9 Aug 2022 9:49 AM GMT
Summary
സെപ്റ്റംബർ. ആപ്പിൾ അതിന്റെ ഫ്ലാഗ്ഷിപ്പ് പ്രൊഡക്റ്റുകൾ അവതരിപ്പിക്കുന്ന മാസം. ഇത്തവണയും ആപ്പിൾ ആ പതിവ് തെറ്റിക്കാൻ സാധ്യതയില്ല. ഐഫോൺ 14 ന്റെ ലോഞ്ച് സെപ്റ്റംബർ 13 ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തീയ്യതി ഏതായാലും ടെക്ക് ലോകം കാത്തിരിക്കുന്നത് കാലിഫോർണിയയിലെ സ്റ്റീവ്ജോബ്സ് തിയേറ്ററിൽ നടക്കുന്ന ആപ്പിൾ സിഇഒ ടിം കുക്കിന്റെ പ്രഖ്യാപനമാണ്. ആപ്പിളിന്റെ പ്രൊഡക്ട് ലോഞ്ച് പല പ്രത്യേകതകളും നിറഞ്ഞതാക്കാൻ കമ്പനി എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. എന്താവും സെപ്റ്റംബർ ഇവന്റിലെ ആപ്പിൾ സർപ്രൈസ്? പ്രൊഡക്ട് ലോഞ്ചിന് […]
എന്താവും സെപ്റ്റംബർ ഇവന്റിലെ ആപ്പിൾ സർപ്രൈസ്?
പ്രൊഡക്ട് ലോഞ്ചിന് മുൻപ് പുറത്തിറക്കാൻ ഒരുങ്ങുന്ന ഫോണിനെ കുറിച്ചോ മറ്റ് പ്രൊഡക്ടിനെക്കുറിച്ചോ ഒരു കാര്യവും ആപ്പിൾ വെളിപ്പെടുത്താറില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ അതീവ രഹസ്യമാക്കി വെക്കുന്ന പുതിയ ഐഫോണിന്റെ വിവരങ്ങൾ കൃത്യമായി പറയുന്ന ലീക്കേഴ്സ് പലരുമുണ്ട്. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഇവെന്റിലെ പ്രഖ്യാപനങ്ങൾ എന്തൊക്കെയാവുമെന്ന് നോക്കാം. രഹസ്യങ്ങൾ കൂടുന്നതുകൊണ്ടുതന്നെ ആപ്പിൾ ലീക്കേഴ്സിന്റെ പല പ്രഖ്യാപനങ്ങളും ഏറെ കൗതുകത്തോടെയാണ് ടെക്ക് ലോകം സ്വീകരിക്കുന്നത്. അനോണിമസ് സോഴ്സുകളെ ഉദ്ധരിച്ചും ഐഫോൺ 14 മാതൃക കാണിക്കുന്ന നിരവധി ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ഐഫോൺ 14 ന് 4 വേരിയന്റുകൾ?
ഐഫോൺ 14 ന് നാല് വേരിയന്റുകൾ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 14, ഐഫോൺ 14 മാക്സ്, ഐഫോൺ 14 പ്രൊ, ഐഫോൺ 14 പ്രൊ മാക്സ് എന്നിവയാവും വേരിയെന്റുകൾ എന്നാണ് പ്രമുഖ ആപ്പിൾ പ്രൊഡക്ട് ലീക്കേഴ്സ് ആയ മാക്ക് റൂമേഴ്സ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ ഇല്ലാത്തതും ഇത്തവണ പുതുതായി കൊണ്ടുവരുന്നതുമായ വേരിയെന്റാണ് ഐഫോൺ 14 മാക്സ്.
