image

24 Nov 2022 7:50 AM GMT

Technology

മസ്‌കിന്റെ 'സൂപ്പര്‍ ആപ്പ്' വാട്‌സാപ്പിനെ പൂട്ടിക്കുമോ? പിടിമുറുക്കുന്നത് എന്‍ക്രിപ്ഷനില്‍

Thomas Cherian K

x app elon musk
X

x app elon musk

Summary

മസ്‌കിന്റെ ദീര്‍ഘനാളത്തെ ആഗ്രഹം ട്വിറ്ററിന്റെ മേധാവിയാകുക എന്നതിനേക്കാള്‍ എക്‌സ് എന്ന എവരിത്തിംഗ് ആപ്പിന്റെ (സമ്പൂര്‍ണ ആപ്പ്) തലപ്പത്തിരുന്ന് ആഗോള സോഷ്യല്‍ മീഡിയാ ഉപയോക്താക്കളെ കൈപ്പിടിയിലൊതുക്കുക എന്നതാണ്.


ഈ മനുഷ്യനെ പിടികിട്ടുന്നില്ലല്ലോ എന്നാകണം എലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ കണ്ടിരുന്ന ഫോളോവേഴ്‌സില്‍ ഭൂരിഭാഗം ആളുകളുടേയും മനസില്‍ വന്ന ചിന്ത. 4,400 കോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്ന മസ്‌ക് ഏകദേശം 8,100 ജീവനക്കാരെ (ഇതില്‍ 4,400 പേര്‍ കരാര്‍ ജീവനക്കാരാണ്) പിരിച്ചുവിടുകയും ചെയ്തു. ഇതുകൊണ്ടൊക്കെ മസ്‌ക് എന്താണ് ഉദ്ദേശിക്കുന്നത് ? മസ്‌കിന്റെ ദീര്‍ഘവീക്ഷണം എന്താണെന്ന് വെളിവാക്കുന്ന ആദ്യ സൂചനയാണ് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയ 'ആഗ്രഹത്തില്‍' ഉള്ളത്. ട്വിറ്ററിലും വീഡിയോ കോള്‍ വരണം, അതും ഫോണ്‍ നമ്പറില്ലാതെ.

മെസേജിംഗ് സംവിധാനമുണ്ടെങ്കിലും ട്വിറ്ററിലെ ആ സേവനം മിക്കവരും ഉപയോഗിക്കാറില്ല. പകരം വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവ രണ്ടും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണ് എന്നതാണ് ഈ ആപ്പുകളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചത്. അതായത് സന്ദേശങ്ങള്‍ ഒരു മൂന്നാം കക്ഷിയ്ക്ക് പ്രാപ്യമാകാത്ത വിധം അതീവ സുരക്ഷിതം.

എന്നാല്‍ മെസേജിംഗ് സംവിധാനത്തില്‍ സുരക്ഷാ പിഴവുണ്ടെന്ന ചീത്തപ്പേര് ട്വിറ്ററിന് പണ്ടേ കിട്ടിയിരുന്നു. ഉപഭോക്താക്കളുടെ മെസേജിംഗ് വിവരങ്ങള്‍ ചോരുന്നുവെന്ന് 2019ല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ട അവസ്ഥ വരെ ട്വിറ്ററിനുണ്ടായി. ഇതിന് ശേഷം ട്വിറ്ററില്‍ മെസേജിംഗ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഇതുള്‍പ്പടെ ഒട്ടേറെ പോരായ്മകള്‍ പേറി നില്‍ക്കുമ്പോഴാണ് ട്വിറ്റര്‍ തലപ്പത്തേക്ക് എലോണ്‍ മസ്‌ക് വരുന്നത്.

മസ്‌കിന്റെ മനസിലെ എക്‌സ് ആപ്പ്

എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് വെറും മോഹം കൊണ്ട് മാത്രമാണെന്ന് കരുതാനാവില്ല. കാരണം, മസ്‌കിന്റെ ദീര്‍ഘനാളത്തെ ആഗ്രഹം ട്വിറ്ററിന്റെ മേധാവിയാകുക എന്നതിനേക്കാള്‍ എക്‌സ് എന്ന എവരിത്തിംഗ് ആപ്പിന്റെ (സമ്പൂര്‍ണ ആപ്പ്) തലപ്പത്തിരുന്ന് ആഗോള സോഷ്യല്‍ മീഡിയാ ഉപയോക്താക്കളെ കൈപ്പിടിയിലൊതുക്കുക എന്നതാണ്. അതായത് ഇന്‍സ്റ്റന്റ് മെസേജിംഗ്, വോയിസ് കോള്‍, വീഡിയോ കോള്‍, ഡോക്യുമെന്റ് ഷെയറിംഗ് (വലിയ ഫയല്‍സ് ഉള്‍പ്പടെ) ലൊക്കേഷന്‍ ട്രാക്കിംഗ് ആന്‍ഡ് മാപ്പ്, ഇന്‍സ്റ്റന്റ് പര്‍ച്ചേസിംഗ് (എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും), ഇ-വാലറ്റ് എന്നിവ മുതല്‍ ഇ-ബാങ്കിംഗ് ഉള്‍പ്പടെയുള്ള സേവനം വരെ ഉള്‍പ്പെടുത്തുന്ന സമഗ്രമായ ആപ്പ്.

