20 Feb 2025 10:15 AM GMT
Summary
- ക്രോം ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്ട് ഇന്‍ ടീം
- അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഡാറ്റാ ചോര്‍ച്ചക്കും സാമ്പത്തിക നഷ്ടത്തിനും ഇടവരുത്തിയേക്കാം
- ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്
ഗൂഗിള്‍ ക്രോമിന് സുരക്ഷാഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഏജന്‍സി. ബ്രൗസറിന് സുരക്ഷാ പാളിച്ചകളുണ്ടെന്നും ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയത്.
macOS, Windows, Linux തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ അപ്ഡേറ്റ് ചെയ്യാത്ത ഗൂഗിള്‍ ക്രോം ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് സെര്‍ട്ട് ഇന്‍ മുന്നറിയിപ്പ് നല്‍കിയത്. ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഗൂഗിള്‍ ക്രോമില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ടാര്‍ഗെറ്റുചെയ്ത സിസ്റ്റങ്ങളില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും അനധികൃത ആക്‌സസ് നേടാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഇത് ഡാറ്റാ ചോര്‍ച്ചക്കും സാമ്പത്തിക നഷ്ടത്തിനും ഇടവരുത്തുമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കുന്നു. പാസ് വേര്‍ഡുകളും വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ബ്രൗസറില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സെര്‍ട്ട് ഇന്‍ ചൂണ്ടിക്കാട്ടി.
അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിള്‍ ക്രോം ഉപയോഗിച്ചതിലൂടെ നിരവധി പേരാണ് അടുത്തിടെ ഹാക്കര്‍മാരുടെ കുരുക്കില്‍ വീണത്. ക്ലൗഡ്സേക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതാണ്. 2024ല്‍ ഇന്ത്യയിലെ 95 സ്ഥാപനങ്ങള്‍ ഡാറ്റാലീക്കിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.