മിനി സീരീസുകൾക്ക് പ്രിയം കുറഞ്ഞു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഐഫോൺ 14 മാക്സ് അവതരിപ്പിക്കുന്നത്. വലിയ വിലയും ചെറിയ സ്ക്രീൻ വലുപ്പവും ഫീച്ചറുകളുടെ പോരായ്മയുമാണ് ഐഫോൺ മിനിയുടെ മാർക്കറ്റിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. ആ തീരിച്ചടിയെ നേരിടാനാണ് മിഡ് റേഞ്ചിലുള്ള ഐഫോൺ മാക്സ് അവതരിപ്പിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിൽ ഐഫോൺ 14 നു ഐഫോൺ 13 നെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ പ്രൊ വേരിയെറ്റുകളിൽ കാര്യമായ മാറ്റത്തിനാണ് ആപ്പിൾ തയ്യാറെടുക്കുന്നത്. ഐഫോൺ 14 പ്രൊ മോഡലുകളിലെ ചിപ്പ് സെറ്റുകളിലും ക്യാമറയിലും മറ്റ് സ്പെക്കുകളിലും കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. എന്തൊക്കെയാവും പ്രൊ വേരിയെന്റിലും പ്രൊ മാക്സ് വേരിയന്റിലും ഉണ്ടാവാൻ സാധ്യതയുള്ള പുതിയ ഫീച്ചറുകൾ.
സ്ക്രീൻ വലുപ്പം കൂടുമോ?
പല ആൻഡ്രോയിഡ് ഫോണുകളും വലിയ ഡിസ്പ്ലെ വിപ്ലവം നടത്തിയതിന് ശേഷമാണ് ആപ്പിൾ ആ വഴിക്ക് തിരിഞ്ഞത് എന്നത് ചരിത്രം. മാക്സ് വേരിയെന്റുകൾ പുറത്തിറക്കിയായിരുന്നു വലിയ സ്ക്രീൻ പ്രേമികളെ ആപ്പിൾ തൃപ്ത്തിപ്പെടുത്തിയത്. എന്നാൽ അത് ഇത്തവണയും മാക്സ് സീരീസുകളിൽ തുടരും.
റഗുലർ മോഡൽ 6.1 TPS OLED ഡിസ്പ്ലെയാണ് ഉണ്ടാവുക. എന്നാൽ പ്രൊ മാക്സ് വേരിയെറ്റ് 6.7 ഇഞ്ച് വലുപ്പത്തിൽ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ബാറ്ററിയുടെ അപ്ഗ്രേഡ് ഈ സീരീസുകളിൽ കാര്യമായി ചെയ്യാൻ ആപ്പിൾ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വലിയ സ്ക്രീനുകളിൽ കൂടുതൽ സമയം ചാർജ് നിൽക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിനുള്ള പരിഹാരം ഇത്തവണ ഉണ്ടാവും. അതായത് ഐഫോൺ 14 പ്രൊ, മാക്സ് മോഡലുകളിൽ കൂടുതൽ സമയം ബാറ്ററി ലൈഫ് കിട്ടും എന്നർത്ഥം. ഒപ്പം ഓൾവേസ് ഓൺ ഡിസ്പ്ലെ പരീക്ഷണവും ഇത്തവണത്തെ ഫോണിൽ ഉണ്ടാവും എന്നാണ് കരുതുന്നത്.
ഐഫോണിന്റെ കഴിഞ്ഞ രണ്ട് വർഷത്തെയും ബേസ് മോഡൽ സ്ക്രീൻ സൈസ് 6.1 ആയിരുന്നു. 6.7 ആയിരുന്നു പ്രൊ മാക്സ് മോഡലുകളുടെ വലുപ്പം. എന്നാൽ ഡിസ്പ്ലെയിക്ക് ചുറ്റുമുള്ള ബോഡർ ലൈൻ വലുപ്പം കുറയുമെന്നാണ് മറ്റൊരു വെളിപ്പെടുത്തൽ. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലെ ഫിലോസഫിയിലേക്ക് ഐഫോണും പതിയെ മാറുകയാണ് എന്നാണ് വലയിരുത്തപ്പെടുന്നത്. ബോഡർ ലൈൻ ഘനം കുറക്കുന്നതോടെ ഡിസ്പ്ലെയുടെ വലുപ്പം അൽപ്പം കൂടുമെന്നു മാത്രമല്ല കാഴ്ചക്കും കാണാൻ കുറച്ചുകൂടെ മനോഹരമാവും.
നോച്ച് ഡിസൈൻ പാറ്റേൺ ഇനിയെങ്കിലും മാറ്റുമോ?
