image

11 Jan 2022 1:57 AM GMT

Technology

റെന്റ് എ കാര്‍

MyFin Desk

റെന്റ് എ കാര്‍
X

Summary

സ്വകാര്യ വാഹനത്തിന് വെളുപ്പില്‍ കറുപ്പിലാണ് എഴുത്തെങ്കില്‍ ടാക്‌സികള്‍ക്ക് കറുപ്പില്‍ വെളുപ്പ് എഴുത്താണ്. എന്നാല്‍ റെന്റ് എ കാറില്‍ ഇത് കറുപ്പില്‍ ഗോള്‍ഡന്‍ കളറിലാകും നമ്പര്‍ പ്ലേറ്റ്.


ഒരു യാത്രയ്ക്ക്, അല്ലെങ്കില്‍ കുറച്ചുനാളത്തേക്ക് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ഒരു വാഹനം വേണമെങ്കില്‍ അതിനായി ഒരു വാഹനം...

ഒരു യാത്രയ്ക്ക്, അല്ലെങ്കില്‍ കുറച്ചുനാളത്തേക്ക് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ഒരു വാഹനം വേണമെങ്കില്‍ അതിനായി ഒരു വാഹനം വാങ്ങുന്നത് മുതലാവില്ലെന്ന് അറിയാമല്ലോ. അപ്പോള്‍ എന്തുചെയ്യാം. നിരവധി സാധ്യതകള്‍ നമുക്ക് മുന്നില്‍ ഉണ്ടാകും. ഉദാഹരണത്തിന് വേണമെങ്കില്‍ വാഹനം വാടകയ്ക്ക് വിളിക്കാം. അല്ലെങ്കില്‍ പരിചയക്കാരുടേയോ ബന്ധുക്കളുടേയോ വാഹനം താല്‍ക്കാലികമായി നമുക്ക് എടുക്കാം. എന്നാല്‍ വാഹനം വാടകയ്ക്ക് വിളിക്കുമ്പോള്‍ നമുക്ക് വാടക ഓരോ ട്രിപ്പിനും നല്‍കേണ്ടി വരും. അത് ചിലപ്പോള്‍ സാമ്പത്തികമായി നഷടമാകാം. മാത്രവുമല്ല, നമ്മുടെ സൗകര്യത്തിന് അനുസരിച്ച് അത് ലഭ്യമാകണമെന്നോ ഇല്ല. പിന്നെ പരിചയക്കാരുടെ വാഹനം. അത് പലപ്പോഴും അവര്‍ക്ക് അത്യാവശ്യമുള്ള സമയമാണെങ്കില്‍ നമുക്ക് വാഹനം ലഭിക്കാതെയും വരും. അപ്പോള്‍ എന്താണ് പോംവഴി. റെന്റ് എ കാര്‍ എന്നതാണ് ഇപ്പോള്‍ അതിനുള്ള മറുപടി.

റെന്റ് എ കാര്‍ എന്നാല്‍ വാടകയ്ക്ക് വാഹനം എടുക്കുക എന്നത് തന്നെയാണ്. എന്നാലത് ടാക്‌സി സര്‍വ്വീസ് അല്ല. ഓട്ടത്തിനല്ല ഈ കാറിന് പൈസ നല്‍കേണ്ടത്. മറിച്ച് ദിവസ വാടകയ്‌ക്കോ മാസവാടകയ്‌ക്കോ വാര്‍ഷിക വാടകയ്‌ക്കോ കാറുകള്‍ നമുക്ക് വാടകയ്ക്ക് എടുക്കാം. ഗള്‍ഫില്‍ നിന്നും മറ്റും അവധിക്ക് നാട്ടിലെത്തുന്നവര്‍ ഏറെയും ഇപ്പോള്‍ ആശ്രയിക്കുന്നത് റെന്റ് എ കാര്‍ സംവിധാനത്തെയാണ്. ഓരോ കാറിനും ഓരോ താരിഫായിരിക്കും. ലക്ഷ്വറി കാറ് മുതല്‍ ചെറുകാറുകള്‍ വരെ ഇത്തരത്തില്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴുണ്ട്. പക്ഷെ വാഹനം നമ്മള്‍ തന്നെ ഓടിക്കണമെന്നുമാത്രം.
നിങ്ങള്‍ക്ക് ഡ്രൈവിംഗ് അറിയില്ല എങ്കില്‍ അറിയുന്ന ഒരാളെ നിങ്ങള്‍ക്ക് ഡ്രൈവറായി നിയോഗിക്കാം.

