image

20 Jan 2024 1:23 PM GMT

Technology

ചാറ്റ്ജിപിടി വരുന്നു ക്ലാസ് മുറികളിലേക്ക്!

MyFin Desk

ChatGPT is coming to classrooms!
X

Summary

  • ചാറ്റ്ജിപിടിയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും സർഗ്ഗാത്മകവുമാക്കി മാറ്റും


വിദ്യാഭ്യാസ മേഖലയിൽ വൻ ചുവടുവയ്പ്പുമായി അമേരിക്കയിലെ ആരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എ എസ് യു). കൃത്രിമ ബുദ്ധിയിലെ (എ ഐ ) ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തായ ചാറ്റ്ജിപിടിയെ ക്ലാസ് മുറികളിലേക്ക് കൊണ്ടുവരാനുള്ള കരാറിലാണ് യൂണിവേഴ്സിറ്റി. ചാറ്റ്ജിപിടി യുടെ പിന്നിലെ സൂത്രധാരികളായ ഓപ്പൺ എ ഐ യുമായി സഹകരിക്കുന്ന ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി ഈ സർവ്വകലാശാല മാറിയിരിക്കുകയാണ്. ഫെബ്രുവരി മുതൽ, ഗവേഷണത്തിലും, പഠനത്തിലും മികച്ച നേട്ടങ്ങൾക്കായി ചാറ്റ്ജിപിടിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ അധ്യാപകരെയും, ജീവനക്കാരെയും യൂണിവേഴ്സിറ്റി ക്ഷണിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങൾ ഉയർത്തുക, നൂതന ഗവേഷണത്തിന് പുതിയ വഴികൾ രൂപപ്പെടുത്തുക, ഹൈർ എജ്യൂക്കേഷനിലെ ഭരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. ഈ കൂട്ടുപ്രവർത്തനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ കാണാത്ത വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും ചാറ്റ്ജിപിടിയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും സർഗ്ഗാത്മകവുമാക്കി മാറ്റുമെന്നും എ എസ് യു വിശ്വസിക്കുന്നു.

വിവര സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്

വിദ്യാർത്ഥികളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി ഉറപ്പ് നൽകുന്നു.

"ആഗ്മെന്റഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുമെന്ന് എ എസ് യു തിരിച്ചറിയുന്നു, വിദ്യാർത്ഥികളെ പഠിക്കാൻ സഹായിക്കുന്ന അവിശ്വസനീയമായ ടൂളുകൾ ആയി മാറാനുള്ള അതിന്റെ കഴിവിനെക്കുറിച്ച് ഞങ്ങൾ ശുഭാപ്തിവിശ്വാസികളാണ്," എ എസ് യു പ്രസിഡന്റ് മൈക്കൽ ക്രോ പറഞ്ഞു.

"എഎസ്‌യുവിൽ നിന്ന് പഠിക്കാനും ഉന്നതവിദ്യാഭ്യാസത്തിൽ ചാറ്റ്ജിപിടി യുടെ സ്വാധീനം വിപുലീകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു," ഓപ്പൺ എ ഐ യുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബ്രാഡ് ലൈറ്റ്കാപ്പ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കാനുള്ള ശേഷി കൈവശപ്പെടുത്തിയിരിക്കുന്ന ചാറ്റ്ജിപിടിയെ ഉപയോഗപ്പെടുത്തി പഠനത്തെ കൂടുതൽ ആകർഷകവും, കാര്യക്ഷമവുമാക്കാനുള്ള എ എസ് യു-ഓപ്പൺ എ ഐ കൂട്ടുപ്രവർത്തനം സംശയമില്ലാതെ ഹൈർ എജ്യൂക്കേഷൻ രംഗത്ത് ഒരു ചുവടുവയ്പ്പാണ്. ഈ വിപ്ലവത്തിന്റെ ഫലങ്ങൾ കാണാൻ ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ് !