image

1 April 2025 6:49 AM

Artificial Intelligence

ലോകം അപകടത്തിലേക്കോ ? എഐ യുടെ ഗോഡ്ഫാദർ ജെഫ്രി ഹിൻ്റൺന്റെ മുന്നറിയിപ്പുകൾ

Karthika Ravindran

is the world in danger, warnings from geoffrey hinton, the godfather of ai
X

Summary

  • എഐ യുടെ അടിത്തറയിട്ട വ്യക്തി തന്നെ നൽകുന്ന ദുരന്ത സൂചന
  • മനുഷ്യൻ്റെ അറിവിന് സമാനമായ രീതിയിൽ പഠിക്കാൻ എ ഐ യ്ക്ക് സാധിക്കുന്നു
  • ചാറ്റ്ബോട്ടുകൾക്ക് സ്വതന്ത്രമായി പഠിക്കാനും അറിവ് പങ്കിടാനും കഴിവുണ്ട്


എഐ യുടെ ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് പ്രൊഫസർ ജെഫ്രി ഹിൻ്റൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഡീപ് ലേണിംഗ് എന്ന എ ഐ സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഹിന്റൺ നിർണ്ണായക പങ്ക് വഹിച്ചു. 2012 ൽ ടൊറോന്റോ യൂണിവേഴ്സിറ്റിയിലെ തന്റെ രണ്ട് ബിരുദാനന്തര വിദ്യാർത്ഥികളോടൊപ്പം എഐ സിസ്റ്റങ്ങളുടെ അടിത്തറയായ സാങ്കേതികവിദ്യ ഹിൻ്റൺ രൂപകൽപ്പന ചെയ്തു.

ഈ സാങ്കേതിക വിദ്യയാണ് ഇന്ന് ചാറ്റ് ജിപിടി പോലുള്ള ജനപ്രിയ ചാറ്റ്‌ബോട്ടുകൾക്ക് ശക്തി നൽകുന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ, പ്രത്യേകിച്ച് ബാക്ക്പ്രൊപ്പഗേഷൻ അൽഗോരിതം, ഇന്ന് കാണുന്ന പല എ ഐ സിസ്റ്റങ്ങളുടെയും അടിസ്ഥാനമായി പ്രവർത്തിക്കുന്നു. ഈ കണ്ടുപിടുത്തുകൾക്ക് ട്യൂറിംഗ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജെഫ്രി ഹിൻ്റൺ കണ്ടുപിടിച്ച ബാക്ക്പ്രൊപ്പഗേഷൻ, ന്യൂറൽ നെറ്റ്‌വർക്കുകളെ കൂടുതൽ കാര്യക്ഷമമായി പഠിപ്പിക്കാൻ സഹായിച്ചു. മനുഷ്യ മസ്തിഷ്കത്തിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റങ്ങളാണ് ന്യൂറൽ നെറ്റ്‌വർക്കുകൾ. ഹിൻ്റണിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന്, എഐയ്ക്ക് സ്വന്തമായി ധാരണകൾ വികസിപ്പിക്കാൻ കഴിയും എന്നതാണ്.

മനുഷ്യൻ്റെ അറിവിന് സമാനമായ രീതിയിൽ പഠിക്കാൻ എ ഐ യ്ക്ക് സാധിക്കുന്നു. ഉദാഹരണത്തിന്, ചിത്രങ്ങളെ തിരിച്ചറിയൽ, ഭാഷാ വിവർത്തനം, സംഭാഷണ സംവിധാനങ്ങൾ എന്നിവയിലെല്ലാം ഈ രീതി ഉപയോഗിക്കുന്നു. ഹിന്റണിന്റെ ഗവേഷണം ഈ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടു. ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ 2024-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടികയുണ്ടായി.