ഡിസ്പ്ലെയിൽ തന്നെ ക്യാമറ, സെൻസർ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നോച്ച് ഡിസൈൻ പാറ്റേണാണ് ഇതുവരെ ഐഫോൺ തുടർന്നു വന്നിരുന്നത്. എന്നാൽ അതിൽ നിന്ന് മാറി പഞ്ച് ഹോൾ ഡിസ്പ്ലെ പാറ്റേണിലേക്ക് ഐഫോണുകൾ മാറുന്നു എന്നകാര്യം ഐഫോൺ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയാണ്. കാരണം പഞ്ച് ഹോൾ ഡിസ്പ്ലെ പാറ്റേൺ കുറേ കാലമായി ആൻഡ്രോയിഡ് ഫോണുകൾക്കുള്ള ഫീച്ചറാണ്. ഇതിന്റ പേരിൽ ഐഫോൺ ആരാധകർ കേട്ട പഴി ചില്ലറയൊന്നുമല്ല. എന്ത് പുതിയ മാറ്റവും ആദ്യം കൊണ്ടുവരിക ആൻഡ്രോയിഡ് ഫോണുകളാണ്, പിന്നീട് മാത്രമാണ് ഐഫോണുകളിലേക്ക് ആ ഫീച്ചറുകൾ എത്തുകയുള്ളൂ എന്നതാണ് ആഡ്രോയിഡ് ആരാധകർ ഐഫോൺ ആരാധകരെ പ്രകോപിപ്പിക്കാൻ പറഞ്ഞിരുന്നത്. അത് ഏറെക്കുറേ സത്യവുമാണ്. എന്നാൽ ടെക്‌നോളജി മെച്ചൂരിറ്റി വരാത്ത ഫീച്ചറുകൾ തങ്ങൾ പരീക്ഷണമെന്നോണം പ്രൊഡക്ടുകളിൽ ഇറക്കില്ലെന്ന നിലപാടിലാണ് ആപ്പിൾ.
ഐ ഫോട്ടോഗ്രാഫി മിന്നിക്കുമോ?
ഐഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അത് സ്റ്റീവ് ജോബ്സ് 2007 ൽ ഐഫോണിന്റെ ആദ്യ മോഡൽ അവതരിപ്പിക്കപ്പെട്ട കാലം മുതൽ ഫോട്ടോഗ്രാഫിയിൽ നിലനിർത്തുന്ന മുൻകൈ ആണ്. മറ്റേതൊരു ഫോണിനും ഇപ്പോഴും തരാൻ കഴിയാത്ത അത്രയ്ക്ക് മിഴിവാണ് ഐഫോൺ ഫോട്ടോഗ്രാഫി തരുന്നത്. ലോ ലൈറ്റ് ഫോട്ടോഗ്രാഫി, ചിത്രങ്ങളുടെ ഡെപ്ത്തും, HDR പ്ലസ് സാങ്കേതിക വിദ്യയുമെല്ലാം ചിത്രങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതാണ്.
സാംസങ് എസ് 22 അൾട്രയും ഗൂഗിളിന്റെ പിക്സൽ സീരീസും വൺപ്ലസിന്റെ മുൻനിര മോഡലുകളും ഐഫോണുകളോട് കടുത്ത മത്സരം കാഴ്ച്ചവെക്കുന്നു എന്നത് സത്യമാണ്. എങ്കിലും ഈ പന്തയത്തിൽ ഒട്ടും വിട്ടുകൊടുക്കാൻ ആപ്പിൾ തയ്യാറല്ല. ഐഫോൺ സിനിമകളുടെ ഒരു സീരീസ് തന്നെ അന്താരാഷ്ട്രാ തലത്തിൽ പുറത്തിറങ്ങിയതും സിനിമാറ്റിക്ക് മോഡ് ഐഫോൺ 13 പ്രോ മാക്സിൽ കൊണ്ടുവന്നതുമെല്ലാം മാർക്കറ്റിൽ ഐഫോണിന്റെ പ്രിയം കുറയ്ക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.
