16 Sep 2023 7:08 AM GMT
Summary
- നിരവധി രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 15 മുതല്‍ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു
- സെപ്റ്റംബര്‍ 12-നാണ് ഐഫോണ്‍ 15 സീരീസില്‍പ്പെട്ട നാല് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്
- നവീകരിച്ച ക്യാമറയും, വലിയ സ്‌ക്രീനും ഉള്‍ക്കൊള്ളുന്ന ഒരു മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്
ആപ്പിള്‍ ഏറ്റവും പുതിയതായി വിപണിയിലിറക്കിയ ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലിന് ഉയര്‍ന്ന ഡിമാന്‍ഡ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍ ഈ മോഡലിന്റെ ഡെലിവറി വൈകുമെന്നും സൂചന.
നിരവധി രാജ്യങ്ങളില്‍ പ്രീ ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍, ഐഫോണ്‍ 15 പ്രോ മാക്‌സ് പൂര്‍ണ്ണമായും വിറ്റുതീര്‍ന്നെന്ന് ബിജിആര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 15 മുതല്‍ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.
സെപ്റ്റംബര്‍ 12-നാണ് ഐഫോണ്‍ 15 സീരീസില്‍പ്പെട്ട നാല് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ഐഫോണ്‍ 15 സീരീസില്‍ ഏറ്റവും വിലകൂടിയ മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെയായി മൂന്ന് മോഡലുകളിലാണ് ഐഫോണ്‍ 15 പ്രോ മാക്‌സുള്ളത്.
ഇതില്‍ ഐഫോണ്‍15 (256 ജിബി) പ്രോ മാക്‌സിന് വില 1,59,900 രൂപയാണ്. 512 ജിബിക്ക് 1,79,900 രൂപയും, 1 ടിബിക്ക് 1,99,900 രൂപയുമാണ്.
യുഎസില്‍ ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലിന്റെ ഡെലിവറി സെപ്റ്റംബര്‍ 22-ല്‍ നിന്നും ഒക്ടോബര്‍ 16-ലേക്ക് നീളുമെന്നാണ് റിപ്പോര്‍ട്ട്.
ബ്ലൂ ടൈറ്റാനിയം, നാച്വറല്‍ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ നാല് ഫിനിഷുകളിലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ് ലഭ്യമാകുന്നത്. ഇതില്‍ നാച്വറല്‍ ടൈറ്റാനിയത്തിനാണു പൊതുവേ ഡിമാന്‍ഡുള്ളത്.
നവീകരിച്ച ക്യാമറയും, വലിയ സ്‌ക്രീനും ഉള്‍ക്കൊള്ളുന്ന ഒരു മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്.
ആപ്പിളിന്റെ വില്‍പ്പനയുടെ ഏകദേശം 50 ശതമാനം ഐ ഫോണിന്റെ സംഭാവനയാണ്. കൂടാതെ മൂന്ന് പാദങ്ങളായി തുടരുന്ന വില്‍പ്പനയിലെ മാന്ദ്യം മാറ്റാന്‍ പുതിയ ഐഫോണ്‍ 15 മോഡല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി.