16 May 2024 9:23 AM GMT
Summary
- 2016 മുതല്‍ 2023 വരെ റിപ്പോര്‍ട്ട് ചെയ്തത് 1458 ഇന്റര്‍നെറ്റ് ഷട്ട് ഡൗണുകള്‍ ഇവയില്‍ 773 എണ്ണം ഇന്ത്യയിലാണ്
- ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയതിലൂടെ 2023-ന്റെ ആദ്യ പകുതിയില്‍ മാത്രം 118 ദശലക്ഷം ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്
- മെയ് 3 മുതല്‍ ഡിസംബര്‍ 3 വരെ 212 ദിവസത്തേക്കാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തത്
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ആക്‌സസ് നൗ എന്ന നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പ് അറിയിച്ചു. മേയ് 15 ന് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഡിജിറ്റല്‍ അവകാശങ്ങളെ കുറിച്ച് ശ്രദ്ധ കേന്ദ്രീകരിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആക്‌സസ് നൗ.
2016 മുതല്‍ 2023 വരെ ആക്‌സസ് നൗ 1458 ഇന്റര്‍നെറ്റ് ഷട്ട് ഡൗണുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 773 എണ്ണം ഇന്ത്യയിലാണ്. ഇത് ഏകദേശം 53 ശതമാനത്തോളം വരും.
2023-ല്‍ 283 ഷട്ട് ഡൗണുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022-ല്‍ 201 എണ്ണവും.
ഇന്റര്‍നെറ്റ് അടച്ചുപൂട്ടലുകള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയതിലൂടെ 2023-ന്റെ ആദ്യ പകുതിയില്‍ മാത്രം 118 ദശലക്ഷം ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഒറ്റ ദിവസത്തെ അടച്ചുപൂട്ടിലിലൂടെ മാത്രം 373 പേരെ തൊഴിലില്ലായ്മയിലേക്ക് തള്ളി വിടാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
മെയ് 3 മുതല്‍ ഡിസംബര്‍ 3 വരെ 212 ദിവസത്തേക്കാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്ത്യ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മ്യാന്‍മാറിലാണ്. ഇറാന്‍, പാകിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
വര്‍ഗീയ സംഘര്‍ഷം, അക്രമം തുടങ്ങിയ കാരണങ്ങളാല്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്യാന്‍ ഉത്തരവിടുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഖാലിസ്ഥാന്‍ അനുകൂല മതപ്രഭാഷകനായ അമൃത്പാല്‍ സിങ്ങിനെ വേട്ടയാടുന്നതിനിടയില്‍ പഞ്ചാബിലുടനീളം ഇന്റര്‍നെറ്റ് അടച്ചുപൂട്ടി. വംശീയ കലാപത്തിനിടെ മണിപ്പൂരിലുടനീളം ഒന്നിലധികം തവണയും ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിച്ചു.