image

13 July 2023 6:56 AM

Technology

ഡല്‍ഹി മെട്രോയുടെ മൊബൈല്‍ ആപ്പ് സൂപ്പര്‍ഹിറ്റ്; 1.75 ലക്ഷം ഡൗണ്‍ലോഡുകള്‍

MyFin Desk

delhi metros mobile app superhit
X

Summary

  • ട്രാവല്‍ പ്ലാനര്‍, ഫെയര്‍ കാല്‍ക്കുലേറ്റര്‍ (fare calculator) സ്റ്റേഷന്‍ വിവരങ്ങള്‍, സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉണ്ട്
  • ക്യുആര്‍ കോഡ് ടിക്കറ്റിംഗിന്റെ സൗകര്യം തന്നെ ആപ്പിലൂടെ ലഭിക്കും
  • യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കാനും ആപ്പില്‍ തന്നെ ഇടപാട് പൂര്‍ത്തിയാക്കാനും സാധിക്കും


ഡല്‍ഹി മെട്രോയുടെ ' ഡിഎംആര്‍സി ട്രാവല്‍ ' (DMRC TRAVEL) എന്ന പുതിയ ആപ്പിന് 1.75 ലക്ഷം ഡൗണ്‍ലോഡുകള്‍ ഉണ്ടായതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു.

കഴിഞ്ഞ മാസമാണ് ആപ്പ് ലോഞ്ച് ചെയ്തത്. ക്യുആര്‍-കോഡ് ടിക്കറ്റുകള്‍ വാങ്ങാന്‍ ഈ ആപ്പ് യൂസര്‍മാരെ അനുവദിക്കുന്നു. കൂടാതെ ട്രാവല്‍ പ്ലാനര്‍, ഫെയര്‍ കാല്‍ക്കുലേറ്റര്‍, സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് തുടങ്ങിയ ഫീച്ചറുകളും ആപ്പ് ഓഫര്‍ ചെയ്യുന്നുണ്ട്.

ഡല്‍ഹി മെട്രോ യാത്രക്കാരില്‍ ഏകദേശം 70 ശതമാനവും മെട്രോ സ്മാര്‍ട്ട് കാര്‍ഡുകളെ ആശ്രയിക്കുന്നവരാണ്. ബാക്കിയുള്ളവര്‍ ടോക്കണുകളും ഉപയോഗിക്കുന്നു. എന്നാല്‍ ഈ പുതിയ ആപ്പ് ടിക്കറ്റിംഗ് ആവശ്യങ്ങള്‍ക്കുള്ള ഒരു അധിക ഓപ്ഷനായി പ്രവര്‍ത്തിക്കുന്നു.

ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അവരുടെ സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ടിക്കറ്റ് പര്‍ച്ചേസ് ചെയ്യാനാകും. ടിക്കറ്റ് കൗണ്ടറിലേക്കോ, വെന്‍ഡിംഗ് മെഷീനിലേക്കോ പോകാതെ, ക്യു നില്‍ക്കാതെ ടിക്കറ്റ് എടുക്കാനാകും.

ക്യുആര്‍ കോഡ് ടിക്കറ്റിംഗിന്റെ സൗകര്യം തന്നെ ഈ ആപ്പിലൂടെ ലഭിക്കും.

വളരെ വേഗത്തില്‍ ടിക്കറ്റ് ലഭ്യമാക്കുകയാണ് ഈ സംവിധാനം. ഇപ്പോള്‍ ഈ ആപ്പ് ആന്‍ഡ്രോയ്ഡിലാണ് ഡൗണ്‍ലോഡ് ചെയ്യാനാവുന്നത്. ഉടന്‍ തന്നെ ആപ്പിളിന്റെ iOS പ്ലാറ്റ്‌ഫോമിലും ഈ ആപ്പ് ലഭ്യമാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു.

യുപിഐ, ക്രെഡിറ്റ്കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ്, ഇ-വാലറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഇത് ഉപയോക്താക്കള്‍ക്ക് വലിയ സൗകര്യമാണ് ഒരുക്കുന്നത്. യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കാനും ആപ്പില്‍ തന്നെ ഇടപാട് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും.

കൂടാതെ, ഈ ആപ്പിന് ട്രാവല്‍ പ്ലാനര്‍, ഫെയര്‍ കാല്‍ക്കുലേറ്റര്‍ (fare calculator) സ്റ്റേഷന്‍ വിവരങ്ങള്‍, സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് എന്നിങ്ങനെയുള്ള യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള ഫീച്ചറുകളും ഉണ്ട്. ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ, യാത്ര ആരംഭിക്കുന്നതു മുതല്‍ ലക്ഷ്യസ്ഥാനം വരെയുള്ള റൂട്ട് വിവരങ്ങളും ഇത് കാണിക്കുന്നു. ഒരാള്‍ക്ക് ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി കാണാനും ഈ ആപ്പിലൂടെ കഴിയും.

1.75 ലക്ഷം ഡൗണ്‍ലോഡുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഡിഎംആര്‍സി ട്വീറ്റ് ചെയ്തു.

' ഞങ്ങളുടെ യാത്ര അവിശ്വസനീയമാക്കിയ യാത്രക്കാര്‍ക്ക് വലിയ നന്ദി! ഡിഎംആര്‍സി ട്രാവല്‍ ആപ്പ് 1.75 ലക്ഷം ഡൗണ്‍ലോഡുകള്‍ കടന്നതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് ' ഇതായിരുന്നു ഡിഎംആര്‍സി ട്വീറ്റ്.

മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പൊതുജനം സാങ്കേതികവിദ്യയിലേക്ക് മാറുകയാണെന്നാണ് ഈ മികച്ച പ്രതികരണം കാണിക്കുന്നതെന്ന് ഡിഎംആര്‍സിയുടെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യാത്രക്കാര്‍ക്കായി ജൂണ്‍ 30നാണ് ഡിഎംആര്‍സി ട്രാവല്‍ ആപ്പ് അവതരിപ്പിച്ചത്. ജുലൈ 12 ന് ആപ്പ് 1.75 ഡൗണ്‍ലോഡുകള്‍ ആയി.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ടോക്കണുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനാണു പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യം പേപ്പര്‍ അടിസ്ഥാനമാക്കിയ ക്യുആര്‍ ടിക്കറ്റുകളും പിന്നീട് ജൂണില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കി.

ഡിഎംആര്‍സിയുടെ കണക്കനുസരിച്ച്, ജുലൈ 1 മുതല്‍ 11 വരെ 73,544 ക്യുആര്‍ ടിക്കറ്റുകള്‍ വിറ്റു. എന്നിരുന്നാലും ഡിഎംആര്‍സിയില്‍ ഒറ്റ യാത്രാ ടിക്കറ്റിന്റെ (single journey ticket ) ശരാശരി പ്രതിദിന വില്‍പ്പന 6.77 ലക്ഷമായിരുന്നു. ഇതില്‍ 1 ശതമാനം മൊബൈല്‍ അധിഷ്ഠിത ക്യുആര്‍ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റത്. പരമാവധി യാത്രക്കാര്‍ പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള ക്യുആര്‍ ടിക്കറ്റുകളാണ് ഉപയോഗിക്കുന്നത്. 81.27 ശതമാനം. 17.75 ശതമാനം യാത്രക്കാര്‍ ടോക്കണുകളും തിരഞ്ഞെടുത്തു.