5 Feb 2025 9:10 AM GMT
Summary
- സര്‍ക്കാര്‍ രേഖകളുടെ രഹസ്യ സ്വഭാവം മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം
- ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിന്റെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ചാറ്റ്ജിപിടി, ഡീപ്‌സീക്ക് എന്നിവയുള്‍പ്പെടെയുള്ള എഐ ടൂളുകള്‍ ഒഴിവാക്കാന്‍ ജീവനക്കാരോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ഡാറ്റാ സുരക്ഷാ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിന്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓപ്പണ്‍എഐ മേധാവി ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 'ഓഫീസ് കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലുമുള്ള എഐ ടൂളുകളും എഐ ആപ്പുകളും സര്‍ക്കാര്‍ ഡാറ്റയുടെയും രേഖകളുടെയും രഹസ്യസ്വഭാവത്തിന് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തി,' ജനുവരി 29 ലെ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പറയുന്നു.
ഈ നിര്‍ദ്ദേശം യഥാര്‍ത്ഥമാണെന്നും ഇത് ആഭ്യന്തരമായി പുറത്തിറക്കിയതാണെന്നും മൂന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റ് ഇന്ത്യന്‍ മന്ത്രാലയങ്ങള്‍ക്കും സമാനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് റോയിട്ടേഴ്സിന് ഉടന്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
രാജ്യത്തെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളുമായുള്ള ഉയര്‍ന്ന പകര്‍പ്പവകാശ ലംഘന പോരാട്ടം കാരണം ഓപ്പണ്‍എഐ ഇന്ത്യയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.