എന്നാൽ, ഒരു ദശാബ്ദത്തിലേറെ ഗൂഗിളിൽ ജോലി ചെയ്യുകയും ഈ രംഗത്തെ ഏറ്റവും ആദരണീയമായ ശബ്ദങ്ങളിൽ ഒരാളായി മാറുകയും ചെയ്ത ജെഫ്‌റി ഹിന്റൺ, എഐ-യുടെ അപകടങ്ങളെക്കുറിച്ച് പോരാടാൻ പിന്നീട് ഗൂഗിൾ തന്റെ ജോലി രാജിവെക്കുകയാണ് ഉണ്ടായത്. തന്റെ ഈ പ്രവർത്തനങ്ങളെക്കുറിച്ച് ഇപ്പോൾ ഖേദമുണ്ടെന്നും അദ്ദേഹം ലോകത്തോട് അറിയിക്കുകയും ചെയ്തു. കൂടാതെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അപകടത്തിലേക്ക് കുതിക്കുകയാണെന്ന് പറയുന്ന വിമർശകരുടെ കൂട്ടായ്മയിൽ അദ്ദേഹം ഔദ്യോഗികമായി പങ്കുചേർന്നു.

എഐ യുടെ അടിത്തറയിട്ട വ്യക്തി തന്നെ "ദുരന്ത സൂചന" നൽകുന്നതിലേക്ക് മാറിയത് വളരെ ഗൗരവമേറിയ കാര്യമായി രേപ്പെടുത്തുന്നു. പുതിയ എഐ സിസ്റ്റങ്ങൾ മയക്കുമരുന്ന് ഗവേഷണം മുതൽ പല നെഗറ്റീവ് കാര്യങ്ങൾക്കും വഴി തിരിക്കും എന്നും, അതെസമയം വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽ മുന്നേറ്റങ്ങൾക്ക് ഇത് കാരണമാകുമെന്നും വിദഗ്തർ വിശ്വസിക്കുന്നു.

2023-ൽ ബിബിസിയുമായുള്ള ഒരു അഭിമുഖത്തിൽ, എഐ മനുഷ്യ മസ്തിഷ്കത്തിന്റെ വിവര ശേഷിയെ മറികടന്നേക്കാമെന്ന് ഹിന്റൺ പറഞ്ഞു. ഈ ചാറ്റ്ബോട്ടുകൾ സൃഷ്ടിക്കുന്ന ചില അപകടങ്ങളെ "ഭയപ്പെടുത്തുന്നവ"എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചാറ്റ്ബോട്ടുകൾക്ക് സ്വതന്ത്രമായി പഠിക്കാനും അറിവ് പങ്കിടാനും കഴിവുണ്ട്. എ ഐ യുടെ ഈ വളർച്ചയുടെ വേഗതയും, മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി കാര്യങ്ങൾ മാറാനുള്ള സാധ്യതയും അദ്ദേഹത്തെ ഭയപ്പെടുത്തുന്നു എന്നും ഭാവിയിൽ എഐ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും, തൊഴിലില്ലായ്മ വർദ്ധിപ്പിക്കാനും, മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് പുറത്തുപോകാനും എ ഐ ക്ക് കഴിയും എന്ന് അദ്ദേഹം പറയുന്നു. ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധയും പഠനവും ആവശ്യമാണെന്നും അദ്ദേഹം വാദിക്കുന്നു.

ചൈനീസ് എ ഐ ഡീപ്‌സീക്ക് വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പല രാജ്യങ്ങളും ഇതിനോടകം തന്നെ ഡീപ്‌സീക്ക് നിരോധിച്ചിരിക്കുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയാണ് പ്രധാന കാരണം. മനുഷ്യരെ എഐ നിരീക്ഷിക്കുകയും അവരുടെ സ്വകാര്യ വിവരങ്ങളിൽ കൈ കടത്തുകയും ചെയുന്ന ഒരു കാലത്തിലേക്ക് നാം കടന്നു കഴിഞ്ഞിരിക്കുന്നു

എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ചുള്ള ഹിന്റന്റെ ഈ മുന്നറിയിപ്പുകൾ വളരെ ഗൗരവമേറിയ വിഷയമായി കണക്കാക്കേണ്ടതാണ്. എ ഐയുടെ ഭാവി മനുഷ്യരാശിയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകളും പഠനങ്ങളും ആവശ്യമാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.