24 Nov 2023 6:26 AM
ഫോണ്‍ ചോര്‍ത്തുന്നെന്ന് സന്ദേശം: ആപ്പിള്‍ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്ക്
MyFin Desk
Summary
ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആപ്പിളിന്റെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഇന്ത്യയില്‍ ഉടനെത്തും. കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകരായ പ്രമുഖ നേതാക്കളുടെയും, പാര്‍ലമെന്റംഗങ്ങളുടെയും, മാധ്യമ-സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണ്‍ ഭരണകൂടം ചോര്‍ത്താന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാണിച്ച് ആപ്പിള്‍ കമ്പനിയുടെ ഇ-മെയില്‍ ലഭിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അതേ കുറിച്ച് അന്വേഷിക്കാനാണ് ആപ്പിള്‍ സംഘം ഇന്ത്യയിലെത്തുന്നത്.
' സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണകാരികള്‍ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം ' എന്നായിരുന്നു ആപ്പിളിന്റെ സന്ദേശം.
ഒക്ടോബര്‍ 31-നാണു നേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ആപ്പിളിന്റെ ഇ-മെയില്‍ ഇത്തരത്തില്‍ ലഭിച്ചതായി ചൂണ്ടിക്കാണിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ നിരവധി പാര്‍ലമെന്റംഗങ്ങള്‍ക്ക് ആപ്പിളില്‍നിന്നും ലഭിച്ച അറിയിപ്പിനെ തുടര്‍ന്നു കമ്പനിക്കു കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട് ആപ്പിള്‍.
കമ്പ്യൂട്ടര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അവയെ കുറിച്ച് അന്വേഷിക്കുന്ന ദേശീയ നോഡല്‍ ഏജന്‍സിയാണ് സിഇആര്‍ടി-ഇന്‍.