9 March 2025 3:55 PM IST
Summary
- സെമികണ്ടക്ടര്‍ മേഖലയില്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം
- സെമികണ്ടക്ടര്‍ ഹബ്ബായി ധോലേര ഉയരുമെന്ന് പ്രതീക്ഷ
- ഇന്ത്യയിലെ അഞ്ച് സെമികണ്ടക്ടര്‍ പ്ലാന്റുകളില്‍ നാലെണ്ണവും ധോലേരയില്‍
ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകരും എന്‍ആര്‍ഐകളും. സെമികണ്ടക്ടര്‍ ഹബ്ബായി വളര്‍ന്നുവരുന്ന ധോലേരയിലാണ് ഇന്ത്യയിലെ അഞ്ച് സെമികണ്ടക്ടര്‍ പ്ലാന്റുകളില്‍ നാലെണ്ണവും.
ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഹബ്ബായി മാറാനുള്ള ധോലേരയുടെ സാധ്യതയാണ് നിക്ഷേപകര്‍ക്ക് താല്‍പ്പര്യമാകുന്നത്. സമീപ മാസങ്ങളില്‍ നിക്ഷേപക സന്ദര്‍ശനങ്ങളിലും ഭൂമി അന്വേഷണങ്ങളിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ആയ്ജി ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ലളിത് പരിഹാര്‍ പറഞ്ഞു.
ധോലേരയില്‍ 10,000 കോടി രൂപയുടെ കോമ്പൗണ്ട് സെമികണക്ട് ഫാബും ഒപ്റ്റോഇലക്ട്രോണിക്‌സ് സൗകര്യവും സ്ഥാപിക്കുന്നതിനായി ഗുജറാത്ത് സെമികണക്ട് കോണ്‍ഫറന്‍സില്‍ ഗുജറാത്ത് സര്‍ക്കാരുമായി നെക്സ്റ്റ്‌ജെന്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സ്, തായ്വാന്‍ കമ്പനികളായ പിഎസ്എംസി, ഹിമാക്‌സ് ടെക്നോളജീസ് എന്നിവ തമ്മില്‍ ത്രികക്ഷി കരാര്‍ ഒപ്പുവച്ചതായും പരിഹാര്‍ പറഞ്ഞു. ധോലേര എസ്ഐആറില്‍ 91,000 കോടി രൂപയുടെ സെമികണ്ടക്ടര്‍ പദ്ധതിയാണ് ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്നത്.
ധോലേര എസ്ഐആറില്‍ ആശുപത്രി, സ്‌കൂള്‍, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സംയോജിത റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കാര്‍ഗോ വിമാനത്താവളം, അഹമ്മദാബാദ്-ധോലേര എക്‌സ്പ്രസ് വേ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇത് ധോലേരയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടുമെന്നും ഡവലപ്പര്‍ പറഞ്ഞു.
ആയ്ജി ഗ്രൂപ്പ് ഇതിനകം തന്നെ അഞ്ച് പദ്ധതികളിലായി 100 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഫിനിറ്റി ഇന്‍ഫ്രാകോണുമായി 200 കോടി രൂപയുടെ സംയുക്ത സംരംഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി (ഡിഎംഐസി) യുടെ കീഴിലുള്ള ഒരു ആസൂത്രിത സ്മാര്‍ട്ട് സിറ്റിയാണ് ധോലേര എസ്‌ഐആര്‍.