19 May 2023 11:40 AM GMT
ജനസംഖ്യ 100 കോടിക്കും മുകളില്‍ എന്നിട്ടും ഡിജിറ്റല്‍ ലോകത്ത് ഇന്ത്യ ഒന്നാമനായത് എങ്ങനെ?
MyFin Desk
Summary
- ഇന്ത്യക്കു ഐ എം എഫ് ന്റെ പ്രശംസ
- കൊ-വിന്‍ സംരംഭത്തിലൂടെ വാക്‌സിനേഷൻ വിജയം
- ഏകീകൃത തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നേട്ടമായി
- വ്യാപകമായി ഡിജിറ്റൽ പണമിടപാടുകൾ
നമ്മുടെ രാജ്യം കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണ്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ലോകത്തിനു മുമ്പില്‍ നടക്കാന്‍ ഇന്ത്യയെ കരുത്തുറ്റതാക്കിയിരിക്കുന്നു. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഇന്ത്യയുടെ ഡിജിറ്റല്‍ രൂപമാറ്റത്തെ പ്രശംസിച്ചിരിക്കുകയാണ്.
മറ്റു രാജ്യങ്ങളോട് ഇന്ത്യയെ കണ്ടു പഠിക്കാനാണ് ഐ.എം.എഫ് ആഹ്വാനം. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ(ഡി.പി.ഐ) വിജയത്തിന് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ സമീപനത്തെയും ഉറച്ച നിലപാടിനെയും ഐ.എം.എഫ് പുകഴ്ത്തുന്നു.
കൊവിഡ്-19 വ്യാപിച്ച സമയത്ത് കൊ-വിന്‍ സംരംഭത്തിലൂടെ രാജ്യത്ത് വാക്സിനേഷന്‍ വിജയകരമാക്കിയ ഇന്ത്യയുടെ രീതിയും ഐ.എം.എഫിന്റെ പ്രശംസ നേടിത്തന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ജമൈക്ക തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ കൊ-വിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ 200 കോടി പേര്‍ക്കാണ് കൊ-വിന്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി കൊവിഡ് വാക്സിന്‍ നല്‍കിയത്.
135.2 കോടി ആധാര്‍ കാര്‍ഡുകള്‍
ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് ഐ.ടി രംഗത്തെ ഇന്ത്യയുടെ വിജയത്തിന് ഉദാഹരണമാണ്. ആധാറിനു മുമ്പ് പല കാര്‍ഡുകളും രാജ്യത്ത് നിലവിലുണ്ടായിരുന്നെങ്കിലും അതിനൊന്നും രാജ്യത്ത് ഒന്നാകെ സ്വീകാര്യത ലഭിച്ചിരുന്നില്ല. 2023ലെ സാമ്പത്തിക സര്‍വേ പ്രകാരം 2022 നവംബര്‍ 30 വരെ 135.2 കോടി ആധാര്‍ കാര്‍ഡുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഈ കാലയളവില്‍ 8,621.2 കോടി പ്രമാണ സാക്ഷ്യപ്പെടുത്തലുകള്‍ ആധാര്‍ വഴി നടന്നു. 1350.2 കോടി ഇ-കെ.വൈ.സി ഇടപാടുകളും.
സര്‍വേ പ്രകാരം രാജ്യത്ത് 75.3 കോടി ആളുകളാണ് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നത്. 27.9 കോടി പേര്‍ ആധാര്‍ കാര്‍ഡ് എല്‍.പി.ജി പാചകവാതക കണക്ഷനുവേണ്ടിയും ആധാര്‍ ലിങ്ക് ചെയ്തു. ഇന്ത്യയില്‍ 75.4 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 1549.8 കോടി സാമ്പത്തിക ഇടപാടുകള്‍ ആധാറുപയോഗിച്ചുള്ള പേയ്മെന്റ് സിസ്റ്റത്തിലൂടെയാണ് നടന്നിട്ടുള്ളത്.
ഇതിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ 318 പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ 720 ഡയരക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീമുകളും സാമ്പത്തികസഹായവും സബ്സിഡി പോലുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ ആധാര്‍ ഉപയോഗപ്പെടുത്തി.
പണം പിന്‍വലിക്കല്‍, കാഷ് ഡെപ്പോസിറ്റ്, അക്കൗണ്ടിലെ പണം ട്രാന്‍സ്ഫര്‍ ചെയ്യുക എന്നിവയ്ക്ക് എ.ഇ.പി.എസ് ആളുകളെ സഹായിച്ചു. കൊവിഡ് കാലത്ത് വീട്ടിലിരുന്ന സാമ്പത്തിക ഇടപാട് നടത്താന്‍ ഇത് സഹായകമായി.
