30 Jan 2024 11:35 AM GMT
Summary
- സാംസംഗ് ലാപ്‌ടോപ്പുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും
- ഓഗസ്റ്റില്‍ ഇന്ത്യ ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, സെര്‍വറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
- ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, വെയറബിള്‍ ഉത്പന്നങ്ങള്‍, ടാബ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്.
ഇന്ത്യയില്‍ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കാനൊരുങ്ങി സാംസംഗ്.നോയിഡയിലെ കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിലായിരിക്കും ഉത്പാദനമെന്നാണ് സാംസംഗ് ഇലക്ട്രോണിക്‌സിന്റെ പ്രസിഡന്റും എക്‌സ്പീരിയന്‍സ് മേധാവിയുമായ ടി.എം രോഹ് പറയുന്നത്.
സാംസംഗിന്റെ രണ്ടാമത്തെ വലിയ നിര്‍മാണ കേന്ദ്രമായാണ് കമ്പനി ഇന്ത്യയെ പരിഗണിക്കുന്നത്. ഇന്ത്യയുടെ നയപരമായ പിന്തുണയും രോഹ് എടുത്തു പറഞ്ഞു. ആഗോള ഡിമാന്‍ഡിനനുസരിച്ച് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകാം എന്നാല്‍ നോയിഡ സാംസംഗിനെ സംബന്ധിച്ച് പ്രധാന നിര്‍മാണ കേന്ദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യ ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, സെര്‍വറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇറക്കുമതി കുറയുക്കുക ഇന്ത്യയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, മറ്റ് ഹാര്‍ഡ് വെയര്‍ എന്നിവയുടെ നിര്‍മ്മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി 2023 മെയ് മാസത്തില്‍ ഐടി ഹാര്‍ഡ് വെയറിനായി 17,000 കോടി രൂപയുടെ പുതുക്കിയ പിഎല്‍ഐ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. പ്രതിവര്‍ഷം 800 കോടി ഡോളര്‍ (ഏകദേശം 66,000 കോടി രൂപ) വിലമതിക്കുന്ന ലാപ് ടോപ്പുകളും ടാബ് ലെറ്റുകളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
കമ്പനി അടുത്തിടെ മുന്‍നിര സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ് 24 സീരീസ് പുറത്തിറക്കിയിരുന്നു. ഇതും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. കമ്പനി ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, വെയറബിള്‍ ഉത്പന്നങ്ങള്‍, ടാബ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്.