image

3 Jun 2023 12:28 PM GMT

Technology

ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളം 71 കോടിയില്‍ നിന്ന് 56 കോടി രൂപയായി

MyFin Desk

Infosys CEO Salil Parekhs salary falls 21% to Rs 56.44 crore in FY23
X

Summary

  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരാണ് ഇന്‍ഫോസിസ്
  • പരേഖിന്റെ ശമ്പളമായ 56.44 കോടി രൂപയില്‍ 30.6 കോടി രൂപയും നിയന്ത്രിത ഓഹരി ആയിരിക്കും.
  • വിപ്രോയുടെ സിഇഒ തിയേറി ഡെലാപോര്‍ട്ടിന്റെ ശമ്പളത്തിലും ഇടിവ് രേഖപ്പെടുത്തി


ഇന്‍ഫോസിസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും (സിഇഒ) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിഇഒമാരില്‍ ഒരാളുമായ സലില്‍ പരേഖിന്റെ ശമ്പളത്തില്‍ ഇടിവ്. 2022-23 സാമ്പത്തികവര്‍ഷത്തിലാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 21 ശതമാനം ഇടിഞ്ഞത്. മുന്‍വര്‍ഷം സലില്‍ പരേഖിന്റെ ശമ്പളം 71 കോടി രൂപയായിരുന്നു. എന്നാല്‍ 2022-23-ല്‍ 56.44 കോടി രൂപയായി കുറഞ്ഞു.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ആഗോള ഐടി മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. 2023-ന്റെ ആരംഭം മുതല്‍ നിരവധി മുന്‍നിര ഐടി കമ്പനികള്‍ അവരുടെ എക്‌സിക്യുട്ടീവുമാരുടെയും ജീവനക്കാരുടെയും ശമ്പളം വെട്ടിച്ചുരുക്കുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം നടപടികളൊന്നും ഇന്ത്യയിലെ ഐടി ഭീമനായ ഇന്‍ഫോസിസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതുവരെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടില്ല.

2023 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനം 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

സലില്‍ പരേഖിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളമായ 56.44 കോടി രൂപയില്‍ 30.6 കോടി രൂപയും നിയന്ത്രിത ഓഹരി (restricted stock units) ആയിരിക്കും.

നിശ്ചിത വേതനം, വേരിയബിള്‍ പേ, ഇന്‍സെന്റീവ് ഓഹരി മൂല്യം, വിരമിക്കല്‍ ആനുകൂല്യം എന്നിവ ഉള്‍പ്പെടുന്നതാണ് സലില്‍ പരേഖിന്റെ പ്രതിഫലം. 6.67 കോടി രൂപ അടിസ്ഥാന ശമ്പളം, വേരിയബിള്‍ പേയും ബോണസും 18.73 കോടി രൂപ, വിരമിക്കല്‍ ആനുകൂല്യം 45 ലക്ഷം രൂപ എന്നിങ്ങനെയാണ് പരേഖിന് ലഭിച്ച പ്രതിഫലം.

2023 സാമ്പത്തിക വര്‍ഷത്തില്‍ സലില്‍ പരേഖിന്റെ ശമ്പളത്തില്‍ മാത്രമല്ല ഇടിവുണ്ടായത്. വിപ്രോയുടെ സിഇഒ തിയേറി ഡെലാപോര്‍ട്ടിന്റെ ശമ്പളത്തിലും ഇടിവ് രേഖപ്പെടുത്തി. അഞ്ച് ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

ഇന്‍ഫോസിസിന്റെ ചെയര്‍മാനായ നന്ദന്‍ നിലേകനി പ്രതിഫലമൊന്നും പറ്റിയില്ല.

അതേസമയം, ടെക് മഹീന്ദ്രയുടെ സിഇഒ ആയി ചേരുന്ന കമ്പനിയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മോഹിത് ജോഷി 2023 സാമ്പത്തിക വര്‍ഷത്തില്‍ പരേഖിനെക്കാള്‍ കൂടുതല്‍ ശമ്പളം ലഭിച്ചു. 57.32 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരാണ് ഇന്‍ഫോസിസ്.