18 Nov 2022 9:27 AM GMT
Summary
ടെലികോം ഓപറേറ്റര്‍മാരുടെ പക്കലുള്ള കെവൈസി രേഖകള്‍ പ്രകാരമാകും ഇത് ഫോണില്‍ തെളിയുക. ഇത് പൊതുജനങ്ങള്‍ക്ക് തട്ടിപ്പുകാരെ കണ്ടെത്താന്‍ സഹായിക്കും
ഡെല്‍ഹി: സ്പാം കോളുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പ് കോളുകള്‍ക്കെതിരെ പുതിയ സംവിധാനവുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫോണ്‍ കോളുകള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് ഫോണിന്റെ സ്‌ക്രീനില്‍ തെളിയത്തക്ക വിധത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നാണ് റപ്പോര്‍ട്ടുകള്‍. ടെലികോം ഓപറേറ്റര്‍മാരുടെ പക്കലുള്ള കെവൈസി രേഖകള്‍ പ്രകാരമാകും ഇത് ഫോണില്‍ തെളിയുക. ഇത് പൊതുജനങ്ങള്‍ക്ക് തട്ടിപ്പുകാരെ കണ്ടെത്താന്‍ സഹായിക്കും. അതോടൊപ്പം ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്നത് തടയാനും, ടെലികോം ഓപറേറ്റര്‍മാര്‍ സിം കാര്‍ഡ് ഉടമകളുടെ കെവൈസി രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാന്‍ ടെലികോം വകുപ്പിനെയും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാട്സാപ്പ് കോളുകള്‍ക്കും സമാനമായ ക്രമീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉപഭോക്താവിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് ചിലര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതുവരെ, ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ വഴിയാണ് കോളര്‍ ഐഡന്റിഫിക്കേഷന്‍ നടത്തിയിരുന്നത്.
എന്നാല്‍, ട്രൂകോളര്‍ ക്രൗഡ്-സോഴ്സ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ പല നമ്പറുകള്‍ ഒരേ പേരില്‍ പ്രത്യക്ഷപ്പെടന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. കെവൈസി-ലിങ്ക്ഡ് ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും, സ്പാം കോളുകളും തടയാനുള്ള ട്രായിയുടെ ശ്രമങ്ങളിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രായ് നിലവില്‍ ഇത് സംബന്ധിച്ച ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ തയ്യാറാക്കുന്നുണ്ട്.