17 Oct 2023 5:49 AM GMT
Summary
ലോഞ്ച് ചെയ്ത് 17 ദിവസത്തിനുള്ളില്‍ ഐഫോണ്‍ 14-നെ അപേക്ഷിച്ച് ഐഫോണ്‍ 15-ന്റെ വില്‍പ്പന 4.5 % കുറഞ്ഞു
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 15 ലോഞ്ച് ചെയ്തത് സെപ്റ്റംബര്‍ 12നായിരുന്നു. ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ഇന്ത്യയിലും, യുഎസ്സിലും ഐഫോണ്‍15 വില്‍പ്പനയുടെ കാര്യത്തില്‍ മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചൈനയില്‍ വില്‍പ്പന ആശാവഹമല്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ഗാമിയായ ഐഫോണ്‍ 14-നേക്കാള്‍ പിന്നിലാണ് ഐഫോണ്‍ 15-ന്റെ വില്‍പ്പന.
ലോഞ്ച് ചെയ്തതിന് ശേഷമുള്ള 17 ദിവസത്തിനുള്ളില്‍ ഐഫോണ്‍ 14-നെ അപേക്ഷിച്ച് ഐഫോണ്‍ 15-ന്റെ വില്‍പ്പന 4.5 ശതമാനം കുറഞ്ഞതായിട്ടാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡാറ്റയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് സമ്പദ്ഘടന മാന്ദ്യത്തിലായത് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഐഫോണ്‍ 15-ന്റെ വില്‍പ്പനയില്‍ ഇടിവുണ്ടായതിനു പിന്നില്‍ മറ്റൊരു കാരണം കൂടി വിപണി വിദഗ്ധര്‍ കാണുന്നുണ്ട്. അത് ചൈനീസ് കമ്പനിയായ വാവെയ്, മേറ്റ് 60 പ്രോ എന്ന മോഡല്‍ പുറത്തിറക്കിയതാണ്.
സമീപകാലത്ത് ചൈനയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്റ്റേറ്റ് കമ്പനികള്‍ക്കും ഐഫോണ്‍ ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതും ഐഫോണ്‍ 15ന് തിരിച്ചടിയായെന്നു പറയുന്നുണ്ട്.
ഈ വര്‍ഷം സെപ്റ്റംബറില്‍ ആദ്യ ആഴ്ചയാണ് വാവെയ് മേറ്റ് 60 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ ലോഞ്ച് ചെയ്തത്. കാര്യമായ പരസ്യങ്ങളോ ഔദ്യോഗിക പ്രഖ്യാപനങ്ങളോ ഒന്നും ഇല്ലാതെയായിരുന്നു ലോഞ്ചിംഗ്. ഇന്ത്യയില്‍ മേറ്റ് 60 പ്രോ ലോഞ്ച് ചെയ്യുന്ന് നവംബര്‍ 23നാണ്. 79,690 രൂപയാണ് പ്രതീക്ഷിക്കുന്ന വില.
മേറ്റ് 60 രണ്ട് മോഡലാണ് വാവെയ് പുറത്തിറക്കിയിരിക്കുന്നത്. മേറ്റ് 60 പ്രോ, മേറ്റ് 60 പ്രോ പ്ലസ് എന്നിവയാണ് രണ്ട് മോഡലുകള്‍. വാവെയ് കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഈ വര്‍ഷം രണ്ടാം പാദത്തില്‍ ചൈനയില്‍ 58 ശതമാനമാണു വര്‍ധിച്ചത്. ചൈനീസ് വിപണിയില്‍ വാവെയ് സ്മാര്‍ട്ട്‌ഫോണിന്റെ വിഹിതം 6.9% ല്‍ നിന്ന് 11.3% ആയി ഇക്കാലയളവില്‍ ഉയര്‍ന്നു.