23 Jun 2023 5:50 AM GMT
ടിസിഎസ്സില്‍ ' ജോലിക്ക് കൈക്കൂലി ' തട്ടിപ്പ്; 100 കോടി രൂപയുടെ അഴിമതിയെന്ന് സൂചന
MyFin Desk
Summary
- ഓഫീസിലെത്തുന്നതില്നിന്നും ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തിയെ വിലക്കിയിട്ടുണ്ട്
- നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു
- ജൂണ്‍ ഒന്നിനാണ് ടിസിഎസ്സിന്റെ സിഇഒയായി കെ.കൃതിവാസന് ചുമതലയേറ്റത്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) ജോലി ലഭിക്കാന്‍ ഉദ്യോഗാര്ഥികളില്നിന്നും മുതിര്‍ന്ന എക്സിക്യൂട്ടീവുമാര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 50,000 പേരെ റിക്രൂട്ട് ചെയ്ത സ്ഥാപനമാണ് ടിസിഎസ്.
അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ടിസിഎസ്സിന്റെ റിക്രൂട്ടിംഗ് വിഭാഗമായ റിസോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പില്‍ (ആര്‍എംജി) നിന്നും നാല് ജീവനക്കാരെയും മൂന്ന് സ്റ്റാഫിംഗ് ഏജന്‍സികളെയും പുറത്താക്കി.
ഏതെങ്കിലുമൊരു കമ്പനിക്ക് ആവശ്യമായ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് നല്കുന്ന സ്ഥാപനങ്ങളെയാണ് സ്റ്റാഫിംഗ് ഏജന്‍സിയെന്നു പൊതുവേ വിശേഷിപ്പിക്കുന്നത്.
ആര്എംജിയുടെ ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തി സ്റ്റാഫിംഗ് ഏജന്‍സികളില്‍ നിന്നും കമ്മീഷന് സ്വീകരിച്ചിരുന്നെന്നു ചൂണ്ടിക്കാണിച്ച് ടിസിഎസ്സിലെ ഒരു വിസില്‍ബ്ലോവര്‍ (whistleblower) ടിസിഎസ് സിഇഒയ്ക്കും, സിഒഒയ്ക്കും കുറച്ചുനാള്‍ മുന്‍പ് കത്തെഴുതിയിരുന്നു.
തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ അജിത് മേനോന് ഉള്‍പ്പെടുന്ന മൂന്നംഗ സമിതിക്ക് ടിസിഎസ് രൂപം നല്‍കിയിരുന്നു.
അന്വേഷണത്തിനൊടുവില്‍ ടിസിഎസ് റിക്രൂട്ട്മെന്റ് മേധാവിയെ അവധിയില്‍ അയയ്ക്കുകയും ആര്എംജിയിലെ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. ഓഫീസിലെത്തുന്നതില്നിന്നും ആര്എംജിയുടെ ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തിയെ വിലക്കിയിട്ടുണ്ട്.
മറ്റൊരു ഉദ്യോഗസ്ഥനായ അരുണ്‍ ജി.കെ.യെയും പുറത്താക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 27.93 ബില്യന്‍ ഡോളര്‍ വരുമാനം നേടിയ കമ്പനിയാണ് ടിസിഎസ്. 6,14,795 ജീവനക്കാരുണ്ടെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കരാറുകാര്‍ ഉള്‍പ്പെടെ 3,00,000 പേരെ ടിസിഎസ്സില്‍ നിയമിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഴിമതി നടത്തിയവര്‍ ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്ടാകാമെന്നും കരുതുന്നുണ്ട്.
ആര്എംജിയുടെ ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തി ടിസിഎസ്സില്‍ വൈസ് പ്രസിഡന്റ് റാങ്കിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം 1997-ലാണ് ടിസിഎസ്സില്‍ ജോയിന്‍ ചെയ്തത്.
ടിസിഎസ് പോലുള്ള ഐടി സര്‍വീസസ് സ്ഥാപനങ്ങള്‍ പരിചയസമ്പന്നരായ എക്സിക്യൂട്ടീവുകളെ നിയമിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്നാമത്തേത് എംപ്ലോയീ റഫറല്‍ പ്രോഗ്രാമിലൂടെയായിരിക്കും. രണ്ടാമത്തേത് സ്റ്റാഫിംഗ് ഏജന്‍സികള്‍ മുഖേനയും. താല്‍ക്കാലിക ജീവനക്കാരെയും, കരാറുകാരെയുമൊക്കെ ഇത്തരത്തില്‍ സ്റ്റാഫിംഗ് ഏജന്‍സികള്‍ വഴിയാണ് നിയമിക്കുന്നത്.
ജൂണ്‍ ഒന്നിനാണ് ടിസിഎസ്സിന്റെ സിഇഒയായി കെ.കൃതിവാസന് ചുമതലയേറ്റത്. പുതിയ സിഇഒ ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കമ്പനിയെ ദോഷകരമായി ബാധിക്കുന്ന റിക്രൂട്ട്മെന്റ് തലത്തിലെ അഴിമതി കണ്ടെത്തിയിരിക്കുന്നത്.
ടിസിഎസ് പോലൊരു വന്‍കിട കോര്‍പറേറ്റ് സ്ഥാപനത്തില്‍ ശക്തമായ ഓഡിറ്റ് സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും ഇത്തരത്തിലൊരു അഴിമതി സംഭവിച്ചത് ഈ മേഖലയിലുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്.