image

31 July 2023 11:18 AM GMT

Technology

ഇലക്ട്രോണിക്‌സ് യൂണിറ്റ്: ഫോക്‌സ്‌കോണ്‍ തമിഴ്‌നാടുമായി പുതിയ കരാറിലെത്തി

MyFin Desk

Tamil Nadu govt says Foxconn Hon Hai to invest Rs 1,600 crore to build facility
X

Summary

  • പദ്ധതിയുടെ മുതല്‍ മുടക്ക് 16,00 കോടിരൂപ
  • കരാറിലെത്തുംമുമ്പ് ഫോക്‌സ്‌കോണ്‍ സിഇഒ ചെന്നൈ സന്ദര്‍ശിച്ചിരുന്നു
  • ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതിയില്‍ സംസ്ഥാനം ഇപ്പോള്‍ നാലാം സ്ഥാനത്ത്


പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാടുമായി ഫോക്സ്‌കോണ്‍ കരാറിലെത്തി.1,600 കോടി രൂപ മുതല്‍മുടക്കില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 6,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളാണ് തായ്വാനിലെ ഫോക്സ്‌കോണ്‍.

വേദാന്തയുമായി പ്രഖ്യാപിച്ചിരുന്ന സംയുക്ത സംരംഭത്തില്‍നിന്ന് ഫോക്‌സ്‌കോണ്‍ പിന്മാറിയശേഷം ഹോണ്‍ ഹായ് ടെക്‌നോളജി ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപമാണിത്. ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഫോക്‌സ്‌കോണ്‍. കരാറിലെത്തും മുമ്പ് ഫോക്‌സ്‌കോണ്‍ സിഇഒ ബ്രാന്‍ഡ് ചെങ് ഈ മാസം ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടകയിലെ തുംകൂറില്‍ 8000കോടിയുടെ ഒരു ഒരു യൂണിറ്റ് സ്ഥാപിക്കാനും എഫ്‌ഐഐ കമ്പനി നിര്‍ദ്ദേശിച്ചിരുന്നു.

ആഗോളകമ്പനികള്‍ക്ക് അനുകൂല സാഹചര്യം സംസ്ഥാനത്ത് ലഭ്യമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഫോക്സ്‌കോണിന്റെ ആവര്‍ത്തിച്ചുള്ള നിക്ഷേപങ്ങളെന്ന് തമിഴ്‌നാട് വ്യവസായമന്ത്രി രാജ പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇലക്ട്രോണിക് കയറ്റുമതിയില്‍ തമിഴ്‌നാട് രണ്ട് മടങ്ങ് വര്‍ധനവ് നേടിയിട്ടുണ്ട്. 2021-22 ല്‍ കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവയ്ക്ക് ശേഷം ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതിയില്‍ സംസ്ഥാനം നാലാം സ്ഥാനത്താണ്.

വന്‍കമ്പനികള്‍ സംസ്ഥാനത്ത് വീണ്ടും നിക്ഷേപം നടത്തുന്നത് മറ്റ് ആഗോള കമ്പനികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായിക്കും എന്നാണ് രാജയുടെ വിശ്വാസം. രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രോണിക്‌സ് കയറ്റുമതിക്കാരായി മാറുക എന്നതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. ഒരുലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ തമിഴ്‌നാട്ടില്‍ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യം.

2006 ഏപ്രല്‍മാസത്തിലാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ചെന്നൈയിലെ നോക്കിയയുടെ നിര്‍മ്മാതാക്കളായിരുന്നു കമ്പനി. 2014-ല്‍ മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തതിനുശേഷം, ചെന്നൈയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ആവര്‍ഷം ഡിസംബറില്‍ ഫോക്സ്‌കോണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ഇത് ഒരു ആപ്പിള്‍ നിര്‍മ്മാതാവായി തിരിച്ചെത്തി. ഗ്രൂപ്പിന് ഇന്ത്യയില്‍ ഏകദേശം 15 അനുബന്ധ സ്ഥാപനങ്ങളുണ്ട്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യംഗ് ലിയു ഇന്ത്യ സന്ദര്‍ശിച്ച ശേഷം, കര്‍ണാടകയിലും തെലങ്കാനയിലും രണ്ട് പ്രധാന നിക്ഷേപങ്ങള്‍ ഫോക്സ്‌കോണ്‍ പ്രഖ്യാപിച്ചു. ഉല്‍പ്പാദനം വിപുലീകരിക്കുന്നതിനായി 500 മില്യണ്‍ ഡോളര്‍ ഇന്ത്യന്‍ യൂണിറ്റുകളില്‍ നിക്ഷേപിക്കുമെന്ന് 2022 അവസാനത്തോടെ ഫോക്സ്‌കോണ്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഫോക്‌സ്‌കോണ്‍ 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും ശ്രീപെരുമ്പത്തൂരിലെ കമ്പനിയുടെ സൗകര്യത്തിന് സമീപം തൊഴിലാളികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. യൂണിറ്റിലെ ജീവനക്കാരുടെ എണ്ണം ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.