16 Aug 2023 9:03 AM GMT
Summary
- ഐഫോണ്‍ 14 മോഡലിനു മുന്‍പു ആപ്പിള്‍ വളരെ കുറച്ച് ഐഫോണുകളായിരുന്നു ഇന്ത്യയില്‍ അസംബിള്‍ ചെയ്തിരുന്നത്
- സെപ്റ്റംബര്‍ 12ന് ഐഫോണ്‍ 15 ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
- ഐഫോണ്‍ ചൈനയിലായിരുന്നു ആപ്പിള്‍ കൂടുതല്‍ നിര്‍മിച്ചിരുന്നത്
ആപ്പിളിന്റെ പുതു തലമുറ ഫോണായ ഐഫോണ്‍ 15ന്റെ ഉല്‍പ്പാദനം ഫോക്‌സ്‌കോണ്‍ തമിഴ്‌നാട്ടില്‍ ആരംഭിച്ചു. തമിഴ്‌നാട്ടിലെ ശ്രീപെരമ്പതൂരിലുള്ള ഫോക്‌സ്‌കോണിന്റെ പ്ലാന്റിലാണ് ഉല്‍പ്പാദനം ആരംഭിച്ചത്.
സെപ്റ്റംബര്‍ 12ന് ഐഫോണ്‍ 15 ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന്റെ തോത് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഫോക്‌സ്‌കോണ്‍ ഇപ്പോള്‍ ഐഫോണ്‍ 15 ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. അതോടൊപ്പം ഐഫോണ്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വിപണിയില്‍ ഐഫോണുകളുടെ ലഭ്യത വര്‍ധിപ്പിക്കുക എന്നതും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഐഫോണ്‍ ചൈനയിലായിരുന്നു ആപ്പിള്‍ കൂടുതല്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് യുഎസും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച സംഭവിച്ചതും ചൈനയിലെ കോവിഡ്-19 അനുബന്ധ നിയന്ത്രണങ്ങളും ആപ്പിളിന് തിരിച്ചടി സമ്മാനിച്ചിരുന്നു.
ഇതേ തുടര്‍ന്നാണു ചൈനയില്‍ നിന്നും മാറി ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ ഡിവൈസുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ഐഫോണ്‍ 14 മോഡലിനു മുന്‍പു ആപ്പിള്‍ വളരെ കുറച്ച് ഐഫോണുകളായിരുന്നു ഇന്ത്യയില്‍ അസംബിള്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഐഫോണ്‍ അസംബിള്‍ ചെയ്യുന്നതിന്റെ തോത് വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. 2023-മാര്‍ച്ച് അവസാനത്തെ കണക്ക്പ്രകാരം ഏകദേശം 7 ശതമാനം ഐഫോണുകള്‍ ഇന്ത്യയിലാണു നിര്‍മിച്ചത്.
ഫോക്‌സ്‌കോണിനു പുറമെ പെഗാട്രോണ്‍ കോര്‍പ്പും, വിസ്‌ട്രോണ്‍ കോര്‍പ്പും ആപ്പിളിന്റെ സപ്ലൈറാണ്. വിസ്‌ട്രോണിനെ സമീപകാലത്ത് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പെഗാട്രോണും, വിസ്‌ട്രോണും ഉടന്‍ തന്നെ ഐഫോണ്‍ 15 അസംബിള്‍ ചെയ്യുന്നത് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിള്‍ തങ്ങളുടെ എയര്‍പോഡ്സ് വയര്‍ലെസ് ഇയര്‍ബഡുകളുടെ ഉല്‍പ്പാദനം ഹൈദരാബാദിലെ ഫോക്സ്‌കോണിന്റെ യൂണിറ്റില്‍ ആരംഭിക്കുമെന്നു ഓഗസ്റ്റ് 15ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
400 മില്യണ്‍ ഡോളറിന്റെ നിക്ഷേപമുള്ള ഫോക്സ്‌കോണിന്റെ ഹൈദരാബാദ് പ്ലാന്റില്‍ 2024 ഡിസംബറോടെ വന്‍തോതിലുള്ള നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോക്സ്‌കോണിന്റെ ഹൈദരാബാദ് ഫാക്ടറി എയര്‍പോഡുകള്‍ നിര്‍മിക്കും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 15 ഇന്ത്യയില്‍ 79,900 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ്.