7 Sep 2023 12:42 PM GMT
Summary
പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് നടപടി
ചൈനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഐഫോണ്‍ 15 ന്റെ ലോഞ്ചിംഗിന് ദിവസങ്ങള്‍ക്കുമുമ്പാണ് ബെയ്ജിംഗ് ഈ തീരുമാനമെടുത്തത്. നിരോധന വാര്‍ത്തയെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരികള്‍ 3.6 ശതമാനം ഇടിഞ്ഞ് 182 . 46 ഡോളറിലാണ്. പ്രീ മാർക്കറ്റില്‍ 176 . 94 ഡോളറായി താഴ്ന്നിട്ടുണ്ട്.
എന്നാല്‍ ചൈനയുടെ ഈ നീക്കം ആശ്ചര്യകരമല്ല. കഴിഞ്ഞ വര്‍ഷം ഹ്വാവെയ്, ഇസഡ്ടിഇ ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ യുഎസ് നിരോധിച്ചിരുന്നു. കൂടാതെ, യുഎസ് ആര്‍മിയും നേവിയും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിക് ടോക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്തിരുന്നു.
ചൈനീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആഭ്യന്തര ബ്രാന്‍ഡുകളായ ഹ്വാവെയ്, മറ്റ് ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നതെന്ന് വാള്‍സ്്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.
ശക്തമായ സന്ദേശം നല്‍കാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. ആപ്പിള്‍ പോലുള്ള വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം തയ്യാറെടുക്കുകയാണ്. വിരോധാഭാസമെന്നു പറയട്ടെ, ആപ്പിളിന് ചൈന ഒരു പ്രധാന വിപണിയാണ്. മൊത്തം വില്‍പ്പനയുടെ അഞ്ചിലൊന്ന് അവിടെയാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് ചൈന സന്ദര്‍ശിച്ചിരുന്നു. അത് അവരുടെ നീക്കം മുന്‍കൂട്ടി അറിഞ്ഞിട്ടായിരുന്നിരിക്കാം ഈ സന്ദര്‍ശനം.
ചൈനയില്‍ നിന്നുള്ള മറ്റ് വിദേശ കമ്പനികളെ നിരോധനം സ്വാധീനിച്ചേക്കാം. ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. എന്നാല്‍ ഈ പ്രക്രിയയ്ക്ക് അതിന്റേതായ സമയമെടുക്കും. അതുവരെ, ആപ്പിളിന്റെ നിര്‍മ്മാണത്തിന്റെ വലിയൊരു ഭാഗം ചൈനയില്‍ തുടരും.