അത്തരത്തിലൊന്ന് വന്നാല്‍ വാട്‌സാപ്പ്, ടെലിഗ്രാം ഉള്‍പ്പടെ മികച്ച ഉപഭോക്തൃ അടിത്തറയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരക്കാരനായി 'എക്‌സ് ആപ്പ്' മാറും. ഇങ്ങനെ സംഭവിച്ചാല്‍ ആഗോള ടെക്ക് രംഗത്തെ ചക്രവര്‍ത്തിയായി എലോണ്‍ മസ്‌ക് മാറും എന്നതില്‍ സംശയമില്ല. ഒരു പക്ഷേ ആധുനിക ലോകത്തെ അതിപ്രബലനായ കോര്‍പ്പറേറ്റ് ഉടമയായി അദ്ദേഹം നിലകൊള്ളും. എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍ മസ്‌കിന് കടക്കേണ്ട കടമ്പകള്‍ ചെറുതല്ല. അതിന് വേണ്ടത് എന്‍ക്രിപ്റ്റഡ് കോഡിംഗ് എന്ന അതിനൂതന സോഫ്റ്റ് വെയര്‍ ആശയമാണ്. ഇക്കാര്യം ദി വെര്‍ജ് ഉള്‍പ്പടെയുള്ള ടെക്ക് മാധ്യമങ്ങളിലും വന്നിരുന്നു.

ട്വിറ്ററും എന്‍ക്രിപ്ഷനും

ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ചിലരെ മസ്‌ക് തിരിച്ചുവിളിച്ചത് ഒന്നും കാണാതെയല്ല. കോഡിംഗില്‍ മികവുള്ളവരെ വേണം. വെറും മികവ് പോരാ അതിബുദ്ധിന്മാമാര്‍ തന്നൊയിരിക്കണം എന്നും നിര്‍ബന്ധമുണ്ടായിരുന്നു. ട്വിറ്ററിന്റെ ഇപ്പോഴത്തെ പ്രോഗ്രാമിംഗ് ഘടനയിലുള്‍പ്പടെ മാറ്റം വരുത്താനാണെങ്കില്‍ എന്തിനാണ് ഈ തിരിച്ചുവിളി. മറ്റാരെങ്കിലും പോരെ എന്ന് തോന്നാം. എന്നാല്‍ ഇതിനു പിന്നിലും ചിന്തിക്കേണ്ട ചിലതുണ്ട്.

ട്വിറ്ററിന് 2019ല്‍ സംഭവിച്ച എന്‍ക്രിപ്ഷന്‍ പിഴവിന്റെ മൂലകാരണം കണ്ടെത്തി അത് പരിഹരിച്ച് പുതിയ പ്ലാറ്റ്‌ഫോം (എക്‌സ് ആപ്പ്) ഒരുക്കിയെടുക്കുക എന്ന ആഗ്രഹമാകണം മസ്‌കിന്റെ മനസില്‍. അതിന് രഹസ്യ സ്വഭാവം വേണമെന്ന മസ്‌കിന്റെ നിര്‍ബന്ധമാകാം ഈ 'കാടടച്ച് വെടിവെക്കുന്ന' നടപടികള്‍ക്ക് പിന്നില്‍. ഇത് ശരിയാണെന്ന് അടിവരയിടുന്ന മറ്റ് സംഭവങ്ങളുമുണ്ട്.

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളില്‍ മികച്ച എന്‍ക്രിപ്ഷനുള്ളത് എന്ന ഖ്യാതി നേടിയ 'സിഗ്നലിന്റെ' സൃഷ്ടാവായ മോക്‌സി മാര്‍ളിന്‍സ്‌പൈക്കുമായി മസക് അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാര്‍ളിന്‍സ്‌പൈക്ക് മുന്‍ ട്വിറ്റര്‍ ജീവനക്കാരന്‍ കൂടിയാണെന്നും ഓര്‍ക്കണം. ട്വിറ്ററിന് ഒരു ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം വിപുലീകരിക്കാന്‍ സ്‌പൈക്കിന്റെ എന്‍ക്രിപ്റ്റഡ് കോഡിംഗിലെ മികവ് 'വിലയ്‌ക്കെടുക്കാന്‍' പറ്റുമോ എന്നറിയാനായിരുന്നു കൂടിക്കാഴ്ച്ചയെന്നും സംശയമുയരുന്നുണ്ട്.

