1 Aug 2023 8:20 AM GMT
Summary
- തമിഴ്‌നാട്ടില്‍ 1,600 കോടി രൂപ നിക്ഷേപിക്കാന്‍ കരാര്‍
- തമിഴ്‌നാട്ടില്‍ ആറായിരം തൊഴിലവസരങ്ങള്‍
- കര്‍ണാടകയില്‍ ആപ്പിള്‍ ഘടകങ്ങള്‍ നിര്‍മ്മിക്കും
ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന് ഇന്ത്യയില്‍ രണ്ട് ഘടക ഫാക്ടറികളുടെ നിര്‍മ്മാണത്തിനായി ഏകദേശം 4,100 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടന്നു ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഫാക്ടറികള്‍ കര്‍ണാടകയിലായിരിക്കും സ്ഥാപിക്കുക . ഈ ഫാക്ടറിയിൽ ഒന്ന് ആപ്പിള്‍ ഘടകങ്ങളുടെ നിര്‍മ്മാണത്തിനായിരിക്കുമെന്നു റിപ്പോര്‍ട്ട് പറയുന്നു.
മാര്‍ച്ചില്‍, ഒരു ഫോക്സ്‌കോണ്‍ സബ്സിഡിയറിയുടെ 8,000 കോടി രൂപ നിക്ഷേപത്തിനു കര്‍ണാടക അംഗീകാരം നല്‍കിയിരുന്നു. ആന്ധ്രാപ്രദേശിനും തമിഴ്‌നാടിനും ശേഷം ഫോക്സ്‌കോണിന്റെ സംരംഭങ്ങളെ സ്വാഗതം ചെയ്യുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി മാറിയിരിക്കുകയായണ് കര്‍ണാടക.
കർണാടകയിൽ ഫാക്ടറികൾ എവിടെ സ്ഥാപിക്കുമെന്നത് ഔദ്യോഗികമായി ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാര്‍ത്ത സംബന്ധിച്ച് ഫോക്സ്‌കോണോ ആപ്പിളോ പ്രതികരിച്ചിട്ടില്ല.
ഫോക്സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് തങ്ങളുടെ നിക്ഷേപം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍ ഇന്ത്യയില്‍ ഒരു നിക്ഷേപ സംരംഭം ആരംഭിച്ചുകഴിഞ്ഞു. ഈ ഉദ്യമത്തിന്റെ ഭാഗമായി, തായ്വാന്‍ കമ്പനി തമിഴ്‌നാടുമായി ഒരു സുപ്രധാന കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍പ്രകാരം പുതിയ ഇലക്ട്രോണിക് ഘടകങ്ങളുടെ ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് 1,600 കോടി രൂപ ഫോക്‌സ്‌കോണ്‍ തമിഴ്‌നാട്ടില്‍ നിക്ഷേപിക്കും.
ഈ പദ്ധതി പ്രാദേശിക തൊഴിലാളികള്‍ക്ക് ഏകദേശം 6,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോക്സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് (എഫ്ഐഐ) സിഇഒ ബ്രാന്‍ഡ് ചെംഗും നിരവധി കമ്പനി പ്രതിനിധികളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു.
തമിഴ്നാട്ടിലെ നിര്‍ദ്ദിഷ്ട സൗകര്യത്തില്‍ 180 ദശലക്ഷം ഡോളര്‍മുതല്‍ 200 ദശലക്ഷം ഡോളര്‍വരെ പ്രാരംഭ തുക നിക്ഷേപിക്കാനുള്ള പദ്ധതി യോഗത്തില്‍ എഫ്ഐഐ അവതരിപ്പിച്ചു. സംസ്ഥാന തലസ്ഥാനമായ ചെന്നൈയ്ക്ക് സമീപമുള്ള കാഞ്ചീപുരം ജില്ലയിലാണ് എഫ്ഐഐ സൗകര്യം സ്ഥിതി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
അതേസമയം ഫോക്സ്‌കോണുമായി കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ചര്‍ച്ചകള്‍ നടത്തി. സര്‍ക്കാരിന്റെ നയങ്ങള്‍ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് സഹായകരമാണെന്ന് പാട്ടീല്‍ അറിയിച്ചു.