image

11 March 2025 5:00 PM IST

Technology

ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന കുറയുന്നു

MyFin Desk

ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന കുറയുന്നു
X

Summary

  • 4 ജി, 5 ജി സേവനങ്ങള്‍ വ്യാപിക്കുന്നത് 2ജി അവസാനിക്കാന്‍ കാരണം
  • 2 ജി ഫീച്ചര്‍ ഫോണ്‍ വിപണനത്തില്‍ 22 ശതമാനം വരെ കുറവ്
  • രണ്ടുവര്‍ഷം കൊണ്ട് ഫീച്ചര്‍ ഫോണ്‍ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാകും


രാജ്യത്ത് ഫീച്ചര്‍ ഫോണുകളുടെ ആവശ്യവും വില്‍പ്പനയും കുറയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 4 ജി, 5 ജി സേവനങ്ങള്‍ വ്യാപിക്കുകയും 2 ജി മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും ചെയ്യുന്നതോടെയാണ് ഫീ്ച്ചര്‍ ഫോണുകള്‍ക്ക് മാര്‍ക്കറ്റ് ഇല്ലാതായത്.

അടുത്ത രണ്ടുവര്‍ഷം കൊണ്ട് ഫീച്ചര്‍ ഫോണ്‍ ഉപയോഗത്തില്‍ രാജ്യത്ത് ഗണ്യമായ കുറവുണ്ടാകുമെന്ന് അനലറ്റിക്സ് കമ്പനിയായ സൈബര്‍ മീഡിയ റിസര്‍ച്ച് വിലയിരുത്തി. സ്മാര്‍ട്ട്ഫോണുകളുടെ വില കുറഞ്ഞു വരുന്നതും ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിക്കുന്നതും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരും ടെലികോം കമ്പനികളും സ്വീകരിക്കുന്ന നടപടികളും എല്ലാം ഇതിനു കാരണമാകുന്നുണ്ട്.

റിലയന്‍സ് ജിയോയുടെ 1,000 രൂപ വിലയുള്ള 4 ജി ഫീച്ചര്‍ ഫോണിന്റെ വരവോടെ ഇവയുടെ വില്‍പ്പന ഉയര്‍ന്നിരുന്നു. എന്നാല്‍, 2024-ല്‍ റിലയന്‍സ് ഫോണുകളുടെ വില്‍പ്പനയും കുറഞ്ഞു. നിലവില്‍ 10,000 രൂപയില്‍ താഴെ വിപണിയില്‍ 5 ജി സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാണ്. കൂടുതല്‍പ്പേര്‍ ഇത്തരം ഫോണുകളിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്.

സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം 2 ജി ഫീച്ചര്‍ ഫോണ്‍ വിപണനത്തില്‍ 22 ശതമാനം വരെ കുറവുവന്നിട്ടുണ്ട്. 4 ജി സേവനങ്ങള്‍ ലഭ്യമായിട്ടുള്ള ഫീച്ചര്‍ ഫോണുകളുടെ വിഭാഗത്തില്‍ ഇടിവ് 59 ശതമാനം വരെയാണ്. ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി.

2 ജിയില്‍നിന്നുള്ള വരുമാനം വളരെ കുറഞ്ഞതായി എയര്‍ടെല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലത്തില്‍ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, മുംബൈ, ഡല്‍ഹി പോലുള്ള വിപണികളില്‍ ഇത് രണ്ടക്കത്തില്‍ താഴെയാണ്.