12 Sep 2023 11:36 AM GMT
Summary
- ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച ഐഫോണ്‍ 15-ഉം വിപണിയിലെത്തും
- കഴിഞ്ഞ മാസമാണ് തമിഴ്‌നാട്ടിലെ കമ്പനിയുടെ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ ഐഫോണ്‍ 15 ഉല്‍പ്പാദനം ആരംഭിച്ചത്
ലോഞ്ച് ദിനത്തില്‍ തന്നെ ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 15 ആപ്പിള്‍ വില്‍ക്കും. ആദ്യമായിട്ടാണ് ' മെയ്ഡ് ഇന്‍ ഇന്ത്യ ' ഐഫോണ്‍ ലോഞ്ച് ദിനത്തില്‍ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 ലോഞ്ച് ചെയ്ത് ആഴ്ചകള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ഐഫോണ്‍ 14-ന്റെ ഉല്‍പ്പാദനം ആപ്പിള്‍ ആരംഭിച്ചത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും മറ്റ് ചില പ്രദേശങ്ങളിലുമായിരിക്കും ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 15 ലോഞ്ച് ദിനത്തില്‍ തന്നെ ആപ്പിള്‍ ലഭ്യമാക്കുക.
ഇന്ത്യയ്ക്കു പുറമെ ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച ഐഫോണ്‍ 15-ഉം വിപണിയിലെത്തും.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ആപ്പിള്‍ കഴിഞ്ഞ മാസമാണ് തെക്കന്‍ തമിഴ്‌നാട്ടിലെ കമ്പനിയുടെ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ ഐഫോണ്‍ 15 ഉല്‍പ്പാദനം ആരംഭിച്ചത്.
ഐഫോണ്‍ 15-ന്റെ ലോഞ്ചിനു ശേഷം ആപ്പിള്‍ ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 13 മിനി തുടങ്ങിയ മോഡലുകളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വില്‍പ്പനയിലുണ്ടായ ഇടിവാണ് കാരണം.
ഐഫോണ്‍ 13 മിനി മോഡലിന്റെ വില്‍പ്പന മറ്റ് ഐഫോണ്‍ മോഡലുകളേക്കാള്‍ കുറവാണെന്നാണ് , ഗവേഷണ സ്ഥാപനമായ സിഐആര്‍പിയുടെ ഡാറ്റ ഉദ്ധരിച്ച് മാക്‌റൂമേഴ്‌സ് പറയുന്നത്.
2022 ന്റെ ആദ്യ പാദത്തില്‍ യുഎസില്‍ മൊത്തം ഐഫോണ്‍ 13 വില്‍പ്പനയുടെ ഏകദേശം 3 ശതമാനം മാത്രമായിരുന്നു ഐഫോണ്‍ 13 മിനി മോഡലിന്റെ വില്‍പ്പന. 2021-ലാണ് ആപ്പിള്‍ ഐഫോണ്‍ 13 പതിപ്പ് പുറത്തിറക്കിയത്.
ഒരു വര്‍ഷത്തിനു ശേഷം ആപ്പിള്‍ സാധാരണയായി അതിന്റെ പ്രോ മോഡലുകളുടെ നിര്‍മാണം ഉപേക്ഷിക്കാറുണ്ട്. ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നിവയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്.