15 May 2023 7:52 AM GMT
Summary
- ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ യൂസര്‍മാരാണ് പരാതി ഉന്നയിച്ചത്
- വിശദീകരണവുമായി മെറ്റ രംഗത്തുവന്നു
- ബഗ് മൂലം ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും പ്രശ്‌നം പരിഹരിച്ചതായും മെറ്റ അറിയിച്ചു.
ഫേസ്ബുക്കില്‍ നമ്മള്‍ ബ്രൗസ് ചെയ്യുമ്പോള്‍ ന്യൂസ് ഫീഡ് മാത്രമല്ല സന്ദര്‍ശിക്കാറുള്ളത്. ഫ്രണ്ട്‌സ് അല്ലാത്ത എന്നാല്‍ നമ്മള്‍ക്ക് അറിയാവുന്നവരുടെ പ്രൊഫൈലും സന്ദര്‍ശിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ചു പഠിച്ചവരുടെയും, മുന്‍ കാമുകിമാരുടെയുമൊക്കെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരും നമ്മള്‍ക്കിടയിലുണ്ട്.
ഇങ്ങനെ പ്രൊഫൈല്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ നമ്മള്‍ അറിയാതെ അവര്‍ക്ക് റിക്വസ്റ്റ് പോയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അങ്ങനെ സംഭവിച്ചിരിക്കുകയാണ് ഫേസ്ബുക്കില്‍. ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ യൂസര്‍മാരാണ് ഈ പരാതി ഉന്നയിച്ച് രംഗത്തുവന്നത്.
ഫേസ്ബുക്ക് തങ്ങളുടെ പേരിലുള്ള അക്കൗണ്ടില്‍നിന്നും തങ്ങളുടെ അറിവില്ലാതെ മറ്റ് യൂസര്‍മാര്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കുന്നതായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. ഇതുസംബന്ധിച്ച സ്‌ക്രീന്‍ ഷോട്ടും വീഡിയോയുമൊക്കെ തെളിവായി പോസ്റ്റ് ചെയ്യുകയുമുണ്ടായി. ട്വിറ്ററിലാണു ഭൂരിഭാഗം പേരും പോസ്റ്റിട്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ രംഗത്തുവന്നു. ഇത് ഒരു ബഗ് (സാങ്കേതിക തകരാര്‍) മൂലം സംഭവിച്ചതാണെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ സൂചിപ്പിച്ചു. ബഗ് മൂലം ഉപയോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ബഗ് പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചു.
എന്നാല്‍ ബഗ് ഉണ്ടാകാനുള്ള കാരണം എന്താണെന്നു മെറ്റ വെളിപ്പെടുത്തിയില്ല.
ഇതാദ്യമായല്ല ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റാ സ്വകാര്യതയെ (data privacy) കുറിച്ച് ആശങ്കപ്പെടേണ്ടി വരുന്നത്. 2021-ല്‍ ഫേസ്ബുക്കിനെ ഒരു ഹാക്കിംഗ് ഫോറം ഹാക്ക് ചെയ്യുകയുണ്ടായി. അതിലൂടെ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവുമുണ്ടായി.
2018-ലും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തുറന്നുകാട്ടുന്ന ഒരു ഡാറ്റാ ലംഘനം പ്ലാറ്റ്ഫോമിനെ ബാധിച്ചു.
യൂസര്‍മാരുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ ഫേസ്ബുക്കിനു പലതവണ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. യുഎസിലെയും യൂറോപ്പിലെയും റെഗുലേറ്റര്‍മാര്‍ ഇതിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
സമീപകാലത്തായി തട്ടിപ്പുകാരുടെ (scammers ) ഇഷ്ട ഓണ്‍ലൈന്‍ താവളമായി ഫേസ്ബുക്ക് മാറിയിരിക്കുകയാണ്.
വെരിഫൈഡ് ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യുകയും പേജിന്റെ പേരും ഫെയ്‌സ്ബുക്ക് യുആര്‍എല്ലും മാറ്റുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വെരിഫൈഡ് ചെയ്ത ചില പേജുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ളവയായിരുന്നു.