19 Jun 2023 11:27 AM IST
Summary
- 2022-23 വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി അഞ്ച് ബില്യന്‍ ഡോളറിന്റേതായിരുന്നു
- 2023-24 വര്‍ഷത്തിലെ ആദ്യ രണ്ടു മാസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ വരുമാനം 20,000 കോടി രൂപ കവിഞ്ഞു
- ആപ്പിളിനെ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്
ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി മെയ് മാസത്തില്‍ 10,000 കോടി രൂപയുടെ പുതിയ റെക്കോഡിലെത്തി. ഇന്ത്യ മെയ് മാസം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലൂടെ മൊത്തം നേടിയത് 12,000 കോടി രൂപയായിരുന്നു. ഇതില്‍ 10,000 കോടി രൂപയും ഐഫോണിലൂടെയാണ് നേടിയത്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ 80 ശതമാനവും ഐഫോണുകളാണ്. ബാക്കിയുള്ളവ സാംസങും ചില പ്രാദേശിക ബ്രാന്‍ഡുകളുമാണ്.
ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്.
ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിള്‍ കൈവരിച്ച ഈ നേട്ടം വരും ദിവസങ്ങളില്‍ കൂടുതല്‍ യുഎസ് കമ്പനികളെ അവരുടെ വിതരണ ശൃംഖല ഇന്ത്യയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നത് ഉറപ്പാണ്.
2023-24 സാമ്പത്തികവര്‍ഷത്തിലെ ആദ്യ രണ്ടു മാസങ്ങളില്‍ (ഏപ്രില്‍-മെയ്) സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ വരുമാനം 20,000 കോടി രൂപ കവിഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയത് 9,066 കോടി രൂപയായിരുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ച പുരോഗതി, അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ഐഫോണ്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വലിയ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ആപ്പിള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതാണ് 2023-24 സാമ്പത്തികവര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ സ്മാര്‍ട്ട്
ഫോണ്‍ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ വരുമാനം. 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി അഞ്ച് ബില്യന്‍ ഡോളറിന്റേതായിരുന്നു.
സമീപകാലത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച വന്നതും, കോവിഡ്19 മഹാമാരിയെ തുടര്‍ന്ന് ചൈനയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതും ഐഫോണ്‍ നിര്‍മാണത്തെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആപ്പിള്‍ ചൈനയില്‍ നിന്നും വിതരണ ശൃംഖല വൈവിധ്യവത്കരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്നതും ആപ്പിളിന് അനകൂല സാഹചര്യമാണ്. എയര്‍പോഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ ആപ്പിള്‍ അന്വേഷിക്കുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂണ്‍ 21-24 തീയതികളിലെ യുഎസ് സന്ദര്‍ശനവേളയില്‍ ടെസ്‌ല പോലുള്ള അമേരിക്കന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനികളെ അവരുടെ വിതരണ ശൃംഖല ഇന്ത്യയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നു സൂചനയുണ്ട്. ഇന്ത്യന്‍ പ്രതിനിധി സംഘം ആപ്പിളിന്റെ വിജയഗാഥയായിരിക്കും ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