ഇനി നിങ്ങള്‍ക്ക് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വരെ ഒന്നുപോകണം എന്നുവെക്കുക. നിങ്ങളുടെ യാത്ര അവിടെ അവസാനിക്കുകയും തിരികെ നിങ്ങള്‍ വരുന്നില്ലെന്നുമാണെങ്കിലും ഇപ്പോള്‍ നിങ്ങള്‍ക്ക് റെന്റ് എ കാര്‍ സംവിധാനത്തെ ആശ്രയിക്കാവുന്നതാണ്. ഒരിടത്ത് നിന്ന് കാര്‍ എടുത്ത് മറ്റൊരിടത്തെ അവരുടെ ഷോറൂമുകളില്‍ കാര്‍ കൈമാറാനുള്ള സംവിധാനം ഇപ്പോള്‍ പല റെന്റ്് എ കാര്‍ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്.

നിശ്ചിത വാടകയ്ക്ക് എടുക്കുന്ന കാറിന്റെ മെയിന്റനന്‍സ് വാടകയ്ക്ക് എടുക്കുന്ന ആള്‍ നിര്‍വഹിക്കേണ്ടതില്ല. അതെല്ലാം കാര്‍ റെന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെ ചെയ്യും. എന്നാല്‍ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് വാടകയ്ക്ക് എടുക്കുന്ന ആള്‍ക്ക് ഉത്തരവാദിത്വമുണ്ടാകും. അതേസമയം തന്നെ ചില സ്ഥാപനങ്ങള്‍ ഇന്‍ഷൂറന്‍സ് ഉപയോഗിച്ച് വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ ശരിയാക്കാറുമുണ്ട്.

കാറുകള്‍ റെന്റ് ചെയ്യാന്‍ നിങ്ങള്‍ നല്‍കേണ്ടത് നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളുടെ കോപ്പികള്‍മാത്രമാണ്. ആധാര്‍, ലൈസന്‍സ്, വോട്ടോഴ്‌സ് ഐ ഡി കാര്‍ഡ് എന്നിവയുടെ കോപ്പികളാണ് ഇത്തരം സ്ഥാപനങ്ങള്‍ വാങ്ങാറ്. റെന്റ് എ കാര്‍ സംവിധാനത്തിലൂടെ എടുത്ത് കാറുകള്‍ പക്ഷെ സംസ്ഥാനം വിട്ട് പോകാന്‍ അനുമതി ഉണ്ടാകാറില്ല. അതിന് ഉടമകളുടെ പ്രത്യേക അനുമതി വേണ്ടിവരും. ജി പി ആര്‍ എസ് ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ച് നിരീക്ഷണത്തിലായിരിക്കും ഇത്തരം വാഹനങ്ങള്‍. മറ്റ് സംസ്ഥാനങ്ങളിലേക്ക് കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യുന്ന അതിനൂതനമായ സംവിധാനങ്ങളൊക്കെ ഘടിപ്പിച്ചതാണ് മിക്ക റെന്റ് എ കാറുകളും.

റെന്റ് എ കാറുകള്‍ തിരിച്ചറിയാനും എളുപ്പമാണ്. ഇത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്റെ നിറം സാധാരണ വാഹനങ്ങളില്‍ നിന്നും ടാക്‌സി വാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്. സ്വകാര്യ വാഹനത്തിന് വെളുപ്പില്‍ കറുപ്പിലാണ് എഴുത്തെങ്കില്‍ ടാക്‌സികള്‍ക്ക് കറുപ്പില്‍ വെളുപ്പ് എഴുത്താണ്. എന്നാല്‍ റെന്റ് എ കാറില്‍ ഇത് കറുപ്പില്‍ ഗോള്‍ഡന്‍ കളറിലാകും നമ്പര്‍ പ്ലേറ്റ്.

ഇനി അവധിക്ക് നാട്ടില്‍ വരുമ്പോഴോ കൂട്ടുകാരുമായി ഒന്നുകറങ്ങാനോ കാറില്ലെങ്കില്‍ വിഷമിക്കേണ്ട. അംഗീകൃത റെന്റ് കാര്‍ ഉടമകളുമായി ബന്ധപ്പെട്ടാല്‍ മാത്രം മതി. നിങ്ങളുടെ സൗകര്യത്തിന് ഉപയോഗിക്കാന്‍ കാര്‍ വീട്ടുമുറ്റത്ത് എത്തും.