image

14 Nov 2022 8:07 AM GMT

Technology

ഡിജിലോക്കറില്‍ ഇനി ആരോഗ്യ രേഖകളും സൂക്ഷിക്കാം

MyFin Desk

ഡിജിലോക്കറില്‍ ഇനി ആരോഗ്യ രേഖകളും സൂക്ഷിക്കാം
X

Summary

ഡിജിലോക്കറുമായുള്ള സംയോജനം വഴി ഒരു വ്യക്തിഗത ആരോഗ്യ റെക്കോര്‍ഡ് (PHR) ആപ്പായി ഡിജിലോക്കര്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കും.


വാക്‌സിനഷന്‍ രേഖകള്‍, ഡോക്ടറുടെ കുറിപ്പടികള്‍, ലാബ് റിപ്പോര്‍ട്ടുകള്‍, ഹോസ്പിറ്റല്‍ ഡിസ്ചാര്‍ജ് വിവരങ്ങള്‍, മുതലായ ആരോഗ്യ രേഖകള്‍ സൂക്ഷിക്കുന്നതിനും, എളുപ്പത്തില്‍ ലഭിക്കുന്നതിനുമുള്ള ലോക്കറായി ഡിജി ലോക്കര്‍ ഇനിമുതല്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിജിലോക്കര്‍ നേരത്തെ തന്നെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി (എബിഡിഎം) ആദ്യഘട്ട സംയോജനം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 13 കോടി ഉപഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്എ) തുടങ്ങിയിരുന്നു.

ഡിജിലോക്കറുമായുള്ള സംയോജനം വഴി ഒരു വ്യക്തിഗത ആരോഗ്യ റെക്കോര്‍ഡ് (PHR) ആപ്പായി ഡിജിലോക്കര്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കും. കൂടാതെ, എബിഡിഎമ്മില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ആശുപത്രികള്‍, ലാബുകള്‍ എന്നിവയില്‍ നിന്ന് എബിഎച്ച്എ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് ആരോഗ്യ രേഖകള്‍ ലിങ്ക് ചെയ്യാനും ഡിജിലോക്കര്‍ വഴി അവ ആക്സസ് ചെയ്യാനും കഴിയും. ഒപ്പം അവരുടെ പഴയ ആരോഗ്യ രേഖകള്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനും കഴിയും.

ഡിജിലോക്കര്‍ രേഖകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സുരക്ഷിതവും വിശ്വസനീയവുമായ ആപ്പ് ആണെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍എച്ച്എ) സിഇഒ ഡോ. ആര്‍.എസ്. ശര്‍മ്മ പറഞ്ഞു. എബിഡിഎമ്മിന് കീഴില്‍ ഒരു ഇന്റര്‍ഓപ്പറബിള്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 130 ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് എബിഡിഎമ്മിന്റെ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എംഡിയും സിഇഒയുമായ അഭിഷേക് സിംഗ് പറഞ്ഞു. ഏകദേശം 85,000 എബിഎച്ച്എ അക്കൗണ്ടുകള്‍ ഉണ്ടാകുന്നതിനു പ്ലാറ്റ്ഫോം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിലോക്കറിന്റെ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഹെല്‍ത്ത് ലോക്കര്‍ സേവനങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.