കുന്നത്
  • ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ മുതല്‍ എല്ലാം ഇനി കെ-സ്മാര്‍ട്ടിലൂടെ ലഭിക്കും
  • ലോകത്തെവിടെ നിന്നും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പദ്ധതിയിലൂടെ സാധിക്കും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേക്കും. ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നിലവില്‍ വരും.

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളിലേക്കുള്ള സുഗമമായ ഡിജിറ്റല്‍ പ്രവേശനത്തിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്തതാണ് കെ-സ്മാര്‍ട്ട് പ്ലാറ്റ്‌ഫോം.

പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് വിന്യാസം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആറ് കോര്‍പ്പറേഷനുകള്‍ക്കും 87 മുനിസിപ്പാലിറ്റികള്‍ക്കും ഒപ്പം 941 പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവയും കെ-സ്മാര്‍ട്ടിന്റെ പരിധിയില്‍ വരും.

പഞ്ചായത്തുകളില്‍ ആപ്ലിക്കേഷന്‍ വിന്യസിക്കുന്നതിന്റെ മുന്നോടിയായുള്ള കെ-സ്മാര്‍ട്ടിന്റെ പൈലറ്റ് ലോഞ്ച് 2025 ജനുവരി 1 ന് തിരുവനന്തപുരത്തെ കരകുളം ഗ്രാമപഞ്ചായത്തിലും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ആരംഭിച്ചിരുന്നു.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളില്‍ കൂടി കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നു.

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ ഇതുവഴി ജനങ്ങള്‍ക്ക് അതിവേഗം ലഭിക്കും. ഒറ്റ പ്ലാറ്റ്ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കെ-സ്മാര്‍ട്ടിന്റെ ബില്‍ഡിംഗ് പെര്‍മിഷന്‍ മോഡ്യൂളും ഉപയോഗിക്കാം. 'എന്റെ കെട്ടിടം' എന്ന് വിളിക്കുന്ന മറ്റൊരു ഫീച്ചര്‍ ഉടമയുടെ സ്വകാര്യത ലംഘിക്കാതെ ഡോര്‍ നമ്പര്‍, നികുതി തുക, കെട്ടിടത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ പോലുള്ള വിവരങ്ങള്‍ നല്‍കും. കെ-സ്മാര്‍ട്ടിന്റെ മറ്റൊരു പുതിയ ഫീച്ചര്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ളവ ഉള്‍പ്പെടെ, ലോകത്തെവിടെ നിന്നും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നു എന്നതാണ്.