1 April 2023 9:30 AM
Summary
- സുരക്ഷാ ആശങ്കകള്‍ ശക്തമായാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ചാറ്റ് ജിപിറ്റി നിരോധിച്ചേക്കും.
സ്വകാര്യതയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടി ചാറ്റ് ജിപിറ്റിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറ്റലി. ഒരു പാശ്ചാത്യരാജ്യം ആദ്യമായാണ് ചാറ്റ് ജിപിറ്റിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ വിവര സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓപ്പണ്‍ എഐ എന്ന കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എഐ ഉപയോഗിച്ചുള്ള സംവിധാനം മനുഷ്യരാശിയ്ക്ക് ഭീഷണിയായേക്കാമെന്ന ടെക്ക് വിദഗ്ധരുടെ കത്ത് പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ചാറ്റ് ജിപിറ്റിയ്ക്ക് ഒരു രാജ്യം നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത്.
ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക് ഉള്‍പ്പടെ 1000ല്‍ അധികം ആളുകളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ എഐ ലാബുകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ആറ് മാസത്തേക്ക് നിറുത്തണമെന്നുള്ളതാണ് പ്രധാന ആവശ്യം.
ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ സ്വന്തം എഐ ചാറ്റ്ബോട്ട് സൃഷ്ടക്കാന്‍ ചുവടുവെപ്പുകള്‍ എടുത്തിരിക്കുന്ന സമയത്താണ് കത്ത് പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ബാര്‍ഡ് എന്നാണ് ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടിന്റെ പേര്. അടുത്തിടെയാണ് ബാര്‍ഡ് പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധം ക്രമീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു.