image

15 May 2023 9:17 AM GMT

Technology

ആപ്പിളിനു വേണ്ടി ഐഫോണ്‍ 15 നിര്‍മിക്കാന്‍ ടാറ്റ

MyFin Desk

tata apple iphone 15
X

Summary

  • ഈ വര്‍ഷം സെപ്റ്റംബറിലാണ് ആപ്പിള്‍ ഐഫോണ്‍ 15 പുറത്തിറക്കുക
  • വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ ഇന്ത്യയിലെ പ്രൊഡക്ഷന്‍ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു
  • ആപ്പിളിനു വേണ്ടി മൂന്ന് കമ്പനികളാണ് ഇപ്പോള്‍ ഐഫോണ്‍ നിര്‍മിക്കുന്നത്


സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഭീമനായ ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ ടാറ്റ ഗ്രൂപ്പ് നിര്‍മിക്കും. ഈ വര്‍ഷം സെപ്റ്റംബറിലാണ് ആപ്പിള്‍ ഐഫോണ്‍ 15 പുറത്തിറക്കുക. ഐഫോണ്‍ 14 ആണ് ആപ്പിള്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍.

ആപ്പിളിനു വേണ്ടി മൂന്ന് കമ്പനികളാണ് ഇപ്പോള്‍ ഐഫോണ്‍ നിര്‍മിക്കുന്നത്. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ലക്‌സ്‌ഷെയര്‍ തുടങ്ങിയവയാണ് അവ. ഇനി ഐഫോണ്‍ നിര്‍മിക്കുന്ന നാലാമത്തെ കമ്പനിയാകും ടാറ്റ.

ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും ഐഫോണ്‍ 15. അവയിലൊന്ന് ആപ്പിളിന്റെ ബയോണിക് എ16 ചിപ്‌സെറ്റ് ഐഫോണ്‍ 15-ന് ഉണ്ടായിരിക്കുമെന്നതാണ്. ഉയര്‍ന്ന ഫെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുമെന്നതാണ് ഈ ചിപ്‌സെറ്റിന്റെ ഒരു പ്രത്യേകത.

തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചററായ വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ ഇന്ത്യയിലെ ബെംഗളുരുവിലെ പ്രൊഡക്ഷന്‍ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് 5000 കോടി രൂപയുടെ ഇടപാടിലൂടെ ഏറ്റെടുത്തിരുന്നു. ഇതാണ് ഐ ഫോണ്‍ നിര്‍മിക്കാനുള്ള സാധ്യത ടാറ്റയ്ക്ക് ലഭിച്ചതിനു പിന്നിലുള്ള കാരണമെന്നു സൂചനയുണ്ട്. ഐഫോണ്‍ 14, ഫെഫോണ്‍ 12 തുടങ്ങിയവ വിസ്‌ട്രോണിന്റെ ബെംഗളുരു പ്ലാന്റിലാണു നിര്‍മിച്ചത്.

ടാറ്റ ഗ്രൂപ്പ് ഐഫോണ്‍ നിര്‍മാണം ഏറ്റെടുക്കുന്നതോടെ ആപ്പിള്‍ ഇന്ത്യയില്‍ അതിന്റെ മാനുഫാക്ചറിംഗ് അടിത്തറ സാവധാനം വികസിപ്പിക്കുകയാണ്. അതുവഴി നിര്‍മാണത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യയില്‍ ടാറ്റ ക്രോമയിലൂടെ ആപ്പിളിന്റെ 100 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ ഉടന്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ടാറ്റ സണ്‍സ്.

സമീപകാലത്ത് ആപ്പിള്‍ സിഇഒ ടിം കുക്ക് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ടാറ്റ സണ്‍സ് ചെയര്‍മാനായ എന്‍. ചന്ദ്രശേഖരനുമായും ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.