ഇത്തവണയെങ്കിലും ഐഫോണിൽ 10X ഒപ്റ്റിക്കൽ സൂം ഉണ്ടാവുമോ?
സാംസങ് എസ് 21 എസ് അൾട്ര പോലുള്ള ഫോണുകൾ 10X ഒപ്റ്റിക്കൽ സൂം ഇറക്കിയപ്പോൾ വെറും 3X ഒപ്റ്റിക്കൽ സൂം മാത്രമാണ് ഐഫോൺ 13 പ്രൊ മാക്സ് പോലും നൽകിയിരുന്നത്. എന്നാൽ ഇമേജ് സ്റ്റെബിലൈസേഷൻ ഇല്ലാതെ ഇത്തരം ഫീച്ചറുകൾ പുറത്തിറക്കണ്ട എന്ന നിലപാടിലായിരുന്നു ഐഫോൺ. ഒപ്പം 4K,8K ഷൂട്ട് ചെയ്യുമ്പോൾ സാംസങ് എസ് 21, എസ് 22 അൾട്രാ ഫോണുകൾ അമിതമായി ചൂടാവുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ചാടിക്കയറി പുതുപുത്തൻ ഫീച്ചറുകൾ പുറത്തിറക്കി വിമർശനം ഏറ്റുവാങ്ങണ്ട എന്ന നിലപാടിലായിരുന്നു ആപ്പിൾ.
ഇങ്ങനെയൊക്കെ ആണെങ്കിലും മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ സെൻസറോടുകൂടിയ രണ്ട് ക്യാമറകളാണ് ഐഫോൺ ബേസ് മോഡലുകളിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രൊ സീരീസുകളിൽ വമ്പൻ മാറ്റങ്ങളാണ് ഐഫോൺ ഒരുക്കുന്നത്. 48 മെഗാപിക്സൽ മുക്കണ്ണൻ ക്യാമറകൾ ചിത്രങ്ങൾക്ക് മിഴിവ് പകരും. അതുകൊണ്ടുതന്നെ ഒപ്റ്റിക്കൽ സൂം തീർച്ചയായും ഐഫോൺ 14 ൽ കൂടുതൽ ഉണ്ടാവും എന്നു തന്നെയാണ് കരുതപ്പെടുന്നത്. 2021 ഐഫോൺ 13 പ്രൊ മോഡലുകളിൽ ഇത് 12 മെഗാപിക്സലായിരുന്നു. IOS 16 ഒഎസ്സിലാവും ഐഫോൺ 14 സീരീസുകൾ പ്രവർത്തിക്കുക.
എന്നാൽ ടെലിഫോട്ടോ ലെൻസിന്റെ കാര്യത്തിൽ ആപ്പിൾ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഐഫോൺ 14 സീരീസിൽ കൊണ്ടുവരുമോ എന്ന കാര്യം ഒരു ഐഫോൺ റൂമേഴ്സും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ഇക്കാര്യം ഐഫോൺ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവർ ഉറ്റുനോക്കുന്ന കാര്യമാണ്. കാരണം സാംസങ് എസ് 22 അൾട്ര ഉൾപ്പെടെയുള്ള ഐഫോണിന്റെ എതിരാളികൾ ഇപ്പോൾ തന്നെ 10X ഒപ്റ്റിക്കൽ സൂം തരുന്നുണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഐഫോൺ 13 പ്രൊ മാക്സിൽ 3X ഒപ്റ്റിക്കൽ സൂം മാത്രമാണ് ഉള്ളത്. ഒപ്പം 8K വീഡിയോ റിക്കോർഡിങും സാംസങിന്റെ ഈ ഒന്നാം നിര ഫോണുകളുടെ എടുത്തു പറയുന്ന പ്രത്യേകതകളാണ്. സാംസങ് എസ് 21 അൾട്രയിൽ നിന്ന് എസ് 22 അൾട്രയിലേക്ക് എത്തുമ്പോഴേക്ക് കാര്യമായ ക്യാമറ അപ്ഡേഷനാണ് സാംസങ് നടത്തിയത്. ഇതിനെ നേരിടാൻ ഐഫോൺ 14 പ്രൊ മാക്സിന് ആവുമോ എന്നാണ് ഐഫോൺ ആരാധകർ ഉറ്റുനോക്കുന്നത്.
