image

6 July 2023 7:18 AM

Technology

7 മണിക്കൂറില്‍ 1 കോടി Sign-Ups; തരംഗമായി ത്രെഡ്‌സ്

MyFin Desk

50 lakh sign-ups in 4 hours threads
X

Summary

  • സുക്കര്‍ബെര്‍ഗിന് ഏതാനും മണിക്കൂറിനുള്ളില്‍ ത്രെഡ്‌സില്‍ 3,10,000 ഫോളോവേഴ്‌സിനെ ലഭിച്ചു
  • ഇലോണ്‍ മസ്‌കിന് 150 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്
  • 2012 ജനുവരി 18-നാണ് അവസാനമായി സുക്കര്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത്


ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി മെറ്റ ഇന്ന് (ജുലൈ 6) 120 രാജ്യങ്ങളില്‍ ത്രെഡ്‌സ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുകയുണ്ടായി. ലോഞ്ച് ചെയ്ത് വെറും 7 മണിക്കൂറില്‍ 1 കോടി പുതിയ അക്കൗണ്ടുകളാണ് രൂപപ്പെട്ടതെന്ന് മെറ്റ സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് ത്രെഡ്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.

സുക്കര്‍ബെര്‍ഗിന് അക്കൗണ്ട് തുറന്ന് ഏതാനും മണിക്കൂറിനുള്ളില്‍ ത്രെഡ്‌സില്‍ 3,10,000 ഫോളോവേഴ്‌സിനെ ലഭിച്ചു. നിരവധി പേര്‍ ഫോളോ ചെയ്യുന്നത് തുടരുകയാണ്.

ട്വിറ്റിന്റെ ഉടമയായ ഇലോണ്‍ മസ്‌കിന് 150 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്.

' തുറന്നതും, സൗഹൃദ സംഭാഷണങ്ങള്‍ക്കു വേണ്ടിയുള്ളതുമായ ഒരു പൊതു ഇടം ' എന്നാണ് ത്രെഡ്‌സ് ലോഞ്ച് ചെയ്യുന്ന വീഡിയോയില്‍ സുക്കര്‍ബെര്‍ഗ് വിശേഷിപ്പിച്ചത്. ലോകത്തിന് ഇതുപോലെയുള്ള സൗഹൃദ കൂട്ടായ്മ ആവശ്യമാണെന്നും ആദ്യ ദിനം മുതല്‍ ത്രെഡ്‌സിന്റെ ഭാഗമായ എല്ലാവരോടും നന്ദി പറയുന്നതായും സുക്കര്‍ബെര്‍ഗ് പറഞ്ഞു.

ത്രെഡ്‌സ് പ്രധാനമായും ലക്ഷ്യമിടുന്നത് ട്വിറ്ററിനെയാണ്. ട്വിറ്ററിന് പ്രതിദിനം 370 ദശലക്ഷം ആക്ടീവ് യൂസര്‍മാരുണ്ട്. ട്വിറ്ററിന്റെ കരുത്തുറ്റ യൂസര്‍ ബേസിനെ മറികടന്ന് വിജയം വരിക്കണമെങ്കില്‍ ത്രെഡ്‌സിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായി വരും. എന്നാല്‍ മെറ്റ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ളതായതിനാല്‍ ത്രെഡ്‌സിന് വലിയ രീതിയിലുള്ള വെല്ലുവിളി നേരിടേണ്ടി വരില്ലെന്നും വിലയിരുത്തലുണ്ട്.

അതേസമയം ത്രെഡ്‌സ് ലോഞ്ച് ചെയ്ത ജുലൈ 6-ന് സുക്കര്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത് വലിയ പ്രാധാന്യം നേടി. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സുക്കര്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത്. 2012 ജനുവരി 18-നാണ് അവസാനമായി സുക്കര്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത്.

രണ്ട് സ്‌പൈഡര്‍മാന്‍ വേഷധാരികളുടെ ചിത്രമായിരുന്നു ട്വീറ്റ് ചെയ്തത്. രണ്ട് പേരില്‍ ഒരാള്‍ മറ്റൊരാളെ ചൂണ്ടി നില്‍ക്കുന്നതാണ് രംഗം. സ്‌പൈഡര്‍മാന്‍ കാര്‍ട്ടൂണും 1967-ല്‍ പുറത്തിറങ്ങുകയും ചെയ്ത ' ഡബിള്‍ ഐഡന്റിറ്റി ' യില്‍ നിന്നുള്ളതാണ് ചിത്രം.

ത്രെഡ്‌സ് കൂടുതല്‍ ജനകീയമാകുമെന്നും ട്വിറ്ററിനെ മറികടക്കുമെന്നുമുള്ള സംസാരം ഇതിനോടകം പ്രചരിക്കവേ ത്രെഡ്‌സ് ട്വിറ്ററിന്റെ കോപ്പി പേസ്റ്റ് രൂപമാണെന്നു പരിഹസിച്ച് മസ്‌ക് രംഗത്തുവരികയും ചെയ്തു.

ഡോഗ് ഡിസൈനര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലെ ട്വീറ്റിനാണ് മസ്‌ക് ഇത്തരത്തില്‍ പ്രതികരിച്ചത്.