14 Aug 2023 8:56 AM GMT
Summary
- 2022-23-ല്‍ 8.8 ബില്യന്‍ ഡോളറിന്റെ ഐടി ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്
- ഇലക്ട്രോണിക്സ് ഇനങ്ങളുടെ ഇറക്കുമതി നിര്‍ബന്ധമാക്കിക്കൊണ്ട് ഡിജിഎഫ്ടി ഓഗസ്റ്റ് 3-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്
- തീരുമാനം പുന:പരിശോധിക്കണമെന്നു നാസ്‌കോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
ലാപ്ടോപ്പുകള്‍, പേഴ്സണല്‍ കംപ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കാന്‍ മേക്ക്-ഇന്‍-ഇന്ത്യ പ്ലാനുകളുടെ വ്യക്തവും വിശദവും ഗ്രേഡുള്ളതുമായ പദ്ധതി സമര്‍പ്പിച്ചാല്‍, ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വിദേശ കമ്പനികള്‍ക്കു കൂടുതല്‍ സമയം നല്‍കാന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാരിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലാപ്‌ടോപ്പുകള്‍ക്കും, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വിദേശ കമ്പനികള്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനായി 9 മുതല്‍ 12 മാസം വരെ സമയം അനുവദിക്കണമെന്നും വിദേശ കമ്പനികള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു.
ഈ വര്‍ഷം നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും പ്രത്യേക ലൈസന്‍സ് നേടിയ വിദേശ കമ്പനികള്‍ക്കു മാത്രമായിരിക്കും ഇന്ത്യയിലേക്ക് ലാപ്‌ടോപ്പും പേഴ്‌സണല്‍ കംപ്യൂട്ടറും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യാനാവുക. എന്നാല്‍ നവംബറില്‍ നിയന്ത്രണം നടപ്പാക്കരുതെന്നും ഒരു വര്‍ഷത്തെ സമയം അനുവദിക്കണമെന്നുമായിരുന്നു ആപ്പിള്‍, ഡെല്‍, എച്ച്പി തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.
വിദേശ കമ്പനികള്‍ സമര്‍പ്പിക്കുന്ന പ്ലാനില്‍ കേന്ദ്ര സര്‍ക്കാര്‍ തൃപ്തരാണെങ്കില്‍ ടാബ്‌ലെറ്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്കുള്ള ലൈസന്‍സിംഗ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍-പിസികള്‍, അള്‍ട്രാ-സ്‌മോള്‍ ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഇനങ്ങളുടെ ഇറക്കുമതി നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഓഗസ്റ്റ് 3-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതേ തുടര്‍ന്നു തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു വ്യവസായ ലോകം സര്‍ക്കാരിനെ സമീപിച്ചിരുന്നു.
245 ബില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ ഐടി മേഖലയെ ബാധിക്കുന്നതാണു ഡിജിഎഫ്ടിയുടെ തീരുമാനമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും നാസ്‌കോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.8 ബില്യന്‍ ഡോളറിന്റെ ഐടി ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ 5.1 ബില്യന്‍ ഡോളറിന്റെ ഇറക്കുമതിയും ചൈനയില്‍ നിന്നായിരുന്നു. 1.3 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി സിംഗപ്പൂരില്‍ നിന്നായിരുന്നു.