ബാറ്ററി ബാക്ക്അപ്പ് എത്രനേരം?
തായ്വാൻ ആസ്ഥാനമായ എക്കണോമിക്ക് ദിനപ്പത്രം മാക്ക് റൂമേഴ്സിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത് ഐഫോൺ 14 സീരീസിൽ വലിയ ബാറ്ററി ബാക്ക്അപ്പ് പ്രതീക്ഷിക്കാം എന്നാണ്. ഐഫോൺ 14 ൽ 3,279-mAh ബാറ്ററിയും ഐഫോൺ 14 പ്രൊ മാക്സിൽ 4,323-mAh ബാറ്ററിയുമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഏറ്റവും കൗതുകകരമായ മറ്റൊരു കാര്യം ഐഫോൺ 14 സീരീസ് 100 ശതമാനം ചാർജ് ആവാൻ വെറും 30 മിനുട്ട് മാത്രമേ എടുക്കൂ എന്നുള്ളതാണ്. 5ജി ടെക്‌നോളജിക്ക് അനുയോജ്യമായ തരത്തിൽ Wi-Fi 6E കണക്റ്റിവിറ്റി ഉണ്ടാവും എന്നാണ് മറ്റൊരു റിപ്പോർട്ട്.
ഐഫോൺ 14 ലും ഐഫോൺ 14 മാക്സിലും ആപ്പിളിന്റെ പുതിയ ചിപ്പ്സെറ്റുകൾ ഉണ്ടാവില്ല എന്നാണ് ലീക്കുകൾ വ്യക്തമാക്കുന്നത്. ഐഫോൺ 13 സീരീസിൽ ഉള്ള A15 ബയോണിക്ക് ചിപ്പ് സെറ്റുകളാണ് ഐഫോൺ 14 ലും ഐഫോൺ 14 മാക്സിലും ഉണ്ടാവുക. എന്നാൽ ഐഫോൺ 14 പ്രോയിലും പ്രോ മാക്സിലും A16 ബയോണിക്ക് ചിപ്പുകളാവും ഫോണിന് ശക്തിപകരുക.
ഒക്കെ ശരി, വിലയെത്രയാണെന്ന് പറയൂ
2021 മോഡലുകളെ അപേക്ഷിച്ച് 10,000 രൂപയെങ്കിലും കൂടുമെന്നാണ് പുറത്തുവരുന്ന ലീക്ക് ലീഡുകൾ വ്യക്തമാക്കുന്നത്. ബേസ് മോഡലുകൾ 79,000 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാവും എന്നാണ് റിപ്പോർട്ടുകൾ. പ്രൊ വേരിയെന്റിൽ 100 ഡോളർ വരെ വില ഉയരാമെന്നും വിലയിരുത്തലുകളുണ്ട്. ആഗോള മാർക്കറ്റിൽ ലഭ്യമാവുന്ന അന്ന് തന്നെ ഇന്ത്യയിലും ഐഫോണിന്റെ പുതുമോഡലുകൾ ലഭ്യമാവാൻ സാധ്യതയുണ്ട്. ഐഫോൺ 13 സീരീസ് പുറത്തിറങ്ങിയ സമയത്തെ അതേ വിലയിൽ തന്നെയാവും എന്നാണ് പല ടെക്ക് വിദഗ്ധരും പറയുന്നത്.
കാര്യങ്ങൾ എന്തായാലും ഐഫോൺ ആരാധകരെ മാത്രമല്ല ലോകത്തെ എല്ലാ കമ്പനികളും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ് ആപ്പിളിന്റെ സെപ്റ്റംബർ ലോഞ്ച്. ലോകത്തിലെ ഒന്നാംനിര കമ്പനി എങ്ങനെ പെർഫോം ചെയ്യുന്നു എന്നതും അവർ പുറത്തിറക്കുന്ന ഫൂച്ചറിസ്റ്റിക്ക് ആയ പ്രോഡക്റ്റുകളും ഓഹരി വിപണിയെ പോലും കാര്യമായി സ്വാധീനിക്കാറുണ്ട്.
