13 July 2023 5:52 AM GMT
ChatGPT യെ ലക്ഷ്യമിട്ട് മസ്‌ക്; xAI എന്ന പേരില്‍ AI സ്റ്റാര്‍ട്ടപ്പ് ലോഞ്ച് ചെയ്തു
MyFin Desk
Summary
- പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുക എന്നതാണ് xAI യുടെ ലക്ഷ്യമെന്നു വെബ്‌സൈറ്റില്‍ പറയുന്നു
- xAI എന്ന സ്റ്റാര്‍ട്ടപ്പിനായി ഒരു വെബ്‌സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്
- ട്വിറ്ററിനു പുറമെ ടെസ്‌ല, സ്‌പേസ് എക്‌സ്, ന്യൂറാലിങ്ക്, ദ ബോറിംഗ് കമ്പനി എന്നിവയാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ളത്
ചാറ്റ്ജിപിടിക്ക് ഒരു ബദല്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക് എന്നു തോന്നുന്നു. ഇതിനായി അദ്ദേഹം യുഎസ് ടെക് കമ്പനികളില്‍ നിന്നുള്ള ഒരു കൂട്ടം എന്‍ജിനീയര്‍മാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടു xAI എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ബുധനാഴ്ച ലോഞ്ച് ചെയ്തിരിക്കുകയാണ്.
xAI എന്ന സ്റ്റാര്‍ട്ടപ്പിനായി ഒരു വെബ്‌സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ പുതിയ സ്റ്റാര്‍ട്ടപ്പിനെ മസ്‌ക് തന്നെയായിരിക്കും നയിക്കുക. പുതിയ സ്റ്റാര്‍ട്ടപ്പ്
X ( ട്വിറ്റര്‍), ടെസ്‌ല, മസ്‌കിന്റെ മറ്റ് കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരിക്കുകയാണ്.
പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുക എന്നതാണ് xAI യുടെ ലക്ഷ്യമെന്നു വെബ്‌സൈറ്റില്‍ പറയുന്നു.
ചാറ്റ്ജിപിടിയെ നിര്‍മിച്ച ഓപ്പണ്‍എഐയെ തുടക്കകാലത്ത് പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു മസ്‌ക്. എന്നാല്‍ പിന്നീട് അകലം പാലിക്കുകയായിരുന്നു.
മസ്‌കിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായൊരു സമയമാണിത്. ഈ സമയത്താണ് പുതിയ സംരംഭവുമായി രംഗത്തുവന്നിരിക്കുന്നതും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 44 ബില്യന്‍ ഡോളറിന് അദ്ദേഹം ഏറ്റെടുത്ത കമ്പനിയായ ട്വിറ്ററിന് ഇപ്പോള്‍ പുതിയൊരു എതിരാളി വന്നിരിക്കുകയാണ്. മെറ്റ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ത്രെഡ്‌സ് ആണ് ട്വിറ്ററിന് എതിരാളിയായി വന്നിരിക്കുന്നത്. ത്രെഡ്‌സിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം സൈന്‍-അപ്പുകളാണ് ഉണ്ടായത്.
ഇതിനിടെ ട്വിറ്റര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ട്വിറ്ററിനു പുറമെ ടെസ്‌ല, സ്‌പേസ് എക്‌സ്, ന്യൂറാലിങ്ക്, ദ ബോറിംഗ് കമ്പനി എന്നിവയാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ളത്.