image

30 Nov 2023 10:09 AM GMT

Artificial Intelligence

വിരൽത്തുമ്പിൽ സാമ്പത്തിക ഡാറ്റയുമായി അല്‍ഗോരിത്ത്മയുടെ ഫിന്‍-ജിപിടി

Kochi Bureau

വിരൽത്തുമ്പിൽ സാമ്പത്തിക ഡാറ്റയുമായി അല്‍ഗോരിത്ത്മയുടെ ഫിന്‍-ജിപിടി
X

Summary

  • ടി ആര്‍ ഷംസുദീനുമായി ചേർന്നാണ് ഫിന്‍-ജിപിടി.എഐ 2022 ല്‍ ആരംഭിച്ചത്


ഫിന്‍ടെക് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ ഫിന്‍-ജിപിടി ഡോട് എഐ (FIN-GPT.ai) എന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഗോരിത്ത്മ ഡിജിടെക് പ്രൈവറ്റ് ലിമിറ്റഡ്. ദശലക്ഷക്കണക്കിന് സാമ്പത്തികരേഖകള്‍ വളരെ വേഗത്തില്‍ വിശകലനം ചെയ്ത് ഉപഭോക്താവിന് മികച്ച സേവനം നല്‍കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. ഈ മാസം തിരുവനന്തപുരത്തു നടന്ന ഹഡിൽ ഗ്ലോബല്‍-ലിലാണ് ഇത് അവതരിപ്പിച്ചത്.

ചാറ്റ് ജിപിടി സേവനങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് നടത്തിയ ചലനങ്ങള്‍ വലുതാണ്. അതേ മാതൃകയില്‍ ഫിന്‍ടെക് വെല്ലുവിളികള്‍ ഏറ്റവും ലളിതവും ദ്രുതഗതിയിലും പരിഹരിക്കുന്ന സേവനമാണ് ഫിന്‍-ജിപിടി. ദശലക്ഷക്കണക്കിന് സാമ്പത്തിക ഡാറ്റ ഒരു സ്രോതസ്സിലേക്ക് കൊണ്ടുവരികയും അത് വഴി ഏതു തരം സേവനമാണോ ആവശ്യം അതിനുതകുന്ന സേവനങ്ങള്‍ നല്‍കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

ഉപഭോക്താവിന് സെക്കന്റുകള്‍ക്കുള്ളില്‍ തീരുമാനമെടുക്കാവുന്ന വിധത്തിലാണ് ഈ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അല്‍ഗോരിത്ത്മ സ്ഥാപകന്‍ നിഖില്‍ ധര്‍മ്മന്‍ പറഞ്ഞു. ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ച് പെട്ടെന്നെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. ചെലവേറിയ ബ്ലൂംബര്‍ഗ് ടെർമിനലിന് പകരമായാണ് ഫിന്‍-ജിപിടി എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനികളുടെ വിവരങ്ങള്‍, വ്യവസായ സമ്പ്രദായങ്ങള്‍, പുതിയ ശീലങ്ങള്‍, രേഖകളിലെ ഉള്ളടക്കങ്ങള്‍ എന്നിവ സെക്കന്റുകള്‍ക്കുള്ളില്‍ അറിയാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ സേവനം. ഓഹരിവിപണിയിലെ കയറ്റിറക്കങ്ങള്‍, അതിലേക്ക് നയിച്ച ഘടകങ്ങള്‍, മീഡിയാ റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ നയങ്ങള്‍, എന്നിവയെല്ലാം ഫിന്‍-ജിപിടി അപഗ്രഥിക്കുന്നു. നിലവില്‍ ഇത്തരം ഡാറ്റകള്‍ ഏകീകൃത സ്രോതസ്സിലില്ല, വിവിധ ഭാഷകളിലും ഫിന്‍-ജിപിടി ലഭ്യമാകും.

അഗ്രിമ ഇന്‍ഫോടെകിന്റെ സ്ഥാപകന്‍ കൂടിയായ നിഖില്‍ ധര്‍മ്മന്‍ ആ സ്റ്റാര്‍ട്ടപ്പ് ബിഗ് ബാസ്‌ക്കറ്റിന് വിറ്റിരുന്നു. തുടര്‍ന്നാണ് ഓഹരി വിപണി വിദഗ്ധന്‍ കൂടിയായ സംരംഭകന്‍ ടി ആര്‍ ഷംസുദീനുമായി ചേര്‍ന്ന് ഫിന്‍-ജിപിടി.എഐ 2022 ല്‍ ആരംഭിച്ചത്. ഗൂഗിള്‍ പ്ലേയുടെ എഡിറ്റേഴ്‌സ് ചോയ്‌സ് ഉള്‍പ്പെടെ പല ഉന്നത പുരസ്കാരങ്ങളും നിഖില്‍ കരസ്ഥമാക്കിയിട്ടുണ്ട്. 45 ലക്ഷം യൂസര്‍മാരുള്ള റെസിപിബുക്ക് ആപ്പിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ കൂടിയായിരുന്നു നിഖില്‍.

ആരംഭിച്ച സംരംഭങ്ങളൊക്കെ വിജയകരമായി മാറ്റിയ ചരിത്രമുള്ളയാളാണ് സഹസ്ഥാപകന്‍ ഷംസുദീന്‍. ഫിന്‍ടെക് സംരംഭത്തില്‍ അദ്ദേഹത്തിന്റെ അനുഭവപാഠം ഏറെ സഹായകരമാണെന്നും നിഖില്‍ ചൂണ്ടിക്കാട്ടി.