8 May 2023 9:28 AM GMT
ഫേസ്ബുക്കിന്റെ ഡാറ്റാ ചോര്‍ത്തല്‍ വിവാദമായതിന് സമാനമായി ട്വിറ്ററിലും ഉപയോക്താക്കളുടെ രഹസ്യസന്ദേശങ്ങള്‍ ചോരുന്നു. ഇക്കാര്യം സമ്മതിച്ചിരിക്കുകയാണ് ട്വിറ്റര്‍ . ചില ഉപയോക്താക്കളുടെ സ്വകാര്യ ട്വീറ്റുകള്‍ ഒരു ബഗ് കാരണം പരസ്യമാക്കേണ്ടി വന്നുവെന്ന് ട്വിറ്റര്‍ സമ്മതിച്ചു. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ച 'സുരക്ഷാ പ്രശ്‌നം' ഉണ്ടായിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചു. യൂസര്‍മാരുടെ തങ്ങളുടെ പ്രൈവറ്റ് സര്‍ക്കിളുകളിലെ രഹസ്യസ്വഭാവമുള്ള ട്വീറ്റുകള്‍ അടുത്ത സുഹൃത്തുക്കളല്ലാത്തവരും കാണുന്ന വിധത്തിലായി.
''2023 ഏപ്രില്‍ മാസം ഒരു സുരക്ഷാ പ്രശ്‌നം കാരണം നിങ്ങളുടെ ട്വിറ്റര്‍ സര്‍ക്കിളിന് പുറത്തുള്ള ഉപയോക്താക്കളെ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സര്‍ക്കിളിലേക്ക് മാത്രമായി ഒതുങ്ങേണ്ട ട്വീറ്റുകള്‍ കാണാന്‍ അനുവദിച്ചിട്ടുണ്ട് എന്നാണ് ഫോര്‍ച്യൂണിന് കമ്പനിയില്‍ നിന്ന് ലഭിച്ച ഇ-മെയില്‍. എന്നാല്‍ ഈ പ്രശ്‌നം സുരക്ഷാ ടീം കണ്ടെത്തി അടിയന്തിരമായി പരിഹരിച്ചു. പുറത്തുള്ളവര്‍ക്ക് ഈ ട്വീറ്റുകള്‍ ഇനി കാണാന്‍ സാധിക്കില്ലെന്നും ഇമെയിലില്‍ പറയുന്നു.
ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ ഒരു സ്വകാര്യസെറ്റായാണ് ട്വിറ്റര്‍ സര്‍ക്കിളിനെ എല്ലാവരും കാണുന്നത്. ട്വീറ്റുകള്‍ ഉപയോക്താക്കള്‍ ഉദ്ദേശിക്കുന്നവര്‍ മാത്രം കാണാനുള്ള പ്ലാറ്റ്‌ഫോമാണിത്. എല്ലാ ഫോളോവേഴ്‌സും എല്ലാ ട്വീറ്റും കാണാനുള്ളതല്ല. ഓരോരുത്തരും അവരവരുടെ മുന്‍ഗണന അടിസ്ഥാനമാക്കിയാണ് ട്വിറ്റര്‍ സര്‍ക്കിള്‍ ലിസ്റ്റ് ഉണ്ടാക്കുന്നതും ക്യുറേറ്റ് ചെയ്യുന്നതും. എന്നാല്‍ ഈ രഹസ്യ സ്വഭാവം ട്വിറ്ററിന് കൈമോശം വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ ഏപ്രില്‍ മാസം തന്നെ പലരും ഈ ട്വിറ്ററിന്റെ ഈ ഫീച്ചറില്‍ തകരാറുകള്‍ ഉണ്ടെന്ന് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിരുന്നു. തന്റെ പേഴ്‌സണല്‍ ഫോളോവേഴ്‌സ് ലിസ്റ്റിലേക്ക് അയച്ച ട്വീറ്റുകള്‍ തന്റെ ട്വിറ്റര്‍ സര്‍ക്കിളില്‍ ഇല്ലാത്തവര്‍ക്ക് കാണാന്‍ കഴിഞ്ഞുവെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഇത് ശരിയായിരുന്നുവെന്നും സുരക്ഷാ വീഴ്ച സംഭവിച്ചതായും സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ അധികൃതര്‍.