18 Aug 2023 6:33 AM GMT
Summary
- 3ഡി പ്രിന്റിംഗ് ടെക്‌നോളജി നിര്‍മാണ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്
- എല്‍ ആന്‍ഡ് ടി ആണ് നിര്‍മാണത്തിനു നേതൃത്വം കൊടുത്തത്
- കെട്ടിടത്തിന്റെ ഘടന നിര്‍മിക്കുന്നതിനുള്ള അതിവേഗ മാര്‍ഗമായി 3ഡി പ്രിന്റിംഗ് ടെക്‌നോളജി വളര്‍ന്നുവരികയാണ്
ഇന്ത്യയിലെ ആദ്യ 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളുരുവില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് ഓഗസ്റ്റ് 18ന് ഉദ്ഘാടനം ചെയ്തു.
3ഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമെന്നതാണ് ഈ പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത.
ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടില്‍ അള്‍സൂര്‍ ബസാറിന് സമീപമാണ് 1100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള തപാല്‍ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. എല്‍ ആന്‍ഡ് ടി ആണ് നിര്‍മാണത്തിനു നേതൃത്വം കൊടുത്തത്. ഐഐടി മദ്രാസ് കെട്ടിടത്തിന്റെ ഘടനാപരമായ രൂപകല്‍പ്പനയ്ക്കുള്ള (സ്ട്രക്ച്ചറല്‍ ഡിസൈന്‍) അംഗീകാരവും നല്‍കി.
3ഡി പ്രിന്റിംഗ്
കെട്ടിടത്തിന്റെ ഘടന (സ്ട്രക്ച്ചര്‍) നിര്‍മിക്കുന്നതിനുള്ള അതിവേഗ മാര്‍ഗമായി 3ഡി പ്രിന്റിംഗ് ടെക്‌നോളജി വളര്‍ന്നുവരികയാണ്. 3ഡി പ്രിന്റിംഗ് ടെക്‌നോളജി നിര്‍മാണ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, നിര്‍മാണ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.
പുതിയ 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ ബെംഗളുരുവിലെ ഹലാസുരു ബസാറിലെ നിലവിലുള്ള പോസ്റ്റ് ഓഫീസ് പൂട്ടുമെന്നും ജീവനക്കാരെയും, തപാല്‍ സാമഗ്രികളെയും പുതിയ കെട്ടിടത്തിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.