11 July 2023 3:30 PM GMT
Summary
- ബാങ്കിങ് മേഖലയിലെ ഡിജിറ്റൽ വിപ്ലവം സ്വാഭാവികമായും തട്ടിപ്പുകളുടെ വര്ധനക്കും കാരണമായി
- 2021 നു ശേഷം ഡിജിറ്റൽ ഇടപാടുകളിൽ ക്രമാതീതമായ വർധന
- തട്ടിപ്പുകളുടെ പുതിയ രൂപങ്ങൾ ഉപയോക്താക്കൾ തിരിച്ചറിഞ്ഞു ജാഗ്രത പാലിക്കണം
ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിലും ഡിജിറ്റൽ ഇടപാടുകളിലും ഇന്ത്യ ഏറ്റവും മുന്നിലാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഒരു വലിയ മാറ്റമാണ് ഈ മേഖലയിൽ നടന്നത്. രാജ്യത്തെ സാങ്കേതിക വിപ്ലവം കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നിർണായക പാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു .സാങ്കേതിക വിപ്ലവത്തിന്റെ ഭാഗമായി എല്ലാ മേഖലയിലും ആളുകൾക്ക് ഗുണകരമായ ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ബാങ്കിങ് മേഖലയിൽ ഡിജിറ്റൽ വിപ്ലവം
ഇന്ത്യയുടെ ബാങ്കിങ്ങ് മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ട് വരാൻ സാങ്കേതിക വിദ്യക്ക് കഴിഞ്ഞു. ആളുകൾ വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും ബാങ്കിങ് ഇടപാടുകൾനടത്തുന്നു.. വിദ്യാർത്ഥികൾ ദിവസവേതനക്കാർ, ചെറുകിട കച്ചവടക്കാർ തുടങ്ങി കോടീശ്വരന്മാരും വൻകിട വ്യവസായികൾ വരെ ഓൺലൈൻ ബാങ്കിങ്ങിന്റെ ഗുണഫലം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ബാങ്കിംഗ് മേഖലയിലെ സാങ്കേതിക വിപ്ലവം ഒരു കൂട്ടം ക്രിമിനലുകൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തു
പുതിയ സാങ്കേതിക വിദ്യകളും ഡിജിറ്റൽ പണമിടപാടുകൾ നടത്താനുള്ള വഴികളും വന്നതോടെ, ആളുകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾക്കു എളുപ്പമായി.അതിനുവേണ്ടി അവർ പുതിയതും നൂതനവുമായ വഴികൾ കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. ബാങ്കിംഗ് ഇടപാടുകളെ സാങ്കേതിക വിദ്യ ദ്രുതഗതിയിലാക്കിയത് അഭിനന്ദനാർഹം തന്നെ. ധാരാളം ആളുകൾക്ക് അറിവില്ലായ്മ മൂലം സാമ്പത്തിക തട്ടിപ്പുകൾക്കിരയാവേണ്ടി വന്നുവെന്നത് ഇതിന്റെ ദയനീയമായ മറ്റൊരു വശം. ഉയർന്ന വിദ്യാഭ്യാസമുള്ളവർ വരെ ഇത്തരം തട്ടിപ്പുകളിൽ എങ്ങനെ അകപ്പെടുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ബാങ്കിംഗ് മേഖലയിൽ അനധികൃത ക്യുആർ കോഡുകൾ, മാൽ വെയർ ലിങ്കുകൾ, വ്യാജ കോളുകൾ തുടങ്ങിയവ വഴിയുള്ള സൈബർ തട്ടിപ്പുകൾ അരങ്ങു വാഴുന്നു.
എന്നാൽ ഇത്തരം ഭീഷണികൾക്കിയിടയിലും ഓൺലൈൻ ബാങ്കിംഗ് രീതികൾ ഉപയോഗിക്കുന്ന ആളുകളുടെ കണക്കുകൾ വർദ്ധിച്ചു വരുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കോവിഡ് 19 മഹാമാരിക്ക് ശേഷം രാജ്യത്തു നടന്നത് ഒരു ഡിജിറ്റൽ വിപ്ലവം തന്നെയാണ്. ചെറുകച്ചവടക്കാർ ഉൾപ്പെടെ രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും വരെ ഡിജിറ്റൽ ഇടപാടുകൾ നടന്നു.
2023 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെകിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻവർദ്ധന ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2017-2018 കാലഘട്ടത്തിൽ 2070.84 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടന്നു. 2019 - 2021 കാലഘട്ടങ്ങളിൽ ഡിജിറ്റൽ ഇടപാടുകളിൽ ഏതാണ്ട് ക്രമമായ വർധന രേഖപ്പെടുത്തി. 2021 നു ശേഷം ഇടപാടുകളിൽ ക്രമാതീതമായ വളർച്ചക്ക് സാക്ഷ്യം വഹിച്ച് 8848 .29 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം പകുതിയോളം വർധിച്ച് 12008.75 കോടി രൂപയിൽ ഡിജിറ്റൽ ഇടപാടുകളുടെ അഭൂതപൂർവമായ വളർച്ചയിൽ എത്തി നിൽക്കുന്നു.