യു.പി.ഐ ഇന്ത്യ
ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയിലെ സുപ്രധാന ചുവടുവയ്പാണ് യു.പി.ഐ (യൂനിഫൈഡ് പെയിമെന്റ് ഇന്റര്‍ഫേസ്). രാജ്യത്ത് 26 കോടി ജനങ്ങളാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. 3000 കോടി യു.പി.ഐ പണമിടപാടുകളാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ മാത്രം രാജ്യത്ത് നടന്നത്. 28,900 ഇ-ട്രാന്‍സാക്ഷനുകളും നടന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്ന നിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വികസിപ്പിച്ചെടുത്ത യു.പി.ഐ എന്ന സാങ്കേതിക സങ്കേതമാണ്. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാന്‍ കഴിവുള്ള പേയ്‌മെന്റ് സംവിധാനമാണ് യു.പി.ഐ. ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് യു.പി.ഐ എന്ന പ്ലാറ്റ്‌ഫോമില്‍ ഊന്നിയാണ്.
നിലവില്‍ 58 യു.പി.ഐ ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഏകദേശം 868.53 കോടി യു.പി.ഐ ഇടപാടുകള്‍ നടന്നു. ഇതില്‍ വലിയൊരു പങ്ക് ഗൂഗിള്‍പേ പോലുള്ള തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാര്‍ (ടി.പി.എ.പി) വഴിയാണ്.
ഫോണ്‍പേ, പേ.ടി.എം, ഭാരത് പേ തുടങ്ങിയ ആപ്പുകളുപയോഗിച്ച് ഓണ്‍ലൈനായി പണമിടപാട് നടത്തുന്നവരാണ് കൂടുതല്‍ പേരും. ഒരു ബട്ടന്‍ അമര്‍ത്തുമ്പോഴേക്കും പണം ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു. പല വികസിത രാജ്യങ്ങളിലും പണത്തിന് ചെക്കെഴുതുമ്പോഴാണിത്. സര്‍ക്കാര്‍ പദ്ധതികളുടെ പണ്ട് നേരിട്ട് ജനങ്ങളിലേക്കെത്തുന്നു. യു.എസില്‍ പോലുമില്ല.
ജീവന്‍ പ്രമാണ്‍
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സര്‍വിസില്‍ പെന്‍ഷനായവര്‍ക്ക് വേണ്ടിയുള്ള ഒരു ബയോ-മെട്രിക് സര്‍വീസാണ് ജീവന്‍ പ്രമാണ്‍. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പെന്‍ഷന്‍കാര്‍ക്ക് കൈവിരല്‍ സ്‌കാനറില്‍ വച്ച് അവര്‍ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തിയാല്‍ ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. കൈ വയ്ക്കുമ്പോള്‍ തന്നെ അവരുടെ പെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആള്‍ ജീവിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് കിട്ടും.
അവരവരുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കുവാനുള്ള സൗകര്യം ഉണ്ട്. അക്ഷയ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ ബുക്കും ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈലും കൊണ്ടുപോകേണ്ടതാണ്. പ്രായമായവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് സ്മാര്‍ട്ട് ഫോണ്‍ വഴി മുഖം നോക്കി ആളെ തിരിച്ചറിയുന്ന സാങ്കേതികവിദ്യ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം
ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍, ഇ-ഗവര്‍ണന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണം, ഇ-ക്രാന്തി, എല്ലായിടത്തും മൊബൈല്‍ ഫോണ്‍ കവറേജ്, എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കല്‍, വിവര സാങ്കേതികവിദ്യയുടെ വ്യാപനം എന്നിവയിലൂടെ സര്‍ക്കാറും ജനങ്ങളും തമ്മിലെ ബന്ധം ഊഷ്മളമാക്കുകയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഇ-സര്‍വിസിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക, ചുരുങ്ങിയ ചെലവില്‍ സുതാര്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
ഡിജിറ്റല്‍വല്‍ക്കരണം വന്നതോടെ സാങ്കേതികരംഗത്ത് വന്‍ മാറ്റമാണുണ്ടായത്. മറ്റു സമ്പദ്വ്യവസ്ഥകളോട് മത്സരിക്കാനുള്ള സാമ്പത്തിക കരുത്ത്, പുതിയ ബിസിനസുകളും ഉല്‍പന്നങ്ങളും ഉണ്ടാവുന്നത്, സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ നേരിടാനുള്ള ശേഷി, ഭരണരംഗം മെച്ചപ്പെടുത്തുക, അസമത്വം ഇല്ലാതാക്കുക എന്നിവയെല്ലാം ഡിജിറ്റലൈസേഷന്റെ ഫലങ്ങളാണ്.
നിര്‍മിതബുദ്ധി (എ.ഐ), മെഷീന്‍ ലേണിങ്, ബ്ലോക്ചെയിന്‍, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് ആഗോളതലത്തില്‍ മത്സരിക്കാനുള്ള ശേഷി നല്‍കി. പുതിയ വിപണികള്‍ ലഭിച്ചു. പുതിയ ബിസിനസ് മാതൃകകള്‍ ഉണ്ടാക്കി.