12 Feb 2024 7:19 AM
ബാര്‍ഡ് എഐ എങ്ങിനെ ജെമിനി ആയി? കാരണം വെളിപ്പെടുത്തി സുന്ദര്‍ പിച്ചെ
MyFin Desk
Summary
- മോഡലുകളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്ന ചാറ്റ്‍ബോട്ടാണിത്
- ജെമിനി അൾട്രാ 1.0 ലാംഗ്വേജ് മോഡല്‍ മനുഷ്യ വിദഗ്ധരെ മറികടക്കും
- ഗൂഗിള്‍ വണ്‍ എഐ പ്രീമിയം പ്ലാനിന് പ്രതിമാസം 19.99 ഡോളര്‍
അടുത്തിടെയാണ് തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ബാര്‍ഡിന്‍റെ പേര് ജെമിനി എന്ന് മാറ്റുന്നതായി ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിള്‍ പ്രഖ്യാപിച്ചത്. പുതിയ ജെമിനി ആപ്പിൻ്റെ ലോഞ്ച്, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോടു കൂടി ജെമിനി അൾട്രാ ലാര്‍ജ് ലാംഗ്വേജ് മോഡലിൻ്റെ അവതരണം തുടങ്ങിയവയും ഇതിനൊപ്പം നടന്നു. പൊടുന്നനെയുള്ള പേരുമാറ്റം ഉപയോക്താക്കളെ അമ്പരിപ്പിച്ചിരുന്നു. ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ സിഇഒ സുന്ദർ പിച്ചൈ തന്നെ ഇപ്പോള്‍ ഇതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
"ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഏറ്റവും ശേഷിയുള്ളതും സുരക്ഷിതവുമായ എഐ മോഡൽ എങ്ങനെ നിർമ്മിക്കുന്നു എന്നതിലുള്ള സമീപനമാണ് ജെമിനിയിലൂടെ വെളിവാക്കുന്നത്. ആളുകൾക്ക് ഞങ്ങളുടെ മോഡലുകളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്ന മാര്‍ഗമായിരുന്നു ബാർഡ്. അത് ജെമിനി ആയി പരിണമിക്കുന്നത് ശരിക്കും അർത്ഥവത്താണ്, കാരണം നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ അടിസ്ഥാനപരമായ ജെമിനി മോഡലുമായി നേരിട്ട് സംസാരിക്കുന്നു." സിഎൻബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പിച്ചൈ പറഞ്ഞു.
കോഡിംഗ്, ലോജിക്കൽ റീസണിംഗ്, സൂക്ഷ്മമായ നിർദ്ദേശങ്ങൾ പാലിക്കൽ, ക്രിയേറ്റീവ് പ്രോജക്റ്റുകളിൽ സഹകരിക്കൽ തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ജെമിനി അൾട്രാ 1.0 ലാംഗ്വേജ് മോഡലാണ് ഗൂഗിള്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. എംഎംഎല്‍യു (മസിവ് മൾട്ടിടാസ്‌ക് ലാംഗ്വേജ് അണ്ടർസ്‍റ്റാന്‍റിംഗ്) ടെസ്റ്റുകളിൽ മനുഷ്യ വിദഗ്ധരെ മറികടക്കുന്ന ആദ്യത്തെ ഭാഷാ മോഡലാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രതിമാസം 19.99 ഡോളറാണ് ഗൂഗിള്‍ വണ്‍ എഐ പ്രീമിയം പ്ലാനിനായി നല്‍കേണ്ടത്.
“ജെമിനി അഡ്വാൻസ്‌ഡിന് അൾട്രാ 1.0-ലേക്ക് ആക്‌സസ് ഉണ്ട്, ഇത് ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും കഴിവുള്ള മോഡലാണ്. ഇത് നിങ്ങൾക്ക് കൂടുതൽ കഴിവുകൾ നൽകുന്നു,." സുന്ദര്‍ പിച്ചൈ കൂട്ടിച്ചേര്‍ത്തു.