ആർബിഐയുടെ ഒരുറിപ്പോർട്ട് പ്രകാരം , 2020-21 വർഷത്തിന് ശേഷം സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഭൂരിഭാഗവും ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളാണ്. 2023 മാർച്ച് അവസാന പാദത്തിൽ നടത്തിയ ഡിജിറ്റൽ പേയ്‌മെന്റ് മൂല്യത്തിൽ ഓരോ ലക്ഷം രൂപയ്ക്കും 1.45 രൂപ യുടെ ഇടപാടുകൾ തട്ടിപ്പാണ് എന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
തട്ടിപ്പുകാർക്കും ചാകര
ആർ ബി ഐ യുടെ കണക്കുപ്രകാരം 2022 സാമ്പത്തിക വർഷത്തിൽ കണക്കുപ്രകാരം രാജ്യത്ത് 155 കോടിയുടെ 3596 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 2023 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം ഇത് ഏകദേശം ഇരട്ടിയാവുകയും 276 കോടിയുടെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ചെയ്തുവെന്ന് ആർബിഐ പറയുന്നു. ഇത്തരം തട്ടിപ്പുകളിൽ 94.5 ശതമാനവും മുൻ സാമ്പത്തിക വർഷങ്ങളിൽ സംഭവിച്ചതാണ്. 2022 -2023 കാലയളവിൽ രാജ്യത്ത് യു പി ഐ ഇടപാടുകളെ മാത്രം അടിസ്ഥാനമാക്കി 95,000 തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് കേസുകൾ നിരീക്ഷിക്കാനും എൻബിഎഫ്‌സികളും ബാങ്കുകളും പാലിക്കേണ്ട ആവശ്യകതകൾ നിരീക്ഷിക്കാനും ഇത് എങ്ങനെ മെച്ചപ്പെടുത്താമെന്ന് കാണാനും കഴിഞ്ഞ വർഷം ഒക്ടോബറിൽ ആർബിഐ വെബ് അധിഷ്‌ഠിത വർക്ക്‌ഫ്ലോ സംവിധാനമായ ദക്ഷ്( DAKSH)ആരംഭിച്ചിരുന്നു.
ഇടപാടുകളിൽ ജാഗ്രത വേണം
ഓൺലൈൻ ബാങ്കിംഗ് മേഖലയിൽ വരുന്ന ഇത്തരം അപകടങ്ങളെക്കുറിച്ച് ബോധവാനാവുകയാണ് ആദ്യം വേണ്ടത്. സൈബർ തട്ടിപ്പിന് ഇരയായവർക്കു വൻ തുകകൾ നഷ്ടപെടുന്ന സംഭവങ്ങൾ ഉണ്ട്.
- പ്രധാന ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ ജീവിത സമ്പാദ്യങ്ങളും അടുക്കിവെക്കുകയും തുടർന്ന് ദൈനംദിന ഇടപാടുകൾക്കും അതേ അക്കൗണ്ട് ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഇത് കൂടുതലായി സംഭവിക്കുന്നത്. ദൈനംദിന ഓൺലൈൻ ഇടപാടുകൾക്ക് നടത്തുന്നതിന് മറ്റൊരു ബാങ്ക് അക്കൗണ്ട് സൃഷ്ടിക്കാനും ഉപയോഗിക്കാനും കഴിയും.
- ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക് ശക്തമായ പാസ് വേർഡ് സെറ്റ് ചെയ്യുക. ബാങ്കുകളുടെ ആപ്പുകൾക്ക് പുറമെ ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ ആപ്പുകൾക്കും ശ്കതമായ പാസ്‌വേഡ് ഉപയോഗിക്കാം.
- പ്രധാന ഇ കോമേഴ്‌സ് വെബ്സൈറ്റുകളിൽനിന്ന് അല്ലാതെ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നെങ്കിൽ പണം ഓൺലൈൻ വഴി കൈമാറാതിരിക്കുക.
- ഉപക്താവിന്റെ അറിവോടെയല്ലാതെ പണം നഷ്ടപെട്ടാൽ എടിഎം ഡെബിറ്റ് ക്രെഡിറ്റ്കാർഡുകൾ ബാങ്കുമായി ബന്ധപ്പെട്ടു ഉടൻ ബ്ലോക്ക്ചെ യ്യുക.ഓൺലൈൻ ബാങ്കിങ് വിവരങ്ങളും ഒടിപിയും കാർഡ് വിശദാംശങ്ങളും ആരുമായും പങ്കുവെക്കാതിരിക്കുക.
- ബാങ്കിങ് വിവരങ്ങൾ ഇ-മെയിലിലോ അപരിചിതമായ കംപ്യൂട്ടറുകളിലോ മൊബൈൽ ബ്രൌസറിലോ ആപ്പുകളിലോ സേവ് ചെയ്യാതിരിക്കുക.
- ബാങ്കിംഗ് ആപ്പുകൾ ഉപയോഗിച്ചാൽ ലോഗ് ഔട്ട് ചെയ്യാൻ മറക്കാതിരിക്കാം. കൃത്യമായ ഇടവേളകളിൽ ഇന്റ്ർനെറ്റ് ബാങ്കിങ് പാസ്സ്‌വേർഡ് മാറ്റുക.
- വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ നിന്ന് ലഭിക്കുന്ന ആ പ്പുകളോ ലിങ്കുകളോ ഡൗൺലോഡ് ചെയ്യാതിരിക്കാൻ ശ്രെദ്ധിക്കണം. പിങ്ക് വാട്സാപ്പ് പോലെയുള്ള തട്ടിപ്പുകൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ഒട്ടേറെ നിർദ്ദേശങ്ങൾ ബാങ്കുകൾക്കും നൽകുന്നുണ്ട്. സർക്കാർ തലത്തിൽ ധാരാളം നടപടികൾ എടുക്കുന്നതോടൊപ്പം സാധാരണക്കാരുടെ പണം സുരക്ഷിതമായിരിക്കാൻ ബാങ്കുകളും നടപടി കൈക്കൊള്ളുന്നുണ്ട്. റിസർവ് ബാങ്കുംഅധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാവണം. ജാഗ്രതയുണ്ടെങ്കിൽ ഓരോ രൂപയും സുരക്ഷിതമായിരിക്കും.