എന്നാല്‍ അദ്ദേഹത്തോട് ഒരു സഹായാഭ്യര്‍ത്ഥന നടത്തി എന്നാണ് മസ്‌കിന്റെ വിശദീകരണം. ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുമായി മസ്‌ക് ഇത്തരത്തില്‍ കൂടിക്കാഴ്ച്ച നടത്താന്‍ ശ്രമിച്ചുവെന്നും സൂചനകളുണ്ട്. ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ വോയിസ് കോളിംഗ് സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് തന്റെ ലക്ഷ്യമെന്ന് ഡോര്‍സി ട്വിറ്ററില്‍ കുറിച്ചപ്പോള്‍, 100 ശതമാനം യോജിക്കുന്നുവെന്ന് മസ്‌ക് പ്രതികരിച്ചിരുന്നു. പുതിയ മെസേജിംഗ് സേവനം ഉള്‍പ്പെടുത്തി ട്വിറ്റര്‍ 2.0 കൊണ്ടു വരും എന്നായിരുന്നു മസ്‌ക് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സംഗതി എക്‌സ് ആപ്പിന്റെ പണിപ്പുര വിപുലീകരിക്കാനുള്ള തന്ത്രങ്ങളായിരിക്കണം.

ആ 28കാരന്റെ സ്വപ്‌നം

1999ല്‍ സിപ്2 കോര്‍പ്പ് എന്ന കമ്പനിയുടെ സ്ഥാപകനായ 28 കാരന്‍ എക്‌സ്.കോം എന്നൊരു പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. എന്നിട്ട് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത് മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍, ബോണ്ടുകള്‍ എന്നിവ വരെ വാഗ്ദാനം ചെയ്യുന്ന ഒരു പൂര്‍ണ്ണമായ ബാങ്കിംഗ്, നിക്ഷേപ സേവന സൈറ്റായി എക്‌സിനെ വിഭാവനം ചെയ്തു. ആ 28 കാരന്‍ മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ എലോണ്‍ മസ്‌ക് തന്നെ.

എന്നാല്‍ പിന്നീട് എക്‌സിനെ പേപാല്‍ ഏറ്റെടുത്തു. അതായ്ത് ഈ എക്‌സ് എന്ന പ്ലാറ്റ്‌ഫോമിനെ ആധാരമാക്കിയാണ് പേപാല്‍ പ്രവര്‍ത്തിക്കുന്നത്. പിന്നീട് പേപാലിന്റെ 11 ശതമാനം ഓഹരികള്‍ മസ്‌കിന്റെ കരങ്ങളിലെത്തി. അതായത് ലോകത്തെ തന്നെ ഏറ്റവും വലിയ പേയ്‌മെന്റ് ഗേറ്റ് വേയുടെ ഓഹരിയുടമ. ഇതിന്റെ വിഹിതം കണക്കാക്കിയാല്‍ ഏറ്റവുമധികം ഓഹരി സ്വന്തമാക്കിയ വ്യക്തി മസ്‌കാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എക്‌സ് ഡോട്ട് കോം എന്ന ഡൊമെയ്‌നിന്റെ അവകാശം മസ്‌ക് സ്വന്തമാക്കി. ഇതോടെ ആഗോള ഇ-പേയ്‌മെന്റ് ഇടപാടുകളില്‍ മസ്‌ക് എന്ന വ്യക്തിക്കുള്ള സ്വാധീനം ചെറുതല്ല എന്ന് പിടികിട്ടിക്കാണുമല്ലോ ?

ഇനി ഈ പേയ്‌മെന്റ് സംവിധാനം ഉള്‍പ്പടെ ഇന്റഗ്രേറ്റ് ചെയ്ത സൂപ്പര്‍ ആപ്പ് കൂടി വന്നലോ ? സംശയം വേണ്ട മസ്‌ക് തന്നെ രാജാവ്. എന്നാല്‍ ഈ വസ്തുതകള്‍ വെച്ചുള്ള ഊഹങ്ങള്‍ സ്ഥിരീകരിക്കണമെങ്കില്‍ വരും ദിവസങ്ങളില്‍ മസ്‌ക് എടുക്കുന്ന ചുവടുവെപ്പുകള്‍ എന്താണെന്ന് കണ്ടു തന്നെ അറിയണം. എന്താണെങ്കിലും, ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മസ്‌കിനാണോ ഈ സൂപ്പര്‍ ആപ്പ് ഇറക്കാന്‍ പ്രയാസം.