image

2 April 2023 9:48 AM

Technology

നിര്‍മ്മിത ബുദ്ധി ഊരാക്കുടുക്കാവുമോ ? മസ്‌കിന്റെ കത്ത് തള്ളി എഐ ഗവേഷകര്‍

MyFin Desk

ai is not a threat to humans
X

Summary

  • വരും ദിവസങ്ങള്‍ എഐയ്‌ക്കെതിരെ കൂടുതല്‍ പ്രതിഷേധം ഉണ്ടായേക്കാം.
  • കഴിഞ്ഞ ദിവസമാണ് ഇറ്റലി ചാറ്റ് ജിപിറ്റി നിരോധിച്ചത്.


ഓപ്പണ്‍ എഐ എന്ന കമ്പനിയുടെ ചാറ്റ് ജിപിറ്റി എന്ന എഐ അധിഷ്ഠിത ചാറ്റ് ബോട്ട് വന്നതിന് പിന്നാലെ വിവാദങ്ങളും ഉയരുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് എലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള ടെക്ക് കോര്‍പ്പറേറ്റ് വിദഗ്ധര്‍ ഒപ്പിട്ട തുറന്ന കത്ത് വിവാദം ആളികത്തിച്ചു. എഐയുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങളും ലാബുകളിലെ പ്രവര്‍ത്തനങ്ങളും നിറുത്തിവെക്കണെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്.

നിര്‍മ്മിത ബുദ്ധി മനുഷ്യ രാശിയ്ക്ക് വിനാശം വരുത്തുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എഐയ്‌ക്കെതിരെ നടക്കുന്ന വിവേചനമാണ് കത്തിന്റെ പിന്നിലുള്ളതെന്നും എഐ സ്ഥാപനമായ ഹഗ്ഗിംഗ് ഫേസിലെ ചീഫ് സയന്റിസ്റ്റ് മിത്‌ചെല്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു.

ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് 1,800 പേര്‍ ഒപ്പിട്ട കത്ത് പുറത്ത് വിട്ടത്. മസ്‌ക് ഫൗണ്ടേഷനും ഫ്യൂച്ചര്‍ ഓഫ് ലൈഫിലെ അംഗമാണെന്നതും ശ്രദ്ധേയമാണ്. ചാറ്റ് ജിപിറ്റി 4 വേര്‍ഷന്റെ വരവോടെയാണ് ഇതുമായ ബന്ധപ്പെട്ട വിവാദം കത്തുന്നത്.

സ്വകാര്യതയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടി ചാറ്റ് ജിപിറ്റിയ്ക്ക് ഇറ്റലി കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒരു പാശ്ചാത്യരാജ്യം ആദ്യമായാണ് ചാറ്റ് ജിപിറ്റിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

രാജ്യത്തെ വിവര സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓപ്പണ്‍ എഐ എന്ന കമ്പനിയ്ക്കെതിരെ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

എഐ ഉപയോഗിച്ചുള്ള സംവിധാനം മനുഷ്യരാശിയ്ക്ക് ഭീഷണിയായേക്കാമെന്ന ടെക്ക് വിദഗ്ധരുടെ കത്ത് പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ചാറ്റ് ജിപിറ്റിയ്ക്ക് ഒരു രാജ്യം നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത്.