14 Aug 2024 3:20 AM GMT
Summary
- ഇന്ത്യ അതിശയകരമായി വളരുന്ന വിപണിയെന്ന് ഗൂഗിള്‍
- ഗൂഗിളിന്റെ മറ്റ് പ്രധാന വിപണികളെ മറികടക്കാന്‍ ഇന്ത്യ പര്യാപ്തം
- ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും കമ്പനി പരിശോധിക്കുന്നു
ഇന്ത്യയെ ഒരു ആവേശകരമായ വിപണിയായാണ് വീക്ഷിക്കുന്നതെന്നും പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെ വിഭാഗത്തില്‍ രാജ്യത്തിന് വലിയ വളര്‍ച്ചാ സാധ്യതകളുണ്ടെന്നും ടെക് ഭീമനായ ഗൂഗിള്‍.
ഇന്ത്യയെ 'അതിശയകരമായി വളരുന്ന വിപണി' എന്ന് ഗൂഗിള്‍ മൊബൈല്‍ ബിസിനസ് വൈസ് പ്രസിഡന്റ് നന്ദ രാമചന്ദ്രന്‍ വിശേഷിപ്പിച്ചു. രാജ്യത്തെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗം ഗൂഗിളിന്റെ മറ്റ് പ്രധാന വിപണികളെ മറികടക്കാന്‍ പര്യാപ്തമാണെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിപണിയയെ സംബന്ധിച്ചിടത്തോളം ഗൂഗിള്‍ പ്രതിജ്ഞാബദ്ധമാമെന്നും ഇവിടെ വിജയം നേടണമെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പോര്‍ട്ട്ഫോളിയോയാണ് എന്നും ഗൂഗിള്‍ മൊബൈല്‍ ബിസിനസ് വൈസ് പ്രസിഡന്റ് വിശദീകരിച്ചു.
മെയ്ഡ്-ഇന്‍-ഇന്ത്യ പിക്സല്‍ 8 സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചതോടെ ഈ അഭിപ്രായങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന കാര്യം ഗൂഗിള്‍ പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ കൃത്യമായ പദ്ധതികളൊന്നും നിലവില്‍ വന്നിട്ടില്ലെന്നും കമ്പനിയുടെ പ്രൊഡക്ട് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ മാഗി വെയ് പറഞ്ഞു.
'പ്രാദേശിക ഉല്‍പ്പാദനത്തിന് ഞങ്ങള്‍ വലിയ സാധ്യതകള്‍ കാണുന്നു, പക്ഷേ പ്രാദേശിക വിപണിയില്‍ മാത്രം ഉല്‍പ്പാദനം പരിമിതപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല', അവര്‍ പറഞ്ഞു.
തമിഴ്നാട്ടിലെയും ഉത്തര്‍പ്രദേശിലെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഗൂഗിള്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഇവ രണ്ടും വളരെ ആവേശകരമായ സ്ഥലങ്ങളാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ഏകദേശം 8 വര്‍ഷത്തിന് ശേഷം, ഗൂഗിള്‍ അതിന്റെ പിക്സല്‍ 9 സീരീസ് പുറത്തിറക്കി. പിക്‌സല്‍ വാച്ച് 3, പിക്‌സല്‍ ബഡ്‌സ് പ്രോ 2 എന്നിവയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഗൂഗിള്‍ അതിന്റെ മുന്‍തലമുറ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുമുണ്ട്.