സ്റ്റീവ് ജോബ്സ് ഉണ്ടായിരുന്ന കാലത്തെ ആപ്പിൾ കമ്പനിയിൽ നിന്ന് ടിം കുക്കിന്റെ നേതൃത്വത്തിലുള്ള കമ്പനിയിലേക്കുള്ള മാറ്റം വലുതാണ്. പുത്തൻ പ്രൊഡക്ടുകൾ കൊണ്ടും സർവ്വീസുകൾ കൊണ്ടും ലോകത്തെ അമ്പരപ്പിക്കാൻ സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തിൽ ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ അമ്പരപ്പിൽ നിന്ന് ശതകോടികൾ വരുമാനമുണ്ടാക്കുന്ന ആപ്പിൾ കമ്പനി ഇപ്പോൾ ടെക്ക് ആരാധകരെ ഞെട്ടിക്കുന്ന എത്ര പ്രൊഡക്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നത് ചോദ്യമാണ്. ആപ്പിൾ ഗ്ലാസും ആപ്പിൾ കാറുമെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓരോ പ്രൊഡക്ടുകൾ അവതരിപ്പിക്കുമ്പോഴും ഉണ്ടാവുന്ന വൗ ഫാക്ടർ കുറഞ്ഞുവരുന്നു എന്നത് സത്യം തന്നെയാണ്. പ്രൊഡക്ട് ലോഞ്ചുകൾ നടക്കുമ്പോൾ കണ്ടുപിടിത്തങ്ങൾക്കപ്പുറത്ത് അപ്ഗ്രേഡ് മാത്രമാണ് നടക്കുന്നത് എന്നതാണ് കുറച്ചുകാലമായി ആപ്പിൾ കേട്ടുകൊണ്ടിരിക്കുന്ന പഴി.
പ്രൊഡക്ടുകൾ അവതരിപ്പിച്ചുകൊണ്ട് വൗ ഫാക്ടർ ഉണ്ടാക്കുന്നതിൽ പിന്നോട്ട് പോയെങ്കിലും ലാഭത്തിൽ വൻ വർദ്ധനവാണ് കമ്പനി നേടുന്നത്. 2011 ആഗസ്റ്റ് മാസം 24 ന് സാരഥ്യം ഏറ്റെടുത്ത ശേഷം പത്ത് വർഷത്തിനുള്ളിൽ $348 ബില്ല്യൺ ഡോളറിൽ നിന്ന് $2.5 ട്രില്യൺ ഡോളറിലേക്കുള്ള വളർച്ചയാണ് ടിം ഉണ്ടാക്കിയത്. എങ്കിലും നിലവിലെ അവസ്ഥയിൽ നിൽക്കാതെ ഇന്നോവേഷന് പിറകെ പോകണം എന്ന സ്റ്റീവിന്റെ സ്വപ്നം ടിം കുക്ക് എത്രമാത്രം പിന്തുടരുന്നുണ്ട് എന്ന കാര്യത്തിൽ പല ടെക്ക് വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഇതൊക്കെ പറയുമ്പോഴും ലാഭത്തിനൊപ്പം ലോകത്തെ ഞെട്ടിക്കുന്ന ഇന്നോവേഷൻസ് തുടരാനായാൽ ടെക്ക് ലോകത്തെ അപ്രമാദിത്തം നിലനിർത്താൻ ആപ്പിളിന് അനായാസം കഴിയും. അല്ലെങ്കിൽ ഒരിക്കൽ ടെക്ക് ലോകം അടക്കിവാണ യാഹുവിന്റെയും ഐബിഎമ്മിന്റെയും അവസ്ഥയിലേക്ക് ആപ്പിളും വഴുതിവീഴാം. എന്തായാലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയാവും എന്ന പ്രഖ്യാപനമാവും സെപ്റ്റംബർ ഇവന്റിൽ ഉണ്ടാവുക. ടെക്ക് ലോകം ഇപ്പോൾ കാത്തിരിക്കുന്നതും അതാണ്.