image

10 Aug 2023 6:17 AM GMT

Technology

ഇന്‍സൈഡര്‍ ട്രേഡിംഗ്: ഇന്‍ഫോസിസിന് സെബിയുടെ മുന്നറിയിപ്പ്

MyFin Desk

negligence in database maintenance sebiI warns infosys
X

Summary

  • ഡാറ്റാബേസ് പരിപാലിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയ്ക്കാണു മുന്നറിയിപ്പ്
  • സെബിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വാണിംഗിന്റെ ഫലമായി ഇന്‍ഫോസിസിന്റെ സാമ്പത്തികമോ, പ്രവര്‍ത്തനപരമോ ആയ കാര്യങ്ങളെ ബാധിക്കില്ലെന്ന് ഇന്‍ഫോസിസ് പറഞ്ഞു
  • എസ്ഡിഡി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം കോവിഡ്-19 മഹാമാരി കാരണമാണെന്ന ഇന്‍ഫോസിസിന്റെ വാദം സെബി അംഗീകരിച്ചില്ല


ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഫോസിസിന് മുന്നറിയിപ്പ് നല്‍കി.

ഇന്‍ഫോസിസിന്റെ ഡാറ്റാബേസ് പരിപാലിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയ്ക്കാണു മുന്നറിയിപ്പ് നല്‍കിയത്.

2015 ലെ സെബി (പ്രൊഹിബിഷന്‍ ഓഫ് ഇന്‍സൈഡര്‍ ട്രേഡിംഗ്) റെഗുലേഷന്‍സ് പ്രകാരം ഇന്‍ഫോസിസ് പരിപാലിക്കുന്ന സ്ട്രക്‌ചേര്‍ഡ് ഡിജിറ്റല്‍ ഡാറ്റാബേസില്‍ (എസ്ഡിഡി) കാലതാമസത്തോടെ ചില എന്‍ട്രികള്‍ ലോഗിന്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, 2023 ഓഗസ്റ്റ് 3-ന് ഇന്‍ഫോസിസിന് സെബി അഡ്മിനിസ്‌ട്രേറ്റീവ് വാണിംഗ് നല്‍കിയത്.

ഇതിനുള്ള മറുപടിയില്‍ ഇന്‍ഫോസിസ് പറഞ്ഞത് കോവിഡ്-19 മഹാമാരി കാരണം 2020-21 സാമ്പത്തിക വര്‍ഷത്തില്‍, ഭൂരിഭാഗം തൊഴിലാളികളും വീടുകളില്‍ നിന്നാണു ജോലി ചെയ്തിരുന്നത്. ഓഫീസിലിരുന്ന് ആയിരുന്നില്ല. അതിനാല്‍ ഇവ ഏകോപിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. പ്രസ്തുത കാലയളവില്‍ യുപിഎസ്‌ഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്‍ഫോസിസില്‍ ലഭ്യമാണെങ്കിലും എസ്ഡിഡി സിസ്റ്റത്തില്‍ അത്തരം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് വൈകിയതായി തോന്നുന്നു ' എന്ന് ഓഗസ്റ്റ് 9ന് റെഗുലേറ്ററി ഫയലിംഗില്‍ ഇന്‍ഫോസിസ് പറഞ്ഞു.

എസ്ഡിഡി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം കോവിഡ്-19 മഹാമാരി കാരണമാണെന്ന ഇന്‍ഫോസിസിന്റെ വാദം പക്ഷേ, സെബി അംഗീകരിച്ചിട്ടില്ല.

സ്ട്രക്‌ചേര്‍ഡ് ഡിജിറ്റല്‍ ഡാറ്റാബേസ് (എസ്ഡിഡി) എന്നത് പ്രസിദ്ധീകരിക്കാത്ത പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങളുടെ ഡാറ്റാബേസാണ്.

സെബിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വാണിംഗിന്റെ ഫലമായി ഇന്‍ഫോസിസിന്റെ സാമ്പത്തികമോ, പ്രവര്‍ത്തനപരമോ ആയ കാര്യങ്ങളെ ബാധിക്കില്ലെന്ന് ഇന്‍ഫോസിസ് പറഞ്ഞു.

ഇന്‍സൈഡര്‍ ട്രേഡിംഗ്

ഒരു കമ്പനിയുടെ വികസനത്തെ കുറിച്ചോ അതിന്റെ ഉള്ളിലുള്ള പ്രശ്‌നങ്ങളെ കുറിച്ചോ നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നറിയാന്‍ സാധിക്കും.

പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത വിവരങ്ങള്‍ ഉപയോഗിച്ച് കമ്പനി പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങികൂട്ടുകയോ വില്‍ക്കുകയോ ചെയ്താല്‍ അതിനെ ഇന്‍സൈഡര്‍ ട്രേഡിംഗ് എന്നു വിളിക